|    Aug 24 Thu, 2017 4:51 am
FLASH NEWS
Home   >  Pravasi   >  

മേജര്‍ ഇവന്റ്‌സ് സുരക്ഷാ സമ്മേളനം നവംബറില്‍

Published : 13th August 2017 | Posted By: fsq

 

ദോഹ: ഇന്റര്‍പോളിന്റെ സഹകരണത്തോടെ ഖത്തര്‍ സംഘടിപ്പിക്കുന്ന പ്രഥമ മേജര്‍ ഇവന്റ്‌സ് സുരക്ഷാ സമ്മേളനം ഈ നവംബറില്‍ ദോഹയില്‍ നടക്കും.  ഇതിനോടനുബന്ധിച്ച് പുതിയ വെബ്‌സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയം ആസ്ഥാനത്ത് കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ പൊതുസുരക്ഷാ ഡയറക്ടര്‍ ജനറല്‍ സ്റ്റാഫ് മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രാലയത്തിലെ ഇന്റര്‍പോള്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്‍ അസീസ് അബ്ദുല്ല അല്‍അന്‍സാരി, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്‍മുഫ്ത, ഇന്റര്‍പോള്‍ പോലിസ് സര്‍വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടിം മോറിസ്, ഇന്റര്‍പോള്‍ സ്‌റ്റേഡിയ പ്രൊജക്റ്റ് ജനറല്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ ഫലാഹ് അല്‍ദോസരി എന്നിവര്‍ പങ്കെടുത്തു. ഖത്തറും ഇന്റര്‍പോളും തമ്മിലുള്ള സഹകരണത്തിന്റെ വിജയകരമായ ഫലപ്രാപ്തിയാണ് സ്റ്റേഡിയ പ്രൊജക്‌റ്റെന്ന് ക്യാപ്റ്റന്‍ ഫലാഹ് അല്‍ദോസരി പറഞ്ഞു. 2012ല്‍ ഖത്തറും ഇന്റര്‍പോളും തമ്മില്‍ പത്തുവര്‍ഷത്തെ സഹകരണ കരാര്‍ ഒപ്പുവച്ചിരുന്നു. 2022വരെയാണ് കരാറിന്റെ കാലാവധി. പ്രധാനപ്പെട്ട കായിക ഇനങ്ങള്‍ ഉള്‍പ്പെടെ വലിയ പരിപാടികള്‍ക്ക് ആതിഥ്യം വഹിക്കുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ സുരക്ഷാക്രമീകരണങ്ങളും സൗകര്യങ്ങളും സംബന്ധിച്ച അടിസ്ഥാന രാജ്യാന്തര അറിവുകളും അനുഭവങ്ങളും ലഭ്യമാക്കുകയെന്നതാണ് സ്്‌റ്റേഡിയ പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022ലെ ഫിഫ ലോകകപ്പിന് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും. ഇന്റര്‍പോളിലെ 190 അംഗരാജ്യങ്ങളുമായുള്ള ബന്ധത്തിലൂടെ  പഴുതടച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കാന്‍ ഖത്തറിന് കഴിയും. ഫിഫ ലോകകപ്പിന്റെ സംഘാടക ചുമതലയുള്ള സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും ഇന്റര്‍പോളുമാണ് നവംബര്‍ സമ്മേളനത്തിന് ചുക്കാന്‍പിടിക്കുന്നത്. ഖത്തറില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്റര്‍പോളിനെയും സുപ്രിം കമ്മിറ്റിയെയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനും വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ബൃഹത്തായ സ്റ്റേഡിയ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ് നവംബര്‍ സമ്മേളനമെന്ന് ക്യാപ്റ്റന്‍ ഫലാഹ് അല്‍ദോസരി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ശില്‍പ്പശാലകള്‍, സമ്മേളനങ്ങള്‍, പരിശീലന പദ്ധതികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. ഖത്തറിനെയും ഇന്റര്‍പോളിനെയും സംബന്ധിച്ചിടത്തോളം ചരിത്രപ്രാധാന്യമുള്ളതാണ് സമ്മേളനമെന്ന് ടിം മോറിസ് പറഞ്ഞു. 2022 ലോകകപ്പിന് ഉന്നത നിലവാരവും കാഴ്ചപ്പാടും സമ്മാനിക്കാന്‍ സമ്മേളനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക