|    Oct 23 Mon, 2017 4:41 am
Home   >  Todays Paper  >  page 7  >  

മേധ പട്കര്‍ അറസ്റ്റില്‍

Published : 8th August 2017 | Posted By: fsq

 

ഇന്‍ഡോര്‍: നര്‍മദ ബചാവോ ആന്ദോളന്‍ നേതാവ് മേധ പട്കര്‍ അടക്കം അഞ്ചു പേരെ ധര്‍ പോലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. സര്‍ദാര്‍ സരോവര്‍ പദ്ധതി മൂലം കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് 12 ദിവസമായി മേധയും കൂട്ടരും നിരാഹാരസമരം നടത്തിവരുകയായിരുന്നു. പോലിസിനെതിരേ ചിക്കാല്‍ഡ ഗ്രാമത്തില്‍ ഉപരോധം തീര്‍ത്ത പ്രക്ഷോഭകരെ വകവയ്ക്കാതെ പോലിസ്, മേധ പട്കറെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ചെറിയ തോതില്‍ ബലം പ്രയോഗിച്ചു. ഉപവാസ സമരം നടത്തിയ തന്നെയും സഹപ്രവര്‍ത്തകരെയും പോലിസ് അറസ്റ്റ് ചെയ്തുവെന്ന് മേധ പട്കര്‍ പറഞ്ഞു. യാതൊരു ചര്‍ച്ചയും നടത്താതെ ശിവരാജ് സിങ് ചൗഹാന്റെയും മോദിയുടെയും സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഗാന്ധിജിയുടെ സ്വപ്‌നങ്ങളുടെ വധമാണെന്നും അവര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. അധികാരസ്ഥാനത്തിരിക്കുന്നവര്‍ ബാബാസാഹെബ് അംബേദ്കര്‍ രൂപപ്പെടുത്തിയ ഭരണഘടനയില്‍ വിശ്വാസം അര്‍പ്പിക്കാത്തവരാണെന്നും, ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും പട്കര്‍ പറഞ്ഞു. അതേസമയം, പോലിസിന്റെ കടന്നുകയറ്റത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടക്കം 12 പേര്‍ക്ക് പരിക്കേറ്റതായും നര്‍മദ ബചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. മേധ പട്കറെയും കൂട്ടാളികളെയും പോലിസ് അകമ്പടിയോടെ ആംബുലന്‍സിലാണ് പ്രക്ഷോഭസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക