|    Jan 22 Sun, 2017 5:51 pm
FLASH NEWS

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ നീക്കം

Published : 6th April 2016 | Posted By: SMR

കോഴിക്കോട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ നീക്കം. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കല്‍ ഓര്‍ഡിനന്‍സ് പ്രകാരം ഏറ്റെടുത്ത 707 ഏക്കര്‍ ഭൂമിയാണു സ്വകാര്യ വ്യക്തിക്കു കൈമാറാന്‍ നീക്കം നടത്തുന്നത്. ഇതുസംബന്ധിച്ച് ജനുവരി 5ന് സര്‍ക്കാര്‍ ഇഎഫ്എല്‍ കസ്റ്റോഡിയനെക്കൊണ്ട് വിജ്ഞാപനം ഇറക്കിച്ചതായി മുന്‍മന്ത്രിയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിട്ടയര്‍ ചെയ്യാനായ ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭീഷണിക്കു വഴങ്ങിയാണു വിജ്ഞാപനം ഇറക്കാന്‍ തയ്യാറായത്. റേഞ്ച് ഓഫിസറുടെയും തോട്ടം ഉടമയുടെയും ദീര്‍ഘനാളത്തെ ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. ബിര്‍ലയുടെ തേയിലത്തോട്ടമായിരുന്ന എസ്‌റ്റേറ്റ് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പരിധിയില്‍ വരുന്നതിനാലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍ക്കാരിന്റെ കൈയിലായിട്ടും സതേണ്‍ ഫീല്‍ഡ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ബിര്‍ല ഇതു നിയമവിരുദ്ധമായി വിറ്റു. ഇതില്‍ നിന്ന് 70 ഏക്കര്‍ ഐഎസ്ആര്‍ഒക്കും വിറ്റു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ സംഭവം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താന്‍ പോലും അറിയാതെ ചില ഉദ്യോഗസ്ഥന്‍മാരും കേന്ദ്രസര്‍ക്കാരും ഐഎസ്ആര്‍ഒയും ചേര്‍ന്നാണ് അന്ന് ആ നീക്കം നടത്തിയതെന്ന് അന്ന് മന്ത്രിയായിരുന്ന ബിനോയ് വിശ്വം പറഞ്ഞു.
ബാക്കിയുള്ള സ്ഥലത്തിനുകൂടി നിയമ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവും സതേണ്‍ ഫീല്‍ഡ് വെഞ്ചേഴ്‌സിന് ഈ ഇടപാടിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍, തന്റെ കര്‍ശനമായ നിലപാടാണ് അന്ന് ആ നീക്കം പൊളിച്ചത്. ഇതിനെ കോടതിപോലും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും സ്ഥലം സര്‍ക്കാര്‍ ഭൂമിയായി നിലനിര്‍ത്തുകയും ചെയ്തു. ഈ സ്ഥലമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ നീക്കം നടത്തുന്നത്. വിവിധ പത്രങ്ങളില്‍ മുഖ്യമന്ത്രി എഴുതിയ ലേഖനത്തില്‍ ഈ സ്ഥലം ഇടതുസര്‍ക്കാര്‍ സ്വകാര്യവ്യക്തിക്ക് കൈമാറിയിട്ടുണ്ട് എന്നാണു പറയുന്നത്. എന്നാല്‍, ഇത് ഇപ്പോഴും സര്‍ക്കാര്‍ ഭൂമിയായി നിലനില്‍ക്കുകയാണ്. മറിച്ചാണെങ്കില്‍ അതിന്റെ നോട്ടിഫിക്കേഷന്‍ ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്യായമായ ഭൂമിയിടപാടുകളില്‍ റവന്യൂ മന്ത്രിയെപ്പോലെയോ അതിനേക്കാള്‍ കൂടുതലോ പങ്ക് ഉമ്മന്‍ചാണ്ടിക്കുള്ളതുകൊണ്ടാണ് അടൂര്‍ പ്രകാശിന് സീറ്റ് കൊടുത്തില്ലെങ്കില്‍ താന്‍ മല്‍സരിക്കില്ലെന്ന് അദ്ദേഹം പറയാന്‍ കാരണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക