|    Jan 21 Sat, 2017 11:59 am
FLASH NEWS

മേനംകുളം എല്‍പിജി പ്ലാന്റില്‍ തൊഴില്‍ സമരം ; ജില്ലയിലേക്കുള്ള സിലിണ്ടര്‍ നീക്കം പൂര്‍ണമായി നിലച്ചു

Published : 30th September 2016 | Posted By: Abbasali tf

കഴക്കൂട്ടം: മേനംകുളം എല്‍പിജി പാചകവാതക പ്ലാന്റിലെ കയറ്റിറക്കു തൊഴിലാളികള്‍ക്ക് ഓണ ബോണസ് കിട്ടാത്തതിനെ തുടര്‍ന്നു വിവിധ യൂനിയനില്‍പ്പെട്ട തൊഴിലാളികള്‍ പ്ലാന്റിന് മുന്നില്‍ സമരം ആരംഭിച്ചു. ഇതോടെ തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്കു സിലണ്ടര്‍ നീക്കം പൂര്‍ണമായി നിലച്ചു. സമരം മൂന്നാംദിവസം പിന്നിട്ടതോടെ അഞ്ചു ജില്ലകളിലെ എട്ടു ലക്ഷത്തോളം വരുന്ന പാചകവാതക ഉപഭോക്താക്ക ള്‍ ആശങ്കയിലായി. മാത്രമല്ല ഓണക്കാലം കഴിഞ്ഞ ശേഷം പല ഗ്യാസ് ഏജന്‍സികളിലും സ്‌റ്റോക്ക് പൂര്‍ണമായും തീര്‍ന്ന അവസ്ഥയിലാണ്. വിവിധ യൂനിയനില്‍പ്പെട്ട 72 തൊഴിലാളികളാണു ഹര്‍ത്താലിന്റെ തലേദിവസം വൈകീട്ടു മൂന്നു മുതല്‍ സമരം ആരംഭിച്ചത്. മുഴുവന്‍ തൊഴിലാളികള്‍ക്കും 20,000 രൂപ ബോണസ് ആവശ്യപ്പെട്ടാണു സംയുക്ത ട്രേഡ് യൂനിയനുകള്‍ സമരം ആരംഭിച്ചത്. എന്നാല്‍ ഇവര്‍ നടത്തുന്ന സമരം ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു തൊഴില്‍വകുപ്പ് അധികൃതരുടെ വാദം. ഇതില്‍ കുറച്ചു പേര്‍ മതിയായ ദിവസം ജോലി ചെയ്തിട്ടുള്ളവരല്ലാത്തതിനാല്‍ ബോണസിന് അര്‍ഹരെല്ലന്നാണ് അവര്‍ പറയുന്നത്. 216 ദിവസത്തിലധികം ഹാജരുള്ളവര്‍ക്കു മാത്രമേ 20000 രൂപ ബോണസിന് അര്‍ഹതയുള്ളൂവെന്നും ബാക്കിയുള്ളവര്‍ക്കു ജോലി ചെയ്തതിന് ആനുപാതികമായിട്ടു മാത്രമേ ബോണസ് നല്‍കാന്‍ കഴിയൂവെന്നാണു തൊഴില്‍വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതംഗീകരിക്കാന്‍ കരാറുകരായ ട്രക്ക് ഉടമകളും തയ്യാറാണ്. എന്നാല്‍ തൊഴിലാളി യൂനിയനുകള്‍ തയ്യാറല്ല. 1995 മുതല്‍ നല്‍കിവരുന്ന ബോണസായ 20000 രൂപ എല്ലാ പേര്‍ക്കും കിട്ടണമെന്നാണു തൊഴിലാളികളുടെ പക്ഷം. പ്ലാന്റില്‍ അടിസ്ഥാന ശമ്പളത്തിനല്ല തങ്ങള്‍ ജോലി ചെയ്യുന്നതെന്നും ഒരു സിലിണ്ടര്‍ ഇറക്കുന്നതിനും കയറ്റുന്നതിനും 2.40 രൂപയാണു ലഭിക്കുന്നതെന്നും തൊഴിലാളികള്‍ പറയുന്നു. മുഴുവന്‍ സിലണ്ടറുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് 72 തൊഴിലാളികള്‍ തന്നെയാണ്. അതിനാല്‍ ഹാജര്‍നില നോക്കി ബോണസ് നിശ്ചയിക്കേണ്ടെന്നും ചെയ്ത ജോലിക്കുള്ള തുകയുടെ 20 ശതമാനം ബോണസ് നല്‍കണമെന്നുമാണു തൊഴിലാളികള്‍ പറയുന്നത്.  ഇതില്‍ കുറവു വന്നതോടെയാണ് ഓണത്തിന് ആരും തുക കൈപ്പറ്റാതെ ദിവസങ്ങള്‍ കഴിഞ്ഞു സമരത്തിലേക്കു നീങ്ങിയത്. 306 സിലിണ്ടറുകളുമായി 45 ലോറികളാണ് ദിവസവും പ്ലാ ന്റില്‍ നിന്നു പുറപ്പെടുന്നത്. ഇതോടെ 13000 സിലണ്ടറുകളുടെ വിതരണമാണു നിലച്ചത്. സമരം നീണ്ടുപോവാതിരിക്കാന്‍ ഇന്ന് ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍ തൊഴിലാളി നേതാക്കള്‍ ചര്‍ച്ച നടന്നുണ്ട്. ഓണക്കാലമാവുമ്പോള്‍ ബോണസ് സംബന്ധമായ പണിമുടക്ക് ഇവിടെ തുടര്‍ക്കഥയാവുന്നുണ്ട്. ഇതില്‍ വെട്ടിലാവുന്നത് ആയിരക്കണക്കിനു പാചകവാതക ഉപഭോക്താക്കളാണ്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ തൊഴില്‍ വകുപ്പിന്റെ ഭാഗത്തു നിന്ന് വേണ്ടവിധത്തില്‍ ഇടപെടലുകള്‍ ഉണ്ടാവണമെന്നു ശക്തമായ ആവശ്യം ഉയരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക