|    Nov 20 Mon, 2017 10:49 pm
FLASH NEWS
Home   >  Sports  >  Football  >  

മെസ്സിത്തിളക്കില്‍ യുവന്റസ് ചാരം; ഗോള്‍ മഴപെയ്യിച്ച് പിഎസ്ജിക്കും യുനൈറ്റഡിനും ചെല്‍സിക്കും ജയം

Published : 13th September 2017 | Posted By: ev sports


ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങളില്‍ കരുത്തരായ ടീമുകള്‍ക്ക് വിജയത്തുടക്കം. ബാഴ്‌സലോണ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പൂട്ടിക്കെട്ടിയപ്പോള്‍ ബയേണ്‍ മ്യൂണിക്ക് 3-0 ന് ആന്‍ഡര്‍ലെചന്റിനെയും ചെല്‍സി 6-0 ന് ഖറാബാഗിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-0ന് ബേസിലിനെയും പിഎസ്ജി 5-0ന് സെല്‍റ്റിക്കിനെയും പരാജയപ്പെടുത്തി.
ലയണല്‍ മെസ്സിയുടെ ഇരട്ടഗോളുകളാണ് ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. 45ാം മിനിറ്റില്‍ ലൂയിസ് സുവാരസിന്റെ അസിസ്റ്റില്‍ ഗോള്‍ വേട്ട തുടങ്ങിയ മെസ്സി 69ാം മിനിറ്റിലും വലകുലുക്കി. ഇത്തവണ ഇനിയസ്റ്റയുടെ അസിസ്റ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. 56ാം മിനിറ്റില്‍ റാക്കിറ്റിക്കും ബാഴ്‌സലോണയ്ക്കായി ലക്ഷ്യം കണ്ടു. ഇതിഹാസ താരം ബഫണ്‍ ഗോള്‍വല കാത്തിട്ടും മെസ്സിയുടെ മുന്നേറ്റങ്ങളെ തടുത്തിടാന്‍ യുവന്റസിനായില്ല. 4-2-3-1 ശൈലിയില്‍ ഇറങ്ങിയ യുവന്റസിന്റെ പ്രതിരോധത്തിലെ പിഴവാണ് ടീമിന് തിരിച്ചടിയായത്.
മറ്റൊരു മല്‍സരത്തില്‍ ആന്‍ഡര്‍ലെചന്റിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബയേണ്‍ മ്യൂണിക്കും വിജയം കൊയ്തു. ലെവന്‍ഡോസ്‌കി (12) അല്‍ക്കാന്ററ (65), കിമ്മിച്ച് (90) എന്നിവരുടെ കരുത്തിലാണ് ബയേണ്‍ വിജയക്കൊടി പാറിച്ചത്. 11ാം മിനിറ്റില്‍ ആന്‍ഡര്‍ലെചന്റ് താരം സെന്‍ കുംസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് ടീമിന് തിരിച്ചടിയായി.


നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സി മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ്    ഖാരബാഗിനെ തോല്‍പ്പിച്ചത്. അഞ്ചാം മിനിറ്റില്‍ പെട്രോയിലൂടെ അക്കൗണ്ട് തുറന്ന ചെല്‍സിക്ക് വേണ്ടി ഡേവിഡ് സപ്പകോസ്റ്റ (30) സീസര്‍ അസ്പിലിക്യൂറ്റ (55), ബാക്കയോക്കൊ (71), ബാറ്റ്ഷുവായ് (75) എന്നിവരും ലക്ഷ്യം കണ്ടു. ഖാരബാഗ് താരം മെഡ്‌ദേവിന്റെ സെല്‍ഫ് ഗോളിലാണ് ചെല്‍സിയുടെ ആറാം ഗോള്‍.

എഡിസണ്‍ കവാനി ഇരട്ടഗോളുകളോടെ പടനയിച്ച മല്‍സരത്തില്‍ പിഎസ്ജിയും വിജയം കണ്ടു. സെല്‍റ്റിക്കിനെ 5-നാണ് ഫ്രഞ്ച് ക്ലബ് തറപറ്റിച്ചത്. 19ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറാണ് പിഎസ്ജിയ്ക്കായി ആദ്യ ഗോള്‍ നേടിയത്. എംബാപ്പെ (34), കവാനി (40,85) എന്നിവരും പിഎസ്ജിക്കായി ഗോള്‍വല കുലുക്കിയപ്പോള്‍ സെല്‍റ്റിക്ക് താരം ലെസ്റ്റിങിന്റെ സെല്‍ഫ് ഗോളിലൂടെയാണ് പിഎസ്ജിക്ക് ഒരു ഗോള്‍ ലഭിച്ചത്.
ജോസ് മൊറീഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഗംഭീര ജയമാണ് അക്കൗണ്ടിലാക്കിയത്. ബേസിലിനെ 3-0ന് നാണം കെടുത്തിയാണ് യുനൈറ്റഡ് വിജയം സ്വന്തമാക്കിയത്. 35ാം മിനിറ്റില്‍ ഫെല്ലിനിയിലൂടെ സ്‌കോര്‍ബോര്‍ഡ് തുറന്ന യുനൈറ്റഡിന് വേണ്ടി ലുക്കാക്കു (53) റാഷ്‌ഫോര്‍ഡ് (84) എന്നിവരും ഗോള്‍ സ്വന്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക