|    Sep 23 Sat, 2017 6:12 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മെസ്സി വന്നു; വിജയഗോളുമായി…

Published : 3rd September 2016 | Posted By: SMR

മെന്‍ഡോസ (അര്‍ജന്റീന): ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സ് നിറഞ്ഞു. തങ്ങളുടെ പ്രിയനായകനും കാല്‍പന്തുകളിയിലെ രാജകുമാരനുമായ ലയണല്‍ മെസ്സി വിജയഗോളുമായി അ ര്‍ജന്റീന ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കി. 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ ശക്തരായ ഉറുഗ്വേയെയാണ് അര്‍ജന്റീന 1-0ന് മറികടന്നത്. 43ാം മിനിറ്റിലായിരുന്നു മെസ്സിയുടെ നിര്‍ണായക ഗോള്‍. ഈ വിജയത്തോടെ ലാറ്റിനമേരിക്കന്‍ പോയി ന്റ് പട്ടികയില്‍ ഉറുഗ്വേയെ പിന്തള്ളി അര്‍ജന്റീന ഒന്നാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. പുതിയ പരിശീലകനായ എഡ്ഗാര്‍ഡോ ബൗസയ്ക്കു കീഴില്‍ അര്‍ജന്റീനയുടെ ആദ്യ വിജയം കൂടിയാണിത്.
അമേരിക്കയില്‍ ഈ വര്‍ഷം നടന്ന കോപ അമേരിക്കയുടെ ശതാബ്ദി എഡിഷന്റെ ഫൈനലില്‍ ചിലിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന പരാജയപ്പെട്ട ശേഷമാണ് ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇനിയൊരിക്ക ലും ദേശീയ ജഴ്‌സിയില്‍ തന്നെ കാണില്ലെന്നായിരുന്നു മെസ്സിയുടെ പ്രഖ്യാപനം. എന്നാല്‍ കളി തുടരണമെന്ന് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളും നിലവിലെ അര്‍ജന്റീന കോച്ച് ബൗസയും നിരന്തരം ആവശ്യപ്പെട്ടതോടെ താരം തീരുമാനം പിന്‍വലിക്കുകയായിരുന്നു.
ഉറുഗ്വേയ്‌ക്കെതിരായ ഈ ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മെസ്സി കളിക്കാന്‍ സാധ്യത കുറവാണെന്നായിരുന്നു നേരത്തേയുള്ള റിപോര്‍ട്ടുകള്‍. തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്ക്കുവേണ്ടി കളിക്കുന്നതിനിടെ മെസ്സിക്ക് പരിക്കേറ്റിരുന്നെന്നും ഇതേത്തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണെന്നുമായിരുന്നു റിപോര്‍ട്ട്. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ മെസ്സിയെ പ്ലെയിങ് ഇലവനില്‍ത്തന്നെ കോച്ച് ഉള്‍പ്പെടുത്തി.
ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ രണ്ട് അതികായന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ വളരെ കുറച്ച് ഗോളവസരങ്ങള്‍ മാത്രമേ കണ്ടുള്ളൂ. ആദ്യപകുതി അവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെയാണ് വളരെ ദുഷ്‌കരമായ ആംഗിളില്‍ നിന്ന് മെസ്സിയുടെ സൂപ്പര്‍ ഗോള്‍ പിറന്നത്. മെസ്സിയെ തടയാനായി ഉറുഗ്വേ താരങ്ങള്‍ വട്ടംകൂടിയെങ്കിലും ബോക്‌സിനു പുറത്തുവച്ച് തൊടുത്ത ഷോട്ട് ഉറുഗ്വേയുടെ ജോസ് മരിയ ജിമനസിന്റെ ശരീരത്തില്‍ തട്ടി ദിശ മാറി വലയില്‍ കയറുകയായിരുന്നു.
അര്‍ജന്റീനയ്ക്കായി 114 മല്‍സരങ്ങളില്‍ നിന്ന് മെസ്സിയുടെ 56ാം ഗോളായിരുന്നു ഇത്. ദേശീയ ടീമിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക