|    Oct 23 Tue, 2018 11:17 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മേക്കര്‍ മേളയെ അതിശയിപ്പിച്ച് മലയാളി ബാലന്‍

Published : 9th January 2017 | Posted By: fsq

maker

കൊച്ചി: എട്ടു വയസ്സുള്ള കൊച്ചിക്കാരന്‍ സാരംഗ് സുമേഷിന്റെ കുഞ്ഞുതലയില്‍ സ്പന്ദിക്കുന്നതെല്ലാം അദ്ഭുതകരമായ കണ്ടുപിടിത്തങ്ങളിലാണു ചെന്നെത്തുന്നത്. അഞ്ചാംവയസ്സില്‍ വീട് തുടച്ചു വൃത്തിയാക്കുന്ന റോബോട്ട് നിര്‍മിച്ച സാരംഗിനെ കൊച്ചുശാസ്ത്രജ്ഞനെന്നു വിളിക്കണോ വലിയ ശാസ്ത്രജ്ഞനെന്നു വിളിക്കണോ എന്നതിലേ ആശയക്കുഴപ്പമുള്ളൂ. യുവപ്രതിഭകളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും നൂതന കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കാനായി ആഷ ജഡേജ മോട്വാനി എന്ന സംരംഭക തുടക്കമിട്ട അഹ്മദാബാദ് മേക്കര്‍ മേളയില്‍ വീട് വൃത്തിയാക്കുന്ന സാരംഗിന്റെ റോബോട്ട് തരംഗം സൃഷ്ടിക്കുകയാണ്. വീട് വൃത്തിയാക്കാന്‍ പാടുപെടുന്ന അമ്മയെ എങ്ങനെ സഹായിക്കാമെന്നു സാരംഗ് ചിന്തിച്ചപ്പോഴാണ് ഈ സൂപ്പര്‍ റോബോട്ട് പിറന്നത്. കണ്ടുപിടിത്തങ്ങളുടെ വലിയ ലോകത്തേക്ക് കൊച്ചുകാല്‍വയ്പു നടത്തുമ്പോള്‍ സാരംഗിന് കഷ്ടിച്ച് അഞ്ചുവയസ്സു മാത്രമേയുണ്ടായിരുന്നുള്ളൂ. റോബോട്ടിക്‌സിന്റെ അദ്ഭുതലോകത്തേക്ക് സാരംഗിനെ നയിച്ചത് എന്‍ജിനീയര്‍കൂടിയായ അച്ഛന്‍ സുമേഷാണ്. സാധാരണ കുട്ടികള്‍ കളിപ്പാട്ട റോബോട്ട് കൊണ്ട് കളിക്കുന്ന  മൂന്നാംവയസ്സില്‍ റോബോട്ട് നിര്‍മാണമായിരുന്നു സാരംഗിന്റെ വിനോദം. ഇന്റേണല്‍ കംബസ്റ്റന്‍ എന്‍ജിന്‍ മാതൃകകള്‍ ഉപയോഗിച്ചുള്ള റോബോട്ടുകളായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. കാഴ്ചയില്ലാത്തവര്‍ക്കായി ഊന്നുവടി, റോബോട്ട് കൈ, ട്രൈസിക്കിള്‍,  ലിഗോ കാല്‍ക്കുലേറ്റര്‍, ഡിജിറ്റല്‍ ക്ലോക്ക്, ഹാന്‍ഡ് സ്പീഡ് ഗെയിം, വെടിയുതിര്‍ക്കുന്ന റോബോട്ട് മനുഷ്യന്‍ എന്നിവയാണ് സാരംഗിന്റെ കണ്ടുപിടിത്തലോകത്തെ മറ്റിനങ്ങള്‍. റോബോട്ട് കണ്ടുപിടിത്തം സാരംഗിനെ വലിയ ഉയരങ്ങളിലാണെത്തിച്ചത്. രാജീവ് സര്‍ക്കിള്‍ ഫെലോഷിപ്പ് ലഭിച്ചു, സിലിക്കണ്‍വാലി സന്ദര്‍ശനം നടത്തി. സാങ്കേതികവിദ്യാ വിദ്യാഭ്യാസരംഗത്തെ വമ്പന്‍ നാമമായ മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ നേതൃത്വത്തില്‍ ചൈനയിലെ ഷെന്‍സെനില്‍ നടന്ന ഫാബ് 12 സമ്മേളനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രാസംഗികനായിരുന്നു സാരംഗ്. ടെഡ് എക്‌സ് പ്രഭാഷണ പരമ്പരകളിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഭാഷകന്‍, ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദകമേളയായ കാലഫോര്‍ണിയ മേക്കര്‍ ഫെയറിലെ ഏറ്റവും പ്രായം കുറഞ്ഞ പങ്കാളി- എട്ടുവയസ്സിനുള്ളില്‍ ലഭിച്ച നേട്ടങ്ങളാണിതൊക്കെ. കൊച്ചി ചോയ്‌സ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായ സാരംഗിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തം സ്മാര്‍ട്ട് സീറ്റ്‌ബെല്‍റ്റാണ്. സ്‌കൂള്‍ ബസ്സിലെ സാധാരണ സീറ്റ്‌ബെല്‍റ്റിന്റെ പ്രശ്‌നങ്ങളെപ്പറ്റി അച്ഛനും അമ്മയും തമ്മില്‍ സംസാരിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് നല്ലൊരു സീറ്റ്‌ബെല്‍റ്റ് ഉണ്ടാക്കിയാലെന്താ എന്ന് സാരംഗ് ചിന്തിച്ചത്. അപകടസാധ്യത മണത്തറിയാന്‍ കഴിവുള്ള ഈ സീറ്റ്‌ബെല്‍റ്റ് പ്രായമേറിയവര്‍ക്കും കുട്ടികള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss