|    Nov 18 Sun, 2018 1:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മെഹുല്‍ ചോക്‌സിക്ക് പൗരത്വംഇന്ത്യന്‍ അധികൃതരുടെ അനുമതിയോടെയെന്ന് ആന്റിഗ്വ

Published : 4th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്നു കോടികള്‍ വെട്ടിച്ച് വിദേശത്തേക്കു കടന്ന വജ്ര വ്യാപാരികളില്‍ ഒരാളായ മെഹുല്‍ ചോക്‌സിക്ക് പൗരത്വം നല്‍കിയത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലത്തിന്റെയും പോലിസ് അധികൃതരുടെയും അറിവോടെയെന്ന് കാരിബിയന്‍ രാജ്യമായ ആന്റിഗ്വ.
ഇന്ത്യ നല്‍കിയ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ മോശമായ പരാമര്‍ശങ്ങളൊന്നുമുണ്ടായില്ലെന്നാണ് ആന്റിഗ്വ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കരിമ്പട്ടികയിലുള്ള ചോക്‌സി അതീവ രഹസ്യമായാണ് ആന്റിഗ്വയുടെ പൗരത്വം നേടി അവിടെ ഒളിവില്‍ കഴിയുന്നത്. ചോക്‌സി അവിടെ ഉണ്ടെന്ന് അറഞ്ഞതോടെ അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് അധികൃതരെ വെട്ടിലാക്കി ആന്റിഗ്വയുടെ വിശദീകരണം.
ഇന്ത്യന്‍ അധികൃതരുടെ പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും 2017ല്‍ നല്‍കിയ മുംബൈ പാസ്‌പോര്‍ട്ട് ഓഫിസിന്റെ റിപോര്‍ട്ടിലും ചോക്‌സിക്ക് എതിരായ ഒന്നുമില്ലെന്ന് ആന്റിഗ്വ വ്യക്തമാക്കി. എതിര്‍വാദങ്ങളുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് വീസയ്ക്കും പൗരത്വത്തിനുമുള്ള യോഗ്യത നഷ്ടപ്പെടുമായിരുന്നെന്ന് ആന്റിഗ്വ ആന്റ് ബര്‍ബുഡ സിറ്റിസണ്‍ഷിപ്പ് ബൈ ഇന്‍വെസ്റ്റ്‌മെന്റ് യൂനിറ്റ് വ്യക്തമാക്കി.
വിശദ പരിശോധനയ്ക്കു ശേഷമാണ് പൗരത്വ അപേക്ഷ അംഗീകരിച്ചത്. കര്‍ശന പശ്ചാത്തല പരിശോധനയും ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികള്‍ മുഖേനയും അന്വേഷണം നടത്തിയിരുന്നു. ഇതിലൊന്നും ചോക്‌സിക്കെതിരായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മുംബൈയിലെ പഞ്ചാബ് നാഷനല്‍ ബാങ്ക് ശാഖയില്‍ നിന്നു 13,500 കോടി രൂപയുടെ വെട്ടിപ്പു നടത്തിയാണ് ചോക്‌സിയും അനന്തരവനായ നീരവ് മോദിയും രഹസ്യമായി വിദേശത്തേക്കു കടന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചോക്‌സി ആന്റിഗ്വയുടെ പൗരത്വം സ്വന്തമാക്കിയത്. ജനുവരിയില്‍ ഇന്ത്യവിട്ട ചോക്‌സി ജനുവരി 15ന് ആന്റിഗ്വയിലെത്തി പൗരത്വ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ബാങ്കുതട്ടിപ്പു കേസില്‍ സിബിഐ തിരയുന്ന രണ്ടു മുഖ്യ പ്രതികളാണ് ചോക്‌സിയും മോദിയും.അതേസമയം, പിടികിട്ടാപ്പുള്ളിയായ വജ്രവ്യാപാരി മെഹുല്‍ ചോസ്‌കിയുടെ കാരിബീയന്‍ രാജ്യത്തേക്കുള്ള രക്ഷപ്പെടലില്‍ മോദി സര്‍ക്കാരിന്റെ ഇടപെടലും മൗനാനുവാദവും ഉണ്ടായിരുന്നതായി വെളിപ്പെടുത്തുന്നതാണ് ആന്റിഗ്വ പുറത്തുവിട്ട ഞെട്ടിക്കുന്ന വിശദാംശങ്ങളിലുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.കൊള്ളയടിക്കുക, രക്ഷപ്പെടുകയെന്നതാണ് മോദി സര്‍ക്കാരിന്റെ പ്രധാന നയമെന്നും തട്ടിപ്പ് നടപ്പാക്കിതയിലെ മോദി സര്‍ക്കാരിന്റെ പങ്കാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല മാധ്യമങ്ങളോട് പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss