|    Sep 22 Sat, 2018 10:10 pm
FLASH NEWS

മേനംകുളത്തെ ഗ്യാസ് ഫില്ലിങ് സമരം: പാചകവാതക വിതരണം താറുമാറായി

Published : 11th January 2017 | Posted By: fsq

 

കഴക്കൂട്ടം: മേനംകുളത്തെ ഭാരത് പെട്രോളിയം ഫില്ലിങ് പ്ലാന്റിലെ (ബിപിസിഎല്‍) കയറ്റിറക്കു തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്കിറങ്ങിയതോടെ അഞ്ചു ജില്ലകളിലേക്കുള്ള പാചക വാതക വിതരണം താറുമാറായി. ഓണത്തിനു ലഭിക്കേണ്ട ബോണസ് ഇനിയും ലഭിക്കാത്തതിലും കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കാന്‍ വൈകുന്നതിലും പ്രതിഷേധിച്ചാണു വിവിധ യൂനിയനുകളില്‍പ്പെട്ട മുഴുവന്‍ കയറ്റിറക്കു തൊഴിലാളികളും കഴിഞ്ഞദിവസം മുതല്‍ പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കുന്നതിനു മുമ്പ് വിവിധ യൂനിയന്‍ നേതാക്കള്‍ ലോറി കരാറുകാരുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി കിട്ടാത്തതിനാലാണു സമരത്തിന് ഇറങ്ങിയതെന്നാണു യൂനിയന്‍ പ്രതിനിധികള്‍ പറയുന്നത്. ബോണസ് നല്‍കാത്തതിലും ബോണസ് തുക 20 ശതമാനം ആക്കണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു കഴിഞ്ഞ സപ്തംബറില്‍ തൊഴിലാളികള്‍ സമരം നടത്തിയിരുന്നു. അന്നും നിരവധി ദിവസം അഞ്ചു ജില്ലകളിലേക്കുമുള്ള സിലിണ്ടര്‍ വിതരണം മുടങ്ങി. അന്ന് പ്രശ്‌നത്തിനു പരിഹാരം കാണാതായതോടെ തൊഴിലാളികളും ലോറി കരാറുകാരും കോടതിയെ സമീപിച്ചു. പ്രശ്‌നത്തില്‍ 12 ശതമാനം ബോണസ് 2016 തീരുന്നതിനു മുമ്പ് തൊഴിലാളികള്‍ക്ക് നല്‍കണമെന്നു കോടതി ഉത്തരവിട്ടു. ഇതിനെ തുടര്‍ന്നു തൊഴിലാളികള്‍ സമരം പിന്‍വലിച്ച് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. ജനുവരി 10 ആയിട്ടും കോടതിവിധിയില്‍ തീരുമാനമാവാത്തതോടെയാണു വീണ്ടും തൊഴിലാളികള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം ജില്ലകളിലേക്ക് ഇവിടെ നിന്നാണ് സിലിണ്ടര്‍ എത്തിക്കുന്നത്. ആദ്യ മൂന്ന് ജില്ലകളിലേക്ക് ഈ പ്ലാന്റില്‍ നിന്നാണു പോവുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിലേക്ക് ഇവിടെ നിന്നുള്ള വിതരണം ഭാഗികമാണ്. സമരം തുടങ്ങിയതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലേക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിതരണം പൂര്‍ണമായി സ്തംഭിച്ച നിലയിലാണ്്. ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി എന്നീ തൊഴിലാളി സംഘടനകളിലുള്ള 72 പേരാണ് പ്ലാന്റില്‍ പണിയെടുക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss