|    Apr 26 Thu, 2018 7:44 am
FLASH NEWS

മേയറെ ക്ഷണിക്കാതിരുന്നതിനെ അപലപിച്ച് കൗണ്‍സില്‍ യോഗം

Published : 21st February 2016 | Posted By: SMR

കോഴിക്കോട്: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ തന്നെ ക്ഷണിച്ചില്ലെന്ന് മേയര്‍ വികെസി മമ്മദ്‌കോയ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സ്വീകരിക്കാന്‍ വിക്രം മൈതാനത്ത് മേയര്‍ എത്തിയില്ലെന്നത് ചൂണ്ടിക്കാട്ടി കൗണ്‍സിലര്‍ നമ്പിടിനാരായണനാണ് ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നത്.

പ്രധാനമന്ത്രിയെ സ്വീകരികരിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. അദ്ദേഹം എത്തുന്നതിന് തലേന്ന് രാത്രി കലക്ടറുടെ പി എ വിളിച്ച് പാസ് എവിടെ എത്തിക്കണം എന്നു ചോദിച്ചു. അല്ലാതെ തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് ബന്ധപ്പെട്ടവര്‍ വിവരമറിയിച്ചിട്ടില്ലെന്ന് മേയര്‍ വ്യക്തമാക്കി. മേയറെ ഒഴിവാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് വിഷയത്തില്‍ അപലപിച്ചു കൗണ്‍സില്‍ അറിയിച്ചു. ഇത് ജനാധിപത്യ സംവിധാനത്തോടുള്ള തുടര്‍ച്ചയായ വെല്ലുവിളിയാണെന്ന് യോഗം നിരീക്ഷിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പ്രവര്‍ത്തനം സങ്കീര്‍ണമാക്കുമെന്ന് കൗണ്‍സിലര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍. പദ്ധതിപ്രവര്‍ത്തില്‍ കാലത്താമസം വരുത്തുമെന്നും അതിനാല്‍ ഉത്തരവില്‍ മാറ്റം വരുത്തുന്നതിനായി സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നായിരുന്നു ശ്രദ്ധക്ഷണിക്കലില്‍ ആവശ്യപ്പെട്ടത്. വിഷയം പ്രമേയമാക്കി സര്‍ക്കാരിലേക്ക് അവതരിപ്പിക്കാമെന്ന് മേയര്‍ അറിയിച്ചു. സീബ്രാലൈന്‍ മാഞ്ഞുപോയതോടെ കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടിലാവുന്നതായി അനിത അറിയിച്ചു. തെരുവുനായശല്യം ചൂണ്ടിക്കാട്ടി അഡ്വ. വിദ്യാബാലകൃഷ്ണനും ശ്രദ്ധക്ഷണിക്കല്‍കൊണ്ടുവന്നു.
എബിസി പദ്ധതിയുടെ ടെന്‍ഡര്‍ പൂര്‍ത്തീയായി കഴിഞ്ഞതായും കാംപ് നടത്തുന്ന ഡോ. ദിനേശന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍ അറിയിച്ചു. ദേശീയപാത വയനാട് റോഡില്‍ അടിക്കടിയുണ്ടാവുന്ന ഗതാഗതസ്തംഭനം ടി സി ബിജുരാജ് കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു. ശാശ്വതപരിഹാരമായി എരഞ്ഞിപ്പാലത്ത് ഫ്‌ളൈഓവര്‍ നിര്‍മിക്കുന്നതും ചൂണ്ടിക്കാട്ടി. അഴുക്കുചാല്‍ മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കെ നിര്‍മല ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നു. മഴക്കാലത്തിനുമുമ്പ് വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കുന്നതിനായി അറിയിപ്പ് നല്‍കിയതായി സെക്രട്ടറി അറിയിച്ചു. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് മുകളില്‍ പരസ്യം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കിഷന്‍ചന്ദ് ശ്രദ്ധയില്‍പ്പെടുത്തി.
നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനം ഇല്ലാതാവുകയാണെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് സെക്രട്ടറി മറുപടി നല്‍കി. ബേപ്പൂര്‍ വികസനവുമായി ബന്ധപ്പെട്ട് പേരോത്ത് പ്രകാശനും മലപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിടി സത്യനും കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു.
റെയില്‍വേ സ്ഥലം പൊതുജനങ്ങള്‍ക്ക് ഫുട്പാത്തായി ഉപയോഗിക്കുന്നതിന് 1937ല്‍ കോഴിക്കോട് നഗരസഭയും റെയില്‍വേയും തമ്മിലുള്ള ലീസ് വ്യവസ്ഥ റെയില്‍വേ ഏകപക്ഷീയമായി വര്‍ധിപ്പിച്ചതിനെതിരായ അജണ്ടയില്‍ പ്രധാനമന്ത്രിയെ കണ്ട് വിഷയം അവതരിപ്പിക്കാനും നഗരസഭയെ കുടിശ്ശികയില്‍ നിന്ന് ഒഴിവാക്കുന്നതിനുമായി സര്‍വകക്ഷിസംഘം ഡല്‍ഹിയിലേക്ക് പോവണമെന്ന് അഭിപ്രായമുയര്‍ന്നു. റെയില്‍വേ അധികൃതരുമായി സംസാരിക്കാമെന്നും സര്‍ക്കാരിന് നിവേദനം നല്‍കാമെന്നും മേയര്‍ അറിയിച്ചു. കോര്‍പറേഷന്‍ ക്ഷേമപെന്‍ഷനുകള്‍ തപാല്‍വഴി പുനസ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് അഡ്വ. കെ സീനത്ത് അടിയന്തര പ്രമേയം ആവശ്യപ്പെട്ടു.
കോര്‍പറേഷന്റെ പ്രതീക്ഷിതവരുമാനം 26 കോടിയും ചെലവ് 33 കോടിയുമാണെന്ന് മേയര്‍ അറിയിച്ചു. പെന്‍ഷന്‍ വകയില്‍ 36 കോടി സംസ്ഥാനസര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. തോമസ് മാത്യു, ബാബുരാജ്, ഉഷാദേവി ടീച്ചര്‍, കെടി ബീരാന്‍ കോയ, പി ബിജുലാല്‍, സി അബ്ദുറഹ്മാന്‍, എം എം പത്മാവതി, കെ സി ശോഭിത, എന്‍ സതീഷ് കുമാര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss