|    Apr 21 Sat, 2018 9:16 pm
FLASH NEWS
Home   >  Editpage  >  Editorial  >  

മെര്‍ക്കുറിയുണ്ട്; നിലവിളക്കെന്തിന്?

Published : 24th September 2016 | Posted By: SMR

ഒ അബ്ദുല്ല

”നിലവിളക്ക് കൊളുത്താതിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്, സംശയമില്ല. എങ്കിലും മതബന്ധമുള്ളതുകൊണ്ടു മാത്രം നിലവിളക്കിനെ ശത്രുവായി പ്രഖ്യാപിക്കുന്നത് ശരിയോ എന്നും ആലോചിക്കേണ്ടേ? അങ്ങനെയാണെങ്കില്‍ കര്‍ണാടക സംഗീതം, ഭരതനാട്യം, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍, പുരാണേതിഹാസങ്ങള്‍, കലാശില്‍പങ്ങള്‍ എന്നിവയൊക്കെ അകറ്റിനിര്‍ത്തേണ്ടിവരില്ലേ?  ഓരോ കലാരൂപവും അതത് മതക്കാര്‍ മാത്രം ആസ്വദിക്കുകയും അവതരിപ്പിക്കുകയും ചെയ്താല്‍ മതിയെന്നാണെങ്കില്‍ ജീവിതം എത്ര ശുഷ്‌കമാവും!”- കമ്മ്യൂണിസ്റ്റ് ബൗദ്ധികാചാര്യന്‍ യശശ്ശരീരനായ പി ഗോവിന്ദപ്പിള്ളയുടെ പുത്രനായ, ഇടതുപക്ഷ ബുദ്ധിജീവിയെന്നു വിശേഷിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ലാത്ത എം ജി രാധാകൃഷ്ണന്റേതായി മാധ്യമം ദിനപത്രത്തില്‍ വന്ന ലേഖനത്തിലെ പരാമര്‍ശങ്ങളാണ് മേല്‍ ഉദ്ധരിച്ചത്.
മുന്‍മന്ത്രി എം കെ മുനീര്‍ ശിവസേന എന്ന ഹിന്ദുത്വ ഭീകരസംഘടന സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യവെ നിലവിളക്കു കൊളുത്തിയത് വിവാദമായതിനെ തുടര്‍ന്നുണ്ടായ സംവാദമാണ് ലേഖനപശ്ചാത്തലം. മെര്‍ക്കുറി വെളിച്ചത്തിലും ഇതര ആലക്തിക പ്രകാശത്തിലും മുങ്ങിക്കുളിച്ചുനില്‍ക്കുന്ന 21ാം നൂറ്റാണ്ടിലും ഒരു സമൂഹം നിലവിളക്കില്‍ നിന്നു പ്രസരിക്കുന്ന ദരിദ്രവാസി വെളിച്ചത്തിന്മേല്‍ സ്വന്തം ചിന്തയെ കെട്ടിനിര്‍ത്തിയാല്‍ ആ ചിന്ത എന്തു മാത്രം ഇരുള്‍ മുറ്റിയതായിരിക്കുമെന്ന് മനസ്സിലാക്കാന്‍ എം ജി രാധാകൃഷ്ണന്റെ ഉദ്ധൃത വാചകം സഹായകമാണ്.
വിഷയത്തിന്റെ കാതല്‍ഭാഗത്തേക്കു കടക്കാന്‍ ശ്രമിക്കും മുമ്പ് ലളിതമായൊരു ചോദ്യം: നിലവിളക്ക് കൊളുത്തല്‍ ഭരതനാട്യം കണക്കെ തികച്ചും നിര്‍ദോഷമായ ഒരു കലാരൂപമാണോ? അഥവാ ഇപ്പറഞ്ഞതില്‍ നിന്നു വ്യത്യസ്തമായി നിലവിളക്കിനു മതപരമായൊരു നിലപാടുതറയില്ലേ? എങ്കില്‍ തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടേക്കോ തിരിച്ചോ യാത്ര ചെയ്യവെ സന്ധ്യാസമയത്ത് ഹൈന്ദവവീടുകളിലെ മങ്കമാര്‍ പകലവനെ യാത്രയയച്ച് രാത്രിയെ ഭവ്യതയോടെ സ്വീകരിക്കാന്‍ കൊളുത്തിവയ്ക്കുന്ന മോന്തിത്തിരിക്കു പകരം സന്ധ്യാസമയത്ത് ഓരോ ഹൈന്ദവവീടുകളിലും ഓട്ടന്‍തുള്ളല്‍ സംഘടിപ്പിച്ചാല്‍ മതിയോ?
ചടങ്ങുകള്‍ സമാരംഭിക്കും മുമ്പ് ഇനിയങ്ങോട്ട് കഥകളിയോ കര്‍ണാടക സംഗീതമോ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടേ? നിലവിളക്കു കൊളുത്തല്‍ വിവാദം ഒഴിവാക്കുക ലക്ഷ്യംവച്ച് ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആമുഖമായി ചാക്യാര്‍കൂത്ത് സംഘടിപ്പിച്ചാല്‍ നിലവിളക്കിന്റെ മതാത്മകപ്രാധാന്യം അറിയുന്ന വല്ലവനും പരിസരത്തുണ്ടെങ്കില്‍ ഇതെന്തു കൂത്താണെടോ എന്നു പറഞ്ഞ് അവര്‍ സ്റ്റേജിലേക്ക് ഉരുളന്‍കല്ലുകള്‍ വലിച്ചെറിയുകയില്ലേ?
ഒരു ലേഖനമെഴുതി ഒറ്റവായനയ്ക്ക് ആരെയും ഞെട്ടിക്കാന്‍ എനിക്കും എം ജി രാധാകൃഷ്ണനും എളുപ്പത്തില്‍ കഴിഞ്ഞേക്കും. അങ്ങനെ നാം എഴുത്തുകാര്‍ എത്രയോ ആടുകളെ പട്ടിയാക്കിയിട്ടുണ്ട്; പട്ടിയെ പേപ്പട്ടിയും. അക്കാരണത്താല്‍ മാത്രം തല്ലിക്കൊല്ലപ്പെട്ട നിരപരാധികളായ പട്ടികളുടെ എണ്ണത്തിനു കൈയും കണക്കുമില്ല. പക്ഷേ, ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുകയും അതിന്റെ പേരില്‍ ചിലരെയൊക്കെ ഇഹത്തില്‍ ശാശ്വതമായി സമുദായഭ്രഷ്ടരും പരത്തില്‍ നരകത്തിലുമാക്കിക്കൊണ്ടിരിക്കുകയും ചെയ്യവെ രാധാകൃഷ്ണനെപ്പോലെ കൃതഹസ്തനായ ഒരാള്‍ ഇമ്മാതിരി ഫലിതം പറഞ്ഞാലോ!
കഥകളിയോടോ ഭരതനാട്യത്തോടോ ഓട്ടന്‍തുള്ളലിനോടോ അവ സവര്‍ണ ക്ഷേത്രകലകളായിരിക്കെത്തന്നെ ഇവിടെ മതപരമായ കാരണങ്ങളാല്‍ ആര്‍ക്കെങ്കിലും അലര്‍ജി ഉള്ളതായി അറിയില്ല. ഏതെങ്കിലും ചടങ്ങിന്റെ ഉദ്ഘാടനവേളയില്‍ ഓട്ടന്‍തുള്ളല്‍ നടത്തിയാല്‍ മമ്മൂട്ടിക്ക് തന്റെ മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അബ്ദുറബ്ബിനോട് കയര്‍ക്കേണ്ടിവരില്ല. സമസ്ത കേരള എന്ന മതസംഘടനക്കു സി എച്ച് മുഹമ്മദ് കോയയുടെ ഒരേയൊരു മകന് മഞ്ഞകാര്‍ഡ് കാണിക്കേണ്ടിവരില്ല. ഡിവൈഎഫ്‌ഐക്ക് പ്രതിഷേധസൂചകമായി ഓട്ടന്‍തുള്ളല്‍ അകമ്പടിയോടെ പ്രതിഷേധപ്രകടനം നടത്തേണ്ടിവരില്ല.
മതബന്ധമുള്ളതുകൊണ്ടു മാത്രം നിലവിളക്കിനെ ശത്രുവായി പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന ലേഖകന്റെ ചോദ്യത്തിന് നമ്മുടെ പഴയ ഹാജിയാര്‍ പറഞ്ഞ മറുപടിയാണ് ഓര്‍മ വരുന്നത്. ഹാജിയാര്‍ക്ക് രണ്ടു കെട്ടിയോളുമാര്‍. ആദ്യഭാര്യയുമായി പിണങ്ങിയപ്പോള്‍ ഹാജിയാര്‍ സ്വത്തെല്ലാം രണ്ടാം ഭാര്യയുടെ മക്കളുടെ പേരിലാക്കിയത് സ്വാഭാവികം. അതറിഞ്ഞ ഒന്നാം ഭാര്യയും മക്കളും ഹാജിയാരുടെ ലോഡ്ജില്‍ കയറി താമസമാക്കി. തുടര്‍ന്ന് പ്രശ്‌നം രാഷ്ട്രീയക്കാര്‍ ഏറ്റെടുത്തതിനാല്‍ വിവാദമായി. വഴക്ക്, വക്കാണം, പ്രക്ഷോഭം, പ്രകടനം; ഹാജിയാര്‍ കോടതിയില്‍ നിന്നു കോടതി കയറി വലഞ്ഞു. മധ്യസ്ഥര്‍ ഇടപെട്ട് പല ഫോര്‍മുലകളും മുന്നോട്ടുവച്ചു. ഹാജിയാര്‍ വഴങ്ങിയില്ല. അവസാനം മധ്യസ്ഥര്‍ പറഞ്ഞു: ”ഒന്നുമില്ലെങ്കില്‍ ഹാജിയാരേ, അവിടെ കയറി താമസിക്കുന്നത് നമ്മുടെ കുട്ടികളല്ലേ? ഒരല്‍പം വിട്ടുവീഴ്ച ചെയ്യരുതോ?” ഹാജിയാരുടെ മറുപടി ലളിതമായിരുന്നു: ”അതുതന്നെയാണ് സഖാവേ പ്രശ്‌നം. ഒന്നാം ഭാര്യയിലെ കുട്ടികള്‍ എന്റേതല്ല, നമ്മുടേതാണ്.”
നിലവിളക്കിന്റെ മതബന്ധം തന്നെയാണ് പ്രശ്‌നം. വൈദ്യുതവെളിച്ചത്തിനു മുമ്പില്‍ സാംസ്‌കാരികമായ ചില അടയാളങ്ങളില്ലായിരുന്നുവെങ്കില്‍ നിലവിളക്ക് പിടിച്ചുനില്‍ക്കാനാവാതെ എന്നോ കെട്ടുപോകുമായിരുന്നു. നിലവിളക്കിന്റെ ഈ സാംസ്‌കാരിക മാനത്തെ മുസ്‌ലിംകള്‍ മാനിക്കുന്നു. നിലവിളക്കിനെ നിന്ദിക്കാതിരിക്കാന്‍ അവര്‍ മതപരമായിത്തന്നെ ബാധ്യസ്ഥരാണ്. കാരണം, ഇതര സമുദായക്കാരുടെ ആരാധനാചിഹ്നങ്ങളെ നിന്ദിക്കാതിരിക്കുക എന്നത് ഇസ്‌ലാമിക അധ്യാപനങ്ങളുടെ ഭാഗമാണ്. എന്നാല്‍, അവര്‍ നിലവിളക്കിനെ വന്ദിക്കുകയുമില്ല. മമ്മൂട്ടി-മുനീര്‍ മൗലാനമാരല്ല അക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് അവലംബം; വിശുദ്ധ ഖുര്‍ആനാണ്.
ദീപാരാധന സവര്‍ണ ഹിന്ദുത്വത്തിന്റെ ഒരു പ്രതീകമാണെന്നത് അവിതര്‍ക്കിതമാണ്. (കേരളത്തിലെ ദലിതര്‍ക്ക് എവിടെ നിലവിളക്ക്?). എന്നിരിക്കെ ഭദ്രദീപത്തിന്റെ തെക്കുഭാഗത്തേക്കോ വടക്കുഭാഗത്തേക്കോ തിരിഞ്ഞു നമസ്‌കരിക്കാന്‍ കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസത്തിന്റെ ഉപാസകര്‍ക്ക് നിര്‍വാഹമില്ല. തൗഹീദ് അഥവാ ഏകദൈവവിശ്വാസം എന്ന ഇസ്‌ലാമിക മൗലികതയുടെ പരികല്‍പനയ്ക്ക് ഇസ്‌ലാം കല്‍പിക്കുന്ന അതീവഗൗരവതരവും ചോദ്യംചെയ്തുകൂടാത്തതുമായ പ്രാധാന്യം എം ജി രാധാകൃഷ്ണനു പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. മുസ്‌ലിംകളായിരുന്നിട്ടുപോലും മമ്മൂട്ടിക്കും മുനീറിനും അതിനു സാധിച്ചിട്ടില്ലാത്ത സ്ഥിതിക്കു വിശേഷിച്ചും.
തൗഹീദിന്റെ എതിര്‍വാക്ക് ശിര്‍ക്കാണ്. തൊണ്ണൂറ്റൊമ്പതും പിന്നെ ഒന്നും പേരെ വധിച്ചവര്‍ക്ക് ഇസ്‌ലാമില്‍ മാപ്പുണ്ട്. എന്നാല്‍, ദൈവത്തിന്റെ ദാത്തി(സത്ത)ല്‍ പ്രകൃതിശക്തികളെയോ മറ്റേതെങ്കിലും പ്രതിഭാസങ്ങളെയോ പങ്കുചേര്‍ക്കുന്നവന് ഇസ്‌ലാമികദൃഷ്ട്യാ മോക്ഷമില്ല. ഇന്ത്യാ രാജ്യത്തിന്റെ പരമാധികാരത്തില്‍ പാകിസ്താനും ചൈനയ്ക്കും നേരിയ തോതില്‍ പങ്കുണ്ടെന്നു പറയുന്നതും എന്തിന് കരുതുന്നതുപോലും എന്തുമാത്രം ഭീമമായ രാജ്യദ്രോഹമാണോ അതിനേക്കാള്‍ ഗുരുതരമായ ദൈവധിക്കാരമാണ് ശിര്‍ക്ക്.
വിളക്ക് കത്തിക്കാതിരിക്കുന്നവര്‍ക്ക് അതു കത്തിക്കാതിരിക്കാന്‍ സ്വാതന്ത്ര്യമുള്ളതുപോലെ മുനീറിനു വിളക്കു കൊളുത്താനുള്ള ജനാധിപത്യാവകാശം സ്വായത്തമാണെന്നാണ് രാധാകൃഷ്ണന്‍ വാദിക്കുന്നത്. രാധാകൃഷ്ണനെപ്പോലെ വിവരമുള്ളവര്‍ ഉണര്‍ത്തേണ്ടതാണോ ഇത്തരം ജനാധിപത്യാവകാശം? അഥവാ ഇതൊരു അവകാശത്തിന്റെ പ്രശ്‌നമാണോ? കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് നേതൃത്വം അബ്ദുല്ലക്കുട്ടിയോട് വല്യുമ്മയുടെ മയ്യിത്ത് നമസ്‌കരിക്കാന്‍ പോവരുതെന്നു പറഞ്ഞു; അബ്ദുല്ലക്കുട്ടി അനുസരിച്ചു.  മാതാവിന്റെ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അന്യര്‍ക്കുള്ള അവകാശം സ്വന്തം പേരക്കുട്ടിക്ക് എന്തുകൊണ്ട് പാര്‍ട്ടി വകവച്ചുകൊടുത്തില്ല? എം ജി രാധാകൃഷ്ണന്റെ പിതാവ് ഗോവിന്ദപ്പിള്ളയുടെ ജനാധിപത്യാവകാശങ്ങളുടെ എത്രയെത്ര ചിറകുകള്‍ പാര്‍ട്ടി വെട്ടിയിട്ടിട്ടുണ്ട്? എന്തുകൊണ്ട് എംജി അക്കാര്യം അന്നു ചോദ്യം ചെയ്തില്ല?
റമദാന്റെ പകല്‍ മുസ്‌ലിംകള്‍ക്ക് അന്നപാനീയങ്ങള്‍ പാടില്ല. മറ്റുള്ളവര്‍ക്ക് ആ ദിനങ്ങളിലുള്ള ജനാധിപത്യാവകാശം ആരാണ് വിശ്വാസികളില്‍ നിന്ന് അപഹരിച്ചെടുക്കുന്നത്? ഹിന്ദുത്വശക്തികള്‍ പൊതുവായ പലതും അപഹരിച്ചെടുക്കുന്നു. ഇപ്രകാരം പിടിച്ചെടുക്കുന്നവയെ പിടിച്ചെടുക്കുന്നവര്‍ക്കുതന്നെ നല്‍കി മറ്റു വിഭാഗങ്ങള്‍ അവയെ ശത്രുക്കളായി പ്രഖ്യാപിക്കുകയാണോ വേണ്ടതെന്ന് ലേഖകന്‍ ചോദിക്കുന്നു. അതെ എന്നാണ് ഇതിനു വളച്ചുകെട്ടില്ലാത്ത മറുപടി. ഹൈന്ദവരുടെയോ മറ്റേതെങ്കിലും മതസ്ഥരുടെയോ മിത്തുകളുടെ കൊട്ടയില്‍ കൈയിട്ടുവാരേണ്ട ആവശ്യം മുസ്‌ലിംകള്‍ക്കില്ല. എന്നല്ല, ഭദ്രദീപത്തെയും ഗണപതി വിഗ്രഹത്തെയും ശ്രീനാരായണഗുരുവിനെയും കുരിശിനെയുമെല്ലാം അതതു മതസ്ഥര്‍ അവരുടെ നെഞ്ചോടു ചേര്‍ത്തുപിടിച്ച് ആര്‍ക്കും കൊടുക്കാതെ സ്വന്തമാക്കിയതിനോട് സിപിഎം പോലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാണിക്കുന്ന അസ്വസ്ഥത മുസ്‌ലിംകള്‍ക്കില്ല. മറിച്ച് അവരെ അസ്വസ്ഥരാക്കുന്നത്, ആ മിത്തുകളെ തലയില്‍ വച്ചുകൊണ്ട് അവയെ എഴുന്നള്ളിച്ചു നടത്തുന്ന ജാഥയില്‍ തങ്ങളെ നിര്‍ബന്ധിച്ച് അണിനിരത്തുന്നതിലാണ്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്ന വിശാലമായ തത്ത്വത്തിലാണ് മുസ്‌ലിംകള്‍ക്ക് വിശ്വാസം. അവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മെര്‍ക്കുറിയുണ്ട്, നിലവിളക്ക് വേണ്ട.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss