|    Jan 18 Wed, 2017 9:49 am
FLASH NEWS

മെര്‍ക്കലില്‍ നിന്നു മോദിക്കൊരു പാഠം

Published : 22nd November 2015 | Posted By: SMR

slug-indraprasthamബഡായി പറഞ്ഞാല്‍ ഭരണമാവില്ലെന്ന് ഇനിയെപ്പോഴാണാവോ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവര്‍കള്‍ക്കു ബോധ്യമാവുക? ടിയാന്‍ പതിറ്റാണ്ടിലേറെ കാലം ഗുജറാത്തില്‍ ഭരണം നടത്തിയ കക്ഷിയാണ്. അവിടത്തെ ഭരണനേട്ടങ്ങളുടെ അക്കൗണ്ടിലാണ് രാജ്യഭരണം തന്നെ ജനം അങ്ങേരെ ഏല്‍പിച്ചത്. എന്തൊരു കൊട്ടും കുരവയുമായാണ് ഭരണം തുടങ്ങിയത്. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ മന്‍മോഹന്‍ സിങിന്റെ ഭരണമായിരുന്നു ഭേദമെന്ന് സകല ജനവും പറയാന്‍ ആരംഭിച്ചിരിക്കുന്നു.
കമ്പോളം കള്ളം പറയില്ലല്ലോ. കമ്പോളത്തിന് ആകെ മനസ്സിലാവുന്നത് പണത്തിന്റെ മൂല്യമാണ്. ഭരണം നല്ലതാണെങ്കില്‍ കമ്പോളം ഉണരും. വ്യാപാര-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. പുതിയ വ്യവസായങ്ങളും മറ്റും ഉയര്‍ന്നുവരും. അതു ധാരാളം പേര്‍ക്ക് തൊഴില്‍ നല്‍കും. അങ്ങനെ നാടു നന്നാവണമെങ്കില്‍ ആദ്യം വേണ്ടത് സ്വസ്ഥമായി വ്യാപാര-വാണിജ്യ-വ്യവസായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ അന്തരീക്ഷമാണ്. മുടക്കിയ പണം വെള്ളത്തിലാവില്ലെന്ന ബോധ്യമുണ്ടാവണം. ഭരണകൂടത്തിന്റെ ശക്തി ഇരിക്കുന്നത് ജനങ്ങളിലും നിക്ഷേപകരിലും ആത്മവിശ്വാസം വളര്‍ത്തുന്നതിലാണ്.
മോദി പരാജയപ്പെട്ടതും അവിടെയാണ്. ഗുജറാത്തല്ല ഇന്ത്യയെന്ന തിരിച്ചറിവ് ഭരണം രണ്ടു കൊല്ലം തികയാറാവുന്ന ഈ അവസരത്തിലും മോദിക്ക് ഉണ്ടായ ലക്ഷണമില്ല. ജനങ്ങള്‍ വിഡ്ഢികളല്ലെന്നും അവര്‍ക്ക് സ്വന്തം അനുഭവങ്ങളിലൂടെ നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ശേഷിയും പക്വതയും ഉണ്ടെന്നതും മനസ്സിലാക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയമാണെന്നത് ഇതുവരെയുള്ള അനുഭവം.
ഒരു കാര്യം തീര്‍ത്തും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്കിടയിലോ മറുനാട്ടിലെ വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും ഇടയിലോ ഭരണത്തെ സംബന്ധിച്ച വിശ്വാസവും താല്‍പര്യവും ജനിപ്പിക്കുന്നതില്‍ മോദിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ലണ്ടനിലെ ദ ഇകണോമിസ്റ്റ് എന്ന പ്രസിദ്ധീകരണം മോദിയെ സംബന്ധിച്ച ഈ അവിശ്വാസത്തിന്റെ പ്രശ്‌നം തുറന്നുകാട്ടി.
രാജ്യത്ത് അദ്ദേഹത്തിന്റെ സ്വന്തം കക്ഷിയിലെയും സംഘപരിവാരത്തിലെയും ഭ്രാന്തന്മാര്‍ പശുവിന്റെ പേരിലും മറ്റും കാണിച്ചുകൂട്ടിയ തെമ്മാടിത്തങ്ങള്‍ ചൂണ്ടിക്കാട്ടി അവരുടെ ഏഷ്യന്‍ കോളമിസ്റ്റ് ചോദിച്ചത്, ഇതിലൊക്കെ എന്താണ് മോദിയുടെ നിലപാടെന്നാണ്. മോദി നേരിട്ട് ഇത്തരം ആക്രമണങ്ങളില്‍ ഇടപെട്ടില്ലെന്ന് അദ്ദേഹം തുറന്നുപറയുന്നു. എന്നാല്‍, അതിനെ അദ്ദേഹം ഒരിക്കലും നേരിട്ട് അപലപിച്ചിട്ടുമില്ല. ഗുജറാത്തില്‍ 2002ലും മോദി ഇതുതന്നെയാണ് ചെയ്തത്. മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണം നടന്നപ്പോള്‍ കണ്ടില്ലെന്നു നടിച്ചു. അപ്പോള്‍ മോദിയുടെ നിലപാടെന്തെന്നാണ് ഇക്കണോമിസ്റ്റ് കൃത്യമായി ചോദിക്കുന്നത്.
ഇത്തരം ഭ്രാന്തന്‍ ജല്‍പനങ്ങളെ എന്തുകൊണ്ട് പ്രധാനമന്ത്രി ശക്തിയുക്തം പ്രതിരോധിക്കുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. ഇത് അന്താരാഷ്ട്രതലത്തില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങുന്ന ചോദ്യമാണെന്നു മോദി മനസ്സിലാക്കുന്നതായി തോന്നുന്നില്ല. കാരണം, ബിഹാറില്‍ തോറ്റ ശേഷം പോലും ഇന്ത്യയുടെ മതേതര-ജനാധിപത്യ പാരമ്പര്യങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്ന ഒരു പ്രസ്താവനയും പ്രധാനമന്ത്രിയില്‍ നിന്നു വന്നിട്ടില്ല. ഭരണകൂടത്തില്‍ നിന്ന് ആകെ വന്നത് പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജിയില്‍ നിന്നാണ്. അദ്ദേഹം പഴയ കോണ്‍ഗ്രസ്സുകാരനാണെന്ന് ഇകണോമിസ്റ്റ് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
എന്നാല്‍, ഇത്തരം പ്രതിസന്ധികളില്‍ ലോകനേതാക്കള്‍ എന്തു നിലപാടെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്. സിറിയയില്‍ നിന്ന് അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് ഇരച്ചുകയറിയപ്പോള്‍ അവരെ സ്വാഗതം ചെയ്തത് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കലാണ്. നാട്ടില്‍ അത് എളുപ്പത്തില്‍ സ്വീകരിക്കപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മെര്‍ക്കല്‍ അഭയാര്‍ഥികള്‍ക്ക് സ്വാഗതമോതിയത്. പാരിസില്‍ ആക്രമണമുണ്ടായ ശേഷം അഭയാര്‍ഥികളെ തടയാന്‍ നീക്കം നടത്തുന്നതിനെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ശക്തിയുക്തം എതിര്‍ത്തു. അഭയാര്‍ഥികള്‍ക്ക് അഭയം കൊടുക്കേണ്ടത് ലോകസമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ഒബാമ ഉറപ്പിച്ചുപറഞ്ഞു.
നിലപാടുകള്‍ വ്യക്തമാക്കേണ്ട സമയത്ത് രാഷ്ട്രീയലാഭത്തേക്കാള്‍ പ്രധാനം സമൂഹതാല്‍പര്യമാണ് എന്ന ബോധ്യമാണ് മെര്‍ക്കലും ഒബാമയും ചൂണ്ടിക്കാട്ടിയത്. അവര്‍ ലോകനേതാക്കളായി നിലനില്‍ക്കുന്നതും അതുകൊണ്ടുതന്നെയാണ്. നാല്‍പതു മുഴം നാക്കും ഓന്തിനെപ്പോലെ നിറം മാറാനുള്ള കഴിവും മാത്രം പോരാ രാജ്യതന്ത്രജ്ഞതയ്ക്ക് എന്നു മോദി ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക