|    Sep 21 Fri, 2018 3:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മേജര്‍ ലിതുല്‍ ഗോഗോയി കുറ്റക്കാരനെന്ന് കണ്ടെത്തി; സൈനിക വിചാരണയുണ്ടാവും

Published : 28th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഹോട്ടലില്‍ എത്തി ജീവനക്കാരുമായി പ്രശ്‌നമുണ്ടാക്കിയതിന് ജമ്മുകശ്മീരില്‍ പിടിയിലായ മേജര്‍ ലിതുല്‍ ഗോഗോയി കുറ്റക്കാരനാണെന്നു സൈനിക കോടതി കണ്ടെത്തി. ഇതോടെ, വിവാദ മേജര്‍ കോര്‍ട്ട് മാര്‍ഷല്‍ ഉള്‍പ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികള്‍ നേരിടേണ്ടി വരും. സൈന്യം നടത്തിയ അന്വേഷണത്തില്‍ ഗോഗോയി കുറ്റക്കാരനെന്നു കണ്ടെത്തിയെന്നും അച്ചടക്കനടപടി നേരിടേണ്ടി വരുമെന്നുമാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനുള്ള ഉത്തരവും ഇറങ്ങിക്കഴിഞ്ഞു.
സൈനിക അച്ചടക്കത്തിന് വിരുദ്ധമായി പ്രാദേശിക വ്യക്തിയുമായി സൗഹൃദം ഉണ്ടാക്കിയെന്നും ജോലിയിലായിരിക്കെ തന്നെ സ്ഥലത്തുനിന്ന് അകലേക്കു വിട്ടു നിന്നു എന്നതുമാണ് അന്വേഷണത്തിനൊടുവില്‍ ഗോഗോയിക്കു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായി ഹോട്ടലില്‍ എത്തുകയും ജീവനക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഗോഗോയിയെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്.
ഇയാളെ സൈനിക കോടതിയില്‍ വിചാരണ നടത്തി അന്വേഷണത്തിനു ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നു കരസേന വ്യക്തമാക്കിയിരുന്നു. മേജര്‍ ഗോഗോയി കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കുമെന്നു കരസേനാ മേധാവി ബിപിന്‍ റാവത്തും പറഞ്ഞിരുന്നു.
കശ്മീരില്‍ കല്ലേറ് തടുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിനു മുന്നില്‍ കെട്ടിയിട്ടതിലൂടെ കുപ്രസിദ്ധി നേടിയ സൈനിക ഉദ്യോഗസ്ഥനാണ് മേജര്‍ ഗോഗോയി.
മെയ് 23നാണ് ശ്രീനഗറിലെ ഒരു ഹോട്ടലില്‍ നിന്നു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കൊപ്പം മേജര്‍ ഗോഗോയിയെ പിടികൂടിയത്. ഹോട്ടല്‍ ജീവനക്കാര്‍ മേജറിനൊപ്പം എത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതോടെ ഇയാള്‍ ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഹോട്ടലില്‍ പ്രദേശവാസികള്‍ കൂടുകയും ഇയാളെ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
എന്നാല്‍, മേജര്‍ ഗോഗോയിയെ തിരിച്ചറിഞ്ഞ പോലിസ് ഇയാളെ വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് കശ്മീരില്‍ കല്ലേറ് പ്രതിരോധിക്കാനായി ഫാറൂഖ് അഹ്മദ് ധാര്‍ എന്ന യുവാവിനെ ഗോഗോയി മനുഷ്യകവചമായി ജീപ്പിനു മുന്നില്‍ കെട്ടിവച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ പടര്‍ന്നതോടെ സംഭവം വിവാദമായി. സംഭവത്തില്‍ ഗോഗോയിക്കെതിരേ പോലിസ് കേസെടുത്തെങ്കിലും സൈന്യം ഇയാള്‍ക്ക് ശുദ്ധിപത്രം നല്‍കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss