|    Jan 18 Wed, 2017 7:45 pm
FLASH NEWS

മേക്കപ്പ് വുമണ്‍ ഇല്ലാത്തതെന്ത്

Published : 24th January 2016 | Posted By: TK
 


 

നര്‍ത്തകികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുമ്പോഴും നൃത്താധ്യാപനത്തില്‍ പെണ്‍സാന്നിധ്യം തീരെ ഇല്ലാതാവുന്നതായാണ് അനുഭവം. മേക്കപ്പ്‌വുമണ്‍ എന്ന പേര് കലോല്‍സവവേദികളില്‍ ഒരിടത്തും കേള്‍ക്കാനേയില്ല. പെണ്‍കുട്ടികള്‍ക്ക് മേക്കപ്പിടുന്നത് പുരുഷന്‍മാരായ നൃത്താധ്യാപകരാണ്


 

makeup

ത്രിവേണി
ലയുടെ മാമാങ്കമായ സ്‌കൂള്‍ കലോല്‍സവം മലയാളിക്ക് വര്‍ഷംതോറും മാറ്റിനിര്‍ത്തപ്പെടാനാവാത്തതായി മാറിയിരിക്കുന്നു. ആശങ്കയോടെ കണ്ണുമിഴിച്ചിരിക്കുന്ന രക്ഷിതാക്കള്‍, അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുപോവുന്ന സ്‌കൂള്‍ അധികൃതര്‍, സ്‌പെഷ്യലുകളൊരുക്കാന്‍ പെടാപ്പാടുപെടുന്ന പത്രക്കാരും ദൃശ്യമാധ്യമക്കാരും. ഓരോ സ്‌കൂള്‍ കലോല്‍സവവും ഒരുക്കുന്ന സ്ഥിരം കാഴ്ചകളാണ് ഇതൊക്കെ. പങ്കെടുക്കുന്നവരില്‍ തന്നെ ആവേശം കൂടുതല്‍ പെണ്‍കുട്ടികള്‍ക്കാണ്. നൃത്തവേദികളില്‍ ഇവരുടെ സാന്നിധ്യം കൂടുതല്‍ വ്യക്തമാവും. അതോടൊപ്പം നാം തിരി ച്ചറിയേണ്ടുന്ന മറ്റൊരു വസ്തുതയുണ്ട്. പങ്കെടുക്കുന്ന നര്‍ത്തകരുടെ എണ്ണം കൂടുമ്പോഴും നൃത്താധ്യാപനത്തില്‍ പെണ്‍സാന്നിധ്യം തീരെ ഇല്ലാതാവുന്നതായാണ് അനുഭവം. കലോല്‍സവ വേദികളിലെ ഒരു സ്ഥിരം കാഴ്ചക്കാരന് ഇത് എളുപ്പം തിരിച്ചറിയാം.
ഇതിനേക്കാള്‍ പ്രധാനമാണ് മേക്കപ്പ്‌വുമണ്‍ എന്ന പേര് കലോല്‍സവവേദികളില്‍ ഒരിടത്തും കേള്‍ക്കാനേയില്ലെന്നത്. പെണ്‍കുട്ടികള്‍ക്ക് മേക്കപ്പിടുന്നത് പുരുഷന്‍മാരായ നൃത്താധ്യാപകരാണ്.

പെണ്‍കുട്ടികളുടെ തലമുടി കെട്ടലും കണ്ണെഴുതലും പൊട്ടുകുത്തലും മേക്കപ്പമാന്‍മാര്‍ ചെയ്യുമ്പോഴും മേക്കപ്പ്‌രംഗത്ത് സ്ത്രീകളെ കൊണ്ടുവരാന്‍ ആരും മുന്‍കൈയെടുക്കുന്നില്ല. മംഗല്യസൗഭാഗ്യത്തിനായി ധനുമാസരാവില്‍ നോമ്പുനോറ്റ് മങ്കമാര്‍ ചുവടുവയ്ക്കുന്ന തിരുവാതിരയ്ക്കും മൈലാഞ്ചിരാവിന്റെ മധുരമേറുന്ന ഓര്‍മകള്‍ പങ്കുവയ്ക്കു ന്ന ഒപ്പനയ്ക്കുമെല്ലാം പെണ്‍കുട്ടികളെ ഒരുക്കാനെത്തുന്നത് മാഷ്മാര്‍ മാത്രം. മേക്കപ്പിടുന്നതിനും മറ്റുമായി പെണ്‍കുട്ടികളെ തൊട്ടുരുമ്മി നില്‍ക്കുന്ന അധ്യാപകരുടെ സാമീപ്യം മല്‍സരത്തിന്റെ കനത്ത ചൂടിലായതിനാലാവാം ആര്‍ക്കും അരോചകമായി തോന്നാറുമില്ല. എന്നാല്‍, ഈ ഇനങ്ങളിലെല്ലാം മല്‍സരിച്ച് വിജയം കൊയ്യുന്നതാവട്ടെ പെണ്‍കുട്ടികളും.
സുറുമയിട്ട കണ്ണുകളും മൈലാഞ്ചിയിട്ട കൈകളുമാണ് ഒപ്പനക്കാരികളെ കുറിച്ചുള്ള മാപ്പിളസങ്കല്‍പം. ഏറ്റവും കുറച്ച് മേക്കപ്പിടേണ്ട നൃത്തയിനവും ഒപ്പനയാണ്. എന്നിരുന്നാല്‍ പോലും ഒപ്പനക്കാരികള്‍ക്ക് മേക്കപ്പിടാന്‍ പോലും മേക്കപ്പ്മാന്‍മാര്‍ മാത്രമാണ് രംഗത്തുള്ളത്. ബ്യൂട്ടിപാര്‍ലറുകളും ബ്യൂട്ടിഷന്‍മാരും വര്‍ധിച്ചുവരുന്ന ഇക്കാലത്തും എന്തുകൊണ്ട് മേക്കപ്പ് വുമണ്‍ എന്ന പേരില്‍ കലോല്‍സവങ്ങളില്‍ സ്ത്രീകള്‍ എത്തുന്നില്ലെന്നത് അമ്പരപ്പിക്കുന്നതല്ലേ? ഇവിടെ മാത്രമല്ല, സിനിമയിലും ഇതുതന്നെ അവസ്ഥ എന്നോര്‍ക്കുക.
ഒപ്പന പരിശീലനത്തിനു പോലും സ്ത്രീകളില്ലെന്നത് അദ്ഭുതമുളവാക്കുന്നതാണ്. സ്ത്രീകളുടെ കുത്തകയായിരുന്ന നൃത്തരംഗം പുരുഷന്‍മാര്‍ കൈയടക്കുകയാണിപ്പോള്‍. പഠിപ്പിക്കുമ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ കഴിയാത്തതും രാത്രികാലങ്ങളില്‍ ദൂരസ്ഥലങ്ങളിലേക്കു പരിശീലനത്തിനു പോവാന്‍ കഴിയാത്തതുമൊക്കെയാണ് സ്ത്രീകള്‍ ഈ രംഗം വിടുന്നതിനു പ്രത്യേക കാരണമെന്നാണ് പറയപ്പെടുന്നത്.
ഇനി മതിയായ മേക്കപ്പിട്ടു കഴിഞ്ഞാലോ? സംഘാടനത്തിലെ പിഴവുകൊണ്ടും തിക്കുംതിരക്കും കൊണ്ടും കുട്ടികള്‍ ഏറെ നേരം അതേ മേക്കപ്പുമായി കാത്തിരിക്കേണ്ടിവരും. ചിലപ്പോഴത് പാതിരാത്രിവരെ നീളാറുണ്ട്. ആവശ്യത്തിനു വെള്ളം കുടിക്കാനോ പ്രാഥമികകൃത്യങ്ങള്‍ വേണ്ടവിധം നടത്താനോ ആവാതെയുമാണ് ഈ കാത്തിരിപ്പ്. ദീര്‍ഘനേരം അങ്ങനെ കാത്തിരുന്ന് തലകറങ്ങി വീഴുന്ന കുട്ടികളുടെ കഥ എല്ലാ പത്രങ്ങളിലും മുന്‍പേജില്‍ സ്ഥാനംപിടിക്കുകയും ചെയ്യും.
മറ്റൊന്ന് കുട്ടികള്‍, അതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെടും, അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം ആണ്. ഓരോ മല്‍സരയിനവും പിന്നിടുമ്പോള്‍ സദസ്സിലും വേദിയിലും നെടുവീര്‍പ്പുകള്‍ ഉയരും. കലോല്‍സവവേദിയില്‍ മല്‍സരം സൗഹൃദപരമെന്നതിനേക്കാള്‍ ശത്രുതാപരമാണ്. മാധ്യമങ്ങള്‍ ഈ മാമാങ്കത്തിനു നല്‍കുന്ന പ്രാധാന്യമായിരിക്കുമോ ഇത്തരമൊരു മാസ് ഹിസ്റ്റീരിയ ജനങ്ങള്‍ക്കിടയില്‍ വളരുന്നതിനു കാരണമായത്? മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ചര്‍ച്ചചെയ്യേണ്ട സമയമായിരിക്കുന്നു. ി

 

 

 

 

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 138 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക