|    Mar 20 Tue, 2018 1:15 pm
FLASH NEWS
Home   >  Kerala   >  

മേഘസ്‌ഫോടനവും മണ്ണാങ്കട്ടയുമല്ല, പശുക്കടവിലെ ദുരന്തം ഖനനമാഫിയയുടെ സൃഷ്ടി, തുറന്നു പറയാന്‍ ധൈര്യമില്ലാതെ ഉദ്യോഗസ്ഥര്‍

Published : 21st September 2016 | Posted By: G.A.G

pasukkadavuഅജയമോഹന്‍


കോഴിക്കോട്:
മലവെള്ളപ്പാച്ചിലില്‍ ആറുയുവാക്കളെ ഞൊടിയിട കൊണ്ട് കാലപുരിക്കയച്ച പശുക്കടവ് ദുരന്തം കേരളത്തിന്റെ ഭൂപ്രകൃതിയെ വെട്ടിവിഴുങ്ങുന്ന ഖനന മാഫിയ സൃഷ്ടിച്ച വലിയൊരു പരിസ്ഥിതി ദുരന്തം തന്നെയാണെന്ന് വ്യക്തമാകുന്നു. കോഴിക്കോട് വയനാട് ജില്ലകളുടെ മലയോരമേഖലയില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി സജീവമായ അനധികൃതഖനനവും റിസോര്‍ട്ട് നിര്‍മാണം ഉള്‍പ്പടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളുമാണെന്നാണ് സര്‍ക്കാര്‍ ഏജന്‍സികളും ഉദ്യോഗസ്ഥരും പരോക്ഷമായി വ്യക്തമാക്കുന്നത്. മനു്ഷ്യ നിര്‍മിതമായ ദുരന്തമാണ് പശുക്കടവിലുണ്ടായതെന്ന് കാര്യകാരണസഹിതം വ്യക്തമായിട്ടും കാര്യം തുറന്നു പറയാന്‍ മടിക്കുകയാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും.
പരിസ്ഥിതി അത്രമേല്‍ ലോലമായ പ്രദേശങ്ങളിലെ കരിങ്കല്‍ ഖനനം അടിയന്തിരമായി അവസാനിപ്പിക്കേണ്ടതുണ്ട് എന്ന് ദുരന്തനിവാരണവകുപ്പുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന്റെ മേധാവി പ്രമുഖ മലയാള പത്രത്തിലെഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാറയും കുന്നുകളും ജലസംഭരണകേന്ദ്രങ്ങളാണെന്നും ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും അവര്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വലിയൊരു പരിസ്ഥിതി ദുരന്തത്തിന്റെ കരയില്‍ നിന്നുപോലും സത്യം വിളിച്ചുപറയാന്‍ ആവാത്തതിന്റെ വിഷമവും ലേഖനത്തില്‍ ഒളിച്ചിരിക്കുന്നുണ്ട്. രണ്ടേ രണ്ട് വാചകത്തില്‍ ഇക്കാര്യം പറഞ്ഞു തീര്‍ത്ത് തടിതപ്പുകയാണെന്ന് തോന്നും ലേഖനം വായിച്ചാല്‍. ഏതാണ്ടിതേ അവസ്ഥയിലാണ് ഒട്ടുമിക്ക ഉദ്യോഗസ്ഥരും. ഖനനമാഫിയയും രാഷ്ട്രീയനേതാക്കളുമായുള്ള കാണാച്ചരടുകള്‍ നന്നായറിയാവുന്ന ഉദ്യോഗസ്ഥര്‍ സത്യം പറയാനാവാതെ ഉരുണ്ടുകളിക്കുകയാണന്നതാണ് വസ്തുത.
പ്രകൃതിചൂഷണം എല്ലാ അതിരുകളും ഭേദിക്കുന്നതില്‍ ആശങ്കാകുലരാണെങ്കിലും ദുരന്തനിവാരണവും മണ്ണും ഭൂമിയും പരിസ്ഥിയുമൊക്കെയുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരുടെയും സ്ഥിതി ഇതാണ്. ഇത്തരമൊരു ദുരന്തം എറെവൈകാതെ തന്നെ കേരളത്തെ തേടിയെത്തുമെന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നന്നായി അറിയാമായിരുന്നു എന്നുവേണം പറയാന്‍.  സെന്റര്‍ ഫോര്‍ എര്‍ത്ത് ആന്റ് സയന്‍സ് സ്റ്റഡീസ് 2008 ല്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടിലും ഇതുസംബന്ധിച്ച സൂചനകള്‍ വ്യക്തമായി നിരത്തിയിട്ടുണ്ട്.
രണ്ടായിരത്തി അഞ്ഞൂറിലേറെ ക്വാറികളാണ് പശുക്കടവിന് അമ്പത് കിലോമീറ്റര്‍ മാത്രം അകലെയുള്ള ബാണാസുര മലയില്‍ പ്രവര്‍ത്തിക്കുന്നത്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയും അനധികൃതമായവയും പ്രവര്‍ത്തിക്കുന്നവയും അനുവദിച്ചതിലേറെ വ്യാപ്തിയില്‍ പ്രവര്‍ത്തിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്. ദോഷം പറയരുതല്ലോ, ഈ ക്വാറികളില്‍ നിന്നുള്ള കരിങ്കല്ലുകളാണ് കോഴിക്കോട് വയനാട് ജില്ലകളില്‍ തുറമുഖം മുതല്‍ ദേശീയപാത വരെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. വികസനം ഇത്തരത്തില്‍ പൊടിപൊടിക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങളും അനിവാര്യമായിത്തീരുന്നു. മലയുടെ അടിവാരപ്രദേശങ്ങളായ പശുക്കടവിലും കുറ്റിയാടിയിലും വയനാട്ടിലെ ചില പ്രദേശങ്ങളിലുമെല്ലാം ഏതു നിമിഷവും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാം എന്നതാണ് സ്ഥിതി. ഇക്കാര്യം വളരെ വ്യക്തമായി സെസ് പോലുള്ള സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെങ്കിലും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാരുകള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ സാധിക്കുന്നില്ല എന്നതാണ് വസ്തുത.
ഖനനമാഫിയ പിടിമുറുക്കിയ ഉത്തരാഖണ്ഡിലെ മലയോരപ്രദേശങ്ങളില്‍ വന്‍ മലവെള്ളപ്പാച്ചിലും പ്രകൃതിദുരന്തങ്ങളും ഉണ്ടായപ്പോള്‍ മേഘസ്‌ഫോടനമാണ് ഇതിന് പിന്നിലെന്ന നിലയിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ പ്രശ്‌നത്തെ കണ്ടത്. ഏതാണ്ട് അതേ രീതിയില്‍ത്തന്നെ പശുക്കടവ് ദുരന്തവും വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ട്. മേഘസ്‌ഫോടനത്തെത്തുടര്‍ന്നാണ് മലവെള്ളപ്പാച്ചിലുണ്ടായതെന്ന ആദ്യ മണിക്കൂറുകളില്‍ വാര്‍ത്ത പരന്നിരുന്നുവെങ്കിലും പിന്നീട് അതിന് സ്ഥിരീകരണമുണ്ടായില്ല. ദുരന്തം പഠിക്കാന്‍ ഏല്‍പ്പിക്കുന്ന ഏജന്‍സികള്‍ അത്തരമൊരു സിദ്ധാന്തം ഇനിയും മുന്നോട്ടു വെയ്ക്കാനും സാധ്യതയേറെയാണ്. എന്നാല്‍ പ്രകൃതിയെ കാര്‍ന്നു തിന്ന് പണമുണ്ടാക്കുന്നതിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ തന്നെയാണ് സാധ്യത.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss