|    Nov 15 Thu, 2018 1:54 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മെസേജ് ആപ്പുകള്‍ നിയന്ത്രിക്കാന്‍ നിയമം വേണം

Published : 19th July 2018 | Posted By: kasim kzm

ആള്‍ക്കൂട്ട കൊലകള്‍ തടയുന്നതിനു കര്‍ക്കശമായ പുതിയ നിയമങ്ങള്‍ വേണമെന്നു സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നു. നിലവിലിരിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അലംഭാവം പലപ്പോഴും അപരിഷ്‌കൃതമായ ഇത്തരം കുറ്റകൃത്യങ്ങള്‍ വ്യാപിപ്പിക്കുന്നതിനു കാരണമാവുന്നുണ്ടാവും. എന്നാല്‍ അതേയവസരം, വിഷം നിറഞ്ഞ വീഡിയോ-ഓഡിയോ ക്ലിപ്പുകളും പ്രകോപനമുളവാക്കുന്ന ഫോട്ടോകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് പോലുള്ള മെസേജ് ആപ്പുകള്‍ അക്രമങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്.
വാട്ട്‌സ്ആപ്പ് സന്ദേശം വഴിയാണ് ഏതാനും ദിവസം മുമ്പ് കര്‍ണാടകയില്‍ മുഹമ്മദ് അഅ്‌സം എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ കൊല ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍ ഇതിനകം 30ലധികം പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചാരണം മൂലം നടന്ന ആക്രമണങ്ങളില്‍ മരണമടഞ്ഞു.
വളരെ ഭീതിദമായ അന്തരീക്ഷം സൃഷ്ടിച്ച് അതിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ വലതുപക്ഷവും ക്രിമിനല്‍ സംഘങ്ങളും നടത്തുന്ന ശ്രമങ്ങള്‍ക്ക് മെസേജ് ആപ്പുകള്‍ വളരെയേറെ ഉപകരിക്കുന്നുണ്ടെങ്കിലും അതു സംബന്ധിച്ച് വ്യാപകമായ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഇന്ത്യയില്‍ 20 കോടി ആളുകള്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അക്രമികള്‍ പല ഭാഷക്കാരും ദേശക്കാരുമാണെങ്കിലും ആള്‍ക്കൂട്ട കൊലകള്‍ക്കൊക്കെ ഒരേ നിറവും സ്വഭാവവും നല്‍കുന്നത് വാട്ട്‌സ്ആപ്പാണ്. കോഡിലേക്ക് മാറ്റി സന്ദേശം അയക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ അയച്ചവരാരെന്നു കണ്ടുപിടിക്കാന്‍ പ്രയാസമാണ്. വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് എളുപ്പമായതിനാല്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തി ആരെയും പിശാചുവല്‍ക്കരിക്കാന്‍ കൊലയാളി സംഘങ്ങള്‍ രംഗത്തുവരുന്നു.
മധ്യപ്രദേശിലെ മന്ദ്‌സോറില്‍ ഒരു എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത യുവാവിനെ സംരക്ഷിക്കാനായി ‘മുസ്‌ലിംകള്‍ തെരുവിലിറങ്ങി’യെന്ന വ്യാജ വാര്‍ത്ത വന്നത് വാട്ട്‌സ്ആപ്പിലൂടെയാണ്. യുപിയിലെ കൈറാനയില്‍ നിന്നുള്ള ലോക്‌സഭാംഗം തബസ്സും ഹസന്‍, തന്റെ വിജയം രാമന്റെ പരാജയമാണെന്നു പറഞ്ഞുവെന്നു പ്രചരിപ്പിക്കാന്‍ ഹിന്ദുത്വര്‍ ഈ ആപ്പ് തന്നെയാണ് ഉപയോഗിച്ചത്.
അമേരിക്കയിലിരുന്നു നിയന്ത്രിക്കുന്ന, ഇന്ത്യയില്‍ ഒരു ഓഫിസ് പോലുമില്ലാത്ത വാട്ട്‌സ്ആപ്പ് സമൂഹത്തില്‍ ഉണ്ടാക്കുന്ന അനര്‍ഥങ്ങള്‍ എണ്ണിയാല്‍ തീരില്ല. ഇന്ത്യയില്‍ വ്യാപകമായ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്ന മെസേജ് ആപ്പിന്റെ മാനേജ്‌മെന്റ് ഇന്നുവരെ കൊലകള്‍ തടയുന്നതിനോ ഊഹാപോഹം തടയുന്നതിനോ നടപടിയെടുത്തതായി കാണുന്നില്ല. തങ്ങള്‍ വെറും മാധ്യമങ്ങള്‍ മാത്രമാണെന്നു പറയുന്ന ഗൂഗഌം ഫേസ്ബുക്കും ഈ അക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ തന്നെയാണ്. മെസേജ് ആപ്പുകളുടെ ഉടമകളായ അത്തരം കമ്പനികളെ നിയന്ത്രിക്കുന്നതിനാണ് നിയമ നിര്‍മാണം നടത്തേണ്ടത്. ഏകാധിപതികള്‍ തങ്ങളുടെ സിംഹാസനം സംരക്ഷിക്കുന്നതിനു സാമൂഹിക മാധ്യമങ്ങളുടെ മേല്‍ കൂച്ചുവിലങ്ങിടുന്നതു പോലെയല്ല അത്. പല ജനാധിപത്യ സമൂഹങ്ങളിലും ബാല ലൈംഗിക പീഡനം പ്രോല്‍സാഹിപ്പിക്കുന്നത് വിലക്കുന്ന നിയമങ്ങളുണ്ട്. അത്തരം നിയമങ്ങളിലൂടെ മാത്രമേ ഇന്ത്യ പ്രാകൃത യുഗത്തിലേക്ക് കൂപ്പുകുത്തുന്നത് തടയാന്‍ പറ്റൂ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss