|    Jun 22 Fri, 2018 4:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മെസ്സി മൂന്നു വട്ടം; ഓസിലും…

Published : 21st October 2016 | Posted By: SMR

മാഡ്രിഡ്/ ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള തന്റെ പ്രിയ ശിഷ്യനില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. യു വേഫ ചാംപ്യന്‍സ് ലീഗില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക്കുമായി നിറഞ്ഞാടിയപ്പോള്‍ ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ന്നടിഞ്ഞു. ഗ്രൂപ്പ് സിയിലെ മൂന്നാംറൗണ്ട് മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ബാഴ്‌സ സിറ്റിയെ തുരത്തിയത്.
മെസ്സി മാത്രമല്ല കഴിഞ്ഞ ദിവസത്തെ മിന്നുംതാരം. കരിയറിലാദ്യമായി ഹാട്രിക്ക് നേടിയ ജര്‍മന്‍ പ്ലേമേക്കര്‍ മെസൂദ് ഓസിലിന്റെ മികവില്‍ ആഴ്‌സനല്‍ ഗോള്‍മഴയില്‍ ആറാ ടി. ഗ്രൂപ്പ് എയില്‍ ല്യുഡോഗോറെറ്റ്‌സിനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് ആഴ്‌സനല്‍ മുക്കുകയായിരുന്നു.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ പിഎസ്ജി 3-0ന് എഫ്‌സി ബാസെലിനെയും ബിയില്‍ ബെ ന്‍ഫിക്ക 2-0ന് ഡയനാമോ കീവിനെയും ബെസിക്റ്റസ് 3-2ന് നാപ്പോളിയെയും സിയില്‍ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് 2-0ന് കെല്‍റ്റിക്കിനെയും ഗ്രൂപ്പ് ഡിയില്‍ ബയേണ്‍ മ്യൂണിക്ക് 4-1ന് പിഎസ്‌വിയെയും അത്‌ലറ്റികോ മാഡ്രിഡ് 1-0ന് റോസ്‌തോവിനെയും പരാജയപ്പെടുത്തി.
സിറ്റിയെ നിഷ്പ്രഭരാക്കി ബാഴ്‌സ
യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ രണ്ട് അതികായന്‍മാര്‍ തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. സ്വന്തം മൈതാനമായ കാംപ്‌നൂവില്‍ ബാഴ്‌സ സിറ്റിയെ വാരിക്കളയുകയായിരുന്നു. 16, 61, 69 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് പ്രകടനം. ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറാണ് മറ്റൊരു സ്‌കോറര്‍.
കഴിഞ്ഞ സീസണില്‍ ബാഴ്‌സ വിട്ട് സിറ്റിയിലെത്തിയ കൊളംബിയന്‍ ഗോളി ക്ലോഡിയോ ബ്രാവോ മറക്കാനാഗ്രഹിക്കുന്ന മല്‍സരം കൂടിയായിരിക്കും ഇത്. 53ാം മിനിറ്റില്‍ റഫറി നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കി താരത്തെ പുറത്താക്കിയിരുന്നു. 73ാം മിനിറ്റില്‍ ബാഴ്‌സ ഡിഫന്റര്‍ ജെറമി മാത്യുവും രണ്ടു മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്നു കളംവിട്ടു. 16ാം മിനിറ്റിലാണ് മെസ്സി ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ഇടതുവിങിലൂടെ ചാട്ടുളി കണക്കെ കുതിച്ചെത്തിയ മെസ്സി ബോക്‌സിനുള്ളില്‍ വച്ച് നിലത്തു വീ ണ ഗോളി ബ്രാവോയെ കാഴ്ചക്കാരനാക്കി വലകുലുക്കുകയായിരുന്നു.
55ാം മിനിറ്റില്‍ ബോക്‌സിനു പുറത്തേക്ക് ഇറങ്ങിവന്ന് പന്ത് കൈകൊണ്ട് തടുത്തതിനാണ് ബ്രാവോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇതോടെ ബാഴ്‌സയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. 61, 69 മിനിറ്റുകളില്‍ മെസ്സി ഹാട്രിക് പൂര്‍ത്തിയാക്കിയതോടെ സിറ്റി കളി കൈവിട്ടു. 87ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും രണ്ടു മിനിറ്റിനകം സ്‌കോര്‍ ചെയ്ത് നെയ്മര്‍ പ്രായശ്ചിത്തം ചെയ്തു. ഗ്രൂപ്പില്‍ ബാഴ്‌സയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
ഓസില്‍ കരുത്തില്‍ ആഴ്‌സനല്‍
ജര്‍മന്‍ മിഡ്ഫീല്‍ഡ് മാസ്റ്റര്‍ ഓസില്‍ കരിയറിലാദ്യമായി നേടിയ ഹാട്രിക്കാണ് ആഴ്‌സനലിനെ വമ്പന്‍ ജയത്തിലേക്കു നയിച്ചത്. 56, 83, 87 മിനിറ്റുകളിലായിരുന്നു ഓസിലിന്റെ ഹാട്രിക് നേട്ടം. അലെക്‌സിസ് സാഞ്ചസ് (12ാം മിനിറ്റ്), തിയോ വാല്‍കോട്ട് (42), അലെക്‌സ് ഓക്‌സാല്‍ഡെ ചാംപര്‍ലെയ്ന്‍ (46) എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കാളികളായി.
ബാസെലിനെതിരേ എയ്ഞ്ചല്‍ ഡി മരിയ (40), ലൂക്കാസ് മൗറ (62), എഡിന്‍സന്‍ കവാനി (90) എന്നിവരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍.
ബയേണിന്റെ തിരിച്ചുവരവ്
കഴിഞ്ഞ മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനോടേറ്റ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് വന്‍ ജയവുമായാണ് ബയേണ്‍ ചാംപ്യന്‍സ് ലീഗിലേക്ക് തിരിച്ചുവന്നത്.
പിഎസ് വിക്കെതിരേ തോമസ് മുള്ളര്‍ (13ാം മിനിറ്റ്), ജോ ഷുവ കിമ്മിക്ക് (21), റോബര്‍ട്ട് ലെ വന്‍ഡോവ്‌സ്‌കി (59), ആര്യന്‍ റോബന്‍ (84) എന്നിവര്‍ ബയേണിനായി വലുകുലുക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss