|    Mar 24 Fri, 2017 9:38 pm
FLASH NEWS

മെത്രാന്‍ കായല്‍- കടമക്കുടി നികത്തല്‍ ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കി

Published : 9th March 2016 | Posted By: G.A.G

തിരുവനന്തപുരം : ടൂറിസം പദ്ധതിക്കുവേണ്ടി കുമരകത്തെ മെത്രാന്‍ കായലും മെഡിസിറ്റിക്കുവേണ്ടി കടമക്കുടിയിലെ വയലുകളും നികത്താന്‍ അനുമതിനല്‍കിക്കൊണ്ട്  ഇറക്കിയ ഉത്തരവുകള്‍ സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിച്ചു. മെത്രാന്‍ കായല്‍ നികത്തുന്നതിനു ഹൈക്കോടതിയുടെ സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
കായല്‍ നികത്തല്‍ സംബന്ധിച്ച് രണ്ടു മാസത്തേക്കു തല്‍സ്ഥിതി തുടരാനാണ് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടത്. കുമരകം ഗ്രാമപ്പഞ്ചായത്തിനും റാക്കിന്റോ ഡെവലപ്പേഴ്‌സിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിരുന്നു.
മെത്രാന്‍ കായല്‍ -കടമക്കുടിയില്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ ചോദ്യം ചെയ്യുന്ന പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. ഇന്നു ചേരുന്ന മന്ത്രിസഭ ഈ രണ്ടു വിഷയങ്ങളും പരിഗണിക്കുമെന്നു റവന്യൂ സ്‌പെഷല്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ച സാഹചര്യത്തിലാണു കേസ് മാറ്റിയത്. തിരുവാങ്കുളം നേച്ചര്‍ ലവേഴ്‌സ് ഫോറം ആണു പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

ടൂറിസം പദ്ധതിയുടെ ഭാഗമായി റാക്കിന്റോ ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്ക് ഫൈവ്സ്റ്റാര്‍ ഹോട്ടലും റിസോര്‍ട്ടും പണിയുന്നതിനു മെത്രാന്‍ കായല്‍ നികത്താന്‍ അനുമതി നല്‍കി റവന്യൂ വകുപ്പ് അഡീഷനല്‍ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സ്‌റ്റേ വിധിച്ചത്.  മെത്രാന്‍ കായലിന്റെ ഭാഗമായ 7.80 ഹെക്ടറിന്റെ ഉടമ എന്‍ കെ അലക്‌സാണ്ടറാണ് കോടതിയെ സമീപിച്ചത്. നെല്‍കൃഷിയുള്‍പ്പെടെ കൃഷിക്കായി മാത്രം ഉപയോഗിക്കാവുന്ന പ്രദേശമാണിത്. 2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും നീര്‍ത്തട സംരക്ഷണവും വിനിയോഗവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമവും ലംഘിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. നെല്‍പ്പാടമായതിനാല്‍ മറ്റെന്തെങ്കിലും ഉപയോഗത്തിന് ഇവിടെ അനുമതി നല്‍കുന്നത് തന്റെ ഭൂമിയില്‍ നെല്‍കൃഷി നടത്താനുള്ള അവകാശത്തെ ഹനിക്കലാവുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
നടപടിമൂലമുണ്ടാവുന്ന ഭവിഷ്യത്തുകള്‍ വിലയിരുത്താതെയാണു ജില്ലാ കലക്ടര്‍ നികത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടത്. 2008 വരെ കൃഷി ചെയ്തിരുന്ന നിലമാണ് തന്റേത്. ഹരജിക്കാരന് ആവശ്യമെങ്കില്‍ സ്വന്തം ഭൂമിയില്‍ കൃഷിചെയ്യാമെന്നാണ് ജില്ലാ കലക്ടറുടെ നിലപാട്. എന്നാല്‍, 400 ഏക്കര്‍ വരുന്ന ഭൂമി വെള്ളം കയറിക്കിടക്കുന്നതാണ്. കുമരകം തെമോ റിസോര്‍ട്ടിന്റെ ഭാഗമായി മാറുന്ന പാടത്ത് തനിക്കൊറ്റയ്ക്ക് കൃഷിയിറക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ പറയുന്നു.

(Visited 149 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക