|    Dec 17 Sun, 2017 4:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ പദ്ധതി

Published : 14th June 2016 | Posted By: SMR

തിരുവനന്തപുരം: ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങളിലകപ്പെട്ട മെത്രാന്‍ കായലിലും ആറന്മുളയിലും കൃഷിയിറക്കാന്‍ സര്‍ക്കാര്‍ പദ്ധതി. മന്ത്രി വി എസ് സുനില്‍കുമാറും കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ചേര്‍ന്നാണു പദ്ധതി തയ്യാറാക്കുന്നത്. ഈ മാസം 17നകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്നു മന്ത്രിയും കൃഷിവകുപ്പ് സെക്രട്ടറിയും മെത്രാന്‍ കായല്‍ ഉള്‍പ്പെടുന്ന കുട്ടനാട് പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
ആറന്മുളയില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്ത നെല്‍വയല്‍ ഉള്‍പ്പെടുന്ന സ്ഥലത്താണു കൃഷിയിറക്കാന്‍ ആലോചിക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതംചെയ്യുന്നതായി മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപന്‍ പറഞ്ഞു. ഇവയ്ക്കു പുറമെ സന്തോഷ് മാധവന്റെ വിവാദ ഭൂമി ഇടപാടായ പുത്തന്‍വേലിക്കരയിലും സര്‍ക്കാര്‍ മുന്‍കൈ യെടുത്ത് കൃഷിയിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനത്തെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ തയ്യാറാണെന്നു കുമരകം ഗ്രാമപ്പഞ്ചായത്ത് വ്യക്തമാക്കിയിരുന്നു. ഇവിടെ 378 ഏക്കര്‍ നിലംനികത്തി വിനോദസഞ്ചാര പദ്ധതി കൊണ്ടുവരാനായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍ കായല്‍ നികത്തി യാതൊരു നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തരുതെന്നും കേസ് തീര്‍പ്പാക്കുന്നതു വരെ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റാസല്‍ഖൈമ ആസ്ഥാനമായ റാക്കിന്റോ ഡെവലപ്പേഴ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണു കായല്‍ഭൂമി സ്വന്തമാക്കിയിരുന്നത്. 378 ഏക്കര്‍ നിലം നികത്താന്‍ അഞ്ചു വകുപ്പുകളുടെ വിയോജനക്കുറിപ്പ് മറികടന്നായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്. പ്രാദേശിക നിരീക്ഷണ സമിതിയും കുമരകം പഞ്ചായത്തും സര്‍ക്കാരിന്റെ അഞ്ചു വകുപ്പുകളും പദ്ധതിക്ക് എതിരായി റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കായല്‍ നികത്തുന്നതിനു ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തി.
ഭക്ഷ്യസുരക്ഷയെയും ജൈവവ്യവസ്ഥയെയും ബാധിക്കുമെന്നു കൃഷിവകുപ്പും ചൂണ്ടിക്കാട്ടി. കേന്ദ്രനിയമമനുസരിച്ച് തണ്ണീര്‍ത്തടം നികത്താനാവില്ലെന്നായിരുന്നു പരിസ്ഥിതിവകുപ്പ് റിപോര്‍ട്ട്. ഇതെല്ലാം മറികടന്നാണു കഴിഞ്ഞ സര്‍ക്കാര്‍ വയല്‍ നികത്തലിനു പച്ചക്കൊടി കാട്ടിയത്. സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ഉത്തരവു പിന്‍വലിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിനു മൂന്നുദിവസം മുമ്പ് മെത്രാന്‍ കായല്‍ നികത്താന്‍ റവന്യൂവകുപ്പ് അനുമതി നല്‍കിയതു വിവാദമായിരുന്നു.
അതേസമയം, കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരുവര്‍ഷത്തെ കര്‍മപദ്ധതികള്‍ മന്ത്രിസഭ അംഗീകരിച്ചതില്‍ മെത്രാന്‍ കായല്‍ ടൂറിസ്റ്റ് റിസോര്‍ട്ട് വില്ലേജും ആറന്മുള വിമാനത്താവളവും ഉണ്ടായിരുന്നു. മെത്രാന്‍ കായലില്‍ 3,000 കോടിയുടെ ടൂറിസം പദ്ധതി ആരംഭിക്കുമെന്നാണു വ്യവസായവകുപ്പ് അന്ന് അറിയിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss