|    Feb 21 Tue, 2017 11:12 am
FLASH NEWS

മെത്രാന്‍ കായല്‍ പാടത്ത് വിത്തെറിഞ്ഞു; അടുത്തലക്ഷ്യം ആര്‍ ബ്ലോക്കെന്ന് മന്ത്രി

Published : 11th November 2016 | Posted By: SMR

കോട്ടയം: കേരളത്തിന്റെ ഒരു തുണ്ടു കൃഷിഭൂമി പോലും കൃഷി ആവശ്യത്തിനല്ലാതെ വിട്ടു കൊടുക്കില്ല എന്ന പ്രഖ്യാപനമാണ് എട്ടു വര്‍ഷമായി തരിശു കിടന്ന മെത്രാന്‍ കായല്‍ പാടശേഖരത്തെ നെല്‍കൃഷി പുനരാരംഭിച്ചതിലൂടെ സര്‍ക്കാര്‍ നടത്തിയതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. മെത്രാന്‍ കായലില്‍ നെല്‍കൃഷി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടന്ന വിത്ത് വിത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്‍വയലുകള്‍ നികത്താതെയുളള വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രകൃതിയെ നശിപ്പിക്കുന്ന പ്രവര്‍ത്തനത്തിനെതിരേയുളള ശ്രമത്തിന്റെ ഭാഗമായാണ് മെത്രാന്‍ കായലില്‍ നെല്‍കൃഷി പുനരാരംഭിച്ചിട്ടുളളതെന്ന് അദ്ദേഹം പറഞ്ഞു. 404 ഏക്കര്‍ വിസ്താരമുള്ള മെത്രാന്‍ കായലില്‍ ഇപ്പോള്‍ നെല്‍കൃഷി ആരംഭിച്ചത് 25 ഏക്കറിലാണ്. ബാക്കി സ്ഥലം കര്‍ഷകരില്‍ നിന്നു നിര്‍ബന്ധപൂര്‍വം വാങ്ങി കൈവശം വച്ചുകൊണ്ടിരിക്കുന്ന കമ്പനിയെ നെല്‍കൃഷി അല്ലാതെ മറ്റൊരു പ്രവര്‍ത്തനവും നടത്താന്‍ സമ്മതിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിനകം കമ്പനിക്ക് വിത്ത് വിതയ്ക്കാനുള്ള സൗകര്യം ചെയ്യാന്‍ കൃഷി വകുപ്പ് സന്നദ്ധമാണ്. കമ്പനി നെല്‍കൃഷി ആരംഭിക്കാത്ത സാഹചര്യത്തില്‍ അവിടെ വിത്ത് വിതച്ച് കൊയ്‌തെടുക്കുന്നതിന് കര്‍ഷകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അനുവാദം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് സീലിങ് ആക്ടിനു വിപരീതമായി മെത്രാന്‍ കായല്‍ കൃഷി ഭൂമി കൈവശം വക്കുന്ന കമ്പനിക്കെതിരേ നടപടി സ്വീകരിക്കാന്‍ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം ഹെക്ടര്‍ പ്രദേശത്ത് കൃഷി വ്യാപകമാക്കാനുളള നീക്കത്തിലാണ് സര്‍ക്കാര്‍. നീര്‍ച്ചാലുകള്‍, നീരുറവകള്‍, തോടുകള്‍, കുളങ്ങള്‍ ഉള്‍പ്പടെയുളള ജല സ്രോതസ്സുകളെ പൂര്‍വ സ്ഥിതിയിലാക്കി ശുദ്ധമായ ജലം ഉറപ്പു വരുത്തി ജലക്ഷാമത്തിന് പരിപാഹാരം കാണും. നെല്‍പ്പാടങ്ങള്‍ നികത്താതെയുളള വികസനവുമായി മുന്നോട്ട് പോവുന്ന സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ആലപ്പുഴ ജില്ലയിലെ ആര്‍ ബ്ലോക്ക് പാടശേഖരത്തെ പഴയ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടുവരാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മെത്രാന്‍ കായല്‍ പാടശേഖരത്ത് നെല്‍കൃഷി പുനരാരംഭിക്കുന്നതിനു കര്‍ഷകരെ സംഘടിപ്പിച്ച കുഴിയില്‍ കരുണാകരന്‍ എന്ന കര്‍ഷകനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. പാടശേഖരത്തിനു സമീപം ചേര്‍ന്ന ചടങ്ങില്‍ കെ സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍, കലക്ടര്‍ സി എ ലത, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുമ ഫിലിപ്പ്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക