|    Jan 22 Sun, 2017 3:08 am
FLASH NEWS

മേപ്പറമ്പ് ഉപതിരഞ്ഞെടുപ്പ് നാളെ

Published : 20th October 2016 | Posted By: SMR

പാലക്കാട്:   നഗരസഭയില്‍  മേപ്പറമ്പ് വാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ നിലവിലെ ജേതാക്കളും നഗരം കൈയ്യാളുന്നവരുമായ ബിജെപിക്ക് വെല്ലുവിളിയാവുമെന്ന് സൂചന. നാളെ നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് മൂന്ന് മുന്നണികളിലേയും സ്ഥാനാര്‍ഥികള്‍ ഇതിനകം തന്നെ പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പ്രിയയാണ് നേരിയ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇവര്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിലെ ഒഴിവിലേക്കാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.മുസ്‌ലിം ലീഗിന് നല്ല വേരോട്ടമുള്ള ഈ വാര്‍ഡില്‍ സിപിഎം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയത് ലീഗിലും യുഡിഎഫിലും കലാപ കൊടി ഉയര്‍ത്തിയിരുന്നു. സിപിഎം സ്ഥാനാര്‍ഥിയായിരുന്നു വിജയിച്ച ബിജെപിക്ക് തൊട്ടു പിറകിലെത്തിയത്. മുസ്‌ലിം ലീഗിന് റിബല്‍ സ്ഥാനാര്‍ഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടായതാണ് യുഡിഎഫ് പരാജയപ്പെടാന്‍ ഇടയാക്കിയത്. അതിനാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ എല്ലാ പഴുതുകളും അടച്ചാണ് യുഡിഎഫ് പോരാട്ടത്തിനിറങ്ങുന്നതെന്ന് ലീഗ് നേതാവ് എം കാജാഹുസൈന്‍ തേജസിനോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയായി സാജിദയും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉഷ മുരളിയും, ബിജെപി സ്ഥാനാര്‍ഥിയായി ഇ എ ശാന്തിയുമാണ് മല്‍സര രംഗത്തുള്ളത്.  ബിജെപിക്ക് നഗരസഭയിലെ ഭരണപരാജയവും വാര്‍ഡിലെ മുന്‍ ബിജെപി കൗണ്‍സിലറും മുന്‍ ബിജെപി മണ്ഡലം പ്രസിഡന്റുമായ വടക്കന്തറ ബേബിയുടെ നിസഹകരണവുമാണ് ഏറെ വെല്ലുവിളിയായിരിക്കുന്നത്. വാര്‍ഡിന്റെ തൊട്ടടുത്ത് കിടക്കുന്നതും ബിജെപിക്ക് ഏറെ സ്വാധിനവുമുള്ള മൂത്താന്തറയില്‍ നിന്നുള്ള നേതാക്കളെ മാറ്റി നിര്‍ത്തി കല്‍പ്പാത്തിയില്‍ നിന്നുള്ള മുന്‍ കൗണ്‍സിലര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നല്‍കിയതിലും പാര്‍ട്ടി അണികളില്‍ അമര്‍ഷം ഉടലെടുത്തിട്ടിട്ടുണ്ട്. ഈ പോര് മുതലാക്കാനായി എല്‍ഡിഎഫ് മൂത്താന്തറയില്‍ നിന്നു തന്നെയുള്ള ഉഷ മുരളിയെ സ്ഥാനാര്‍ഥിയാക്കിയതും ബിജെപിക്ക് വെല്ലു വിളിയാണ്. മാലിന്യ പ്രശ്‌നം കൊതുക് ശല്യം,മനുഷ്യ ജീവന്് വെല്ലുവിളി ഉയര്‍ത്തുന്ന പേപ്പട്ടിശല്യവു മെല്ലാം നഗര ഭരണത്തിന്റെ പോരായ്മകളാണെന്ന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ ആരോപിക്കുന്നു. രാജ്യവ്യാപകമായി സംഘപരിവാരം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളും മുസ്‌ലിം ജന വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡില്‍ യുഡിഎഫിന് സ്വാധീനം ചെലുത്തുമെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പ്്് ഫലം നഗര സഭ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്്്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക