|    Jan 17 Tue, 2017 8:20 am
FLASH NEWS

മെഡി. കോളജ് പ്രസവ വാര്‍ഡിലെ പീഡനം: അന്വേഷണ റിപോര്‍ട്ട് വൈകുന്നു

Published : 5th August 2016 | Posted By: mi.ptk

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിനെത്തിയ യുവതിയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ അന്വേഷണ റിപോര്‍ട് വൈകുന്നു. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് ഡോ. മോഹന്‍കുമാര്‍ അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി, ശിശുരോഗ വിഭാഗം മേധാവി, എആര്‍എംഒ, ആര്‍എംഒ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ജൂലൈ 24നാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. മൂന്നു ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നാണ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, പതിനൊന്നു ദിവസമായിട്ടും റിപോര്‍ട്ട് നല്‍കിയില്ല. ആരോപണവിധേയരായവരെ രക്ഷപ്പെടുത്താനാണ് റിപോര്‍ട്ട് വൈകിക്കുന്നതെന്ന് പരാതി ഉയരുന്നു. ജൂലൈ 15ന് വൈകീട്ട് അടിവാരം പുതുപ്പാടി വള്ള്യാട് കാരാട്ടുപൊയില്‍ മുഹമ്മദ് നിസാറിന്റെ ഭാര്യ ആയിഷാബിയെ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിന് പ്രവേശിച്ചിരുന്നു. യുവതിയുടെ എട്ടാമത്തെ പ്രസവമായിരുന്നു. അത്യാഹിത വിഭാഗത്തില്‍ എത്തിയ യുവതിയോട് കുട്ടികള്‍ എത്രയുണ്ടെന്ന ചോദ്യത്തിന് ആറുപേര്‍ എന്ന മറുപടി പറഞ്ഞു. ഇവരുടെ ആറു മക്കളും പെണ്‍മക്കളാണ്. ഏഴാമത്തെ ആണ്‍കുട്ടി പ്ലസ്ടു വിദ്യാര്‍ഥിയായിരിക്കെ അപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഒരു ആണ്‍കുട്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തങ്ങളെന്നും അതിനാലാണ് പ്രസവം നിര്‍ത്താതിരുന്നതെന്നും ദമ്പതികള്‍ പറഞ്ഞു. എട്ടാമത്തെ പ്രസവത്തിനു എത്തിയതാണ് ലേബര്‍ റൂമിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും പ്രകോപിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ ഗര്‍ഭാശയം നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. ആറു മക്കളുണ്ടന്നു പറഞ്ഞതു മുതല്‍ അവഹേളനം തുടങ്ങിയെന്നാണ് യുവതിയും ഭര്‍ത്താവും പറയുന്നത്. ലേബര്‍ റൂമിലേക്ക് മാറ്റിയതോടെ പരിഹാസവും ഭീഷണിയും വര്‍ധിച്ചു. 18ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് യുവതിയും ഭര്‍ത്താവും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനും ആര്‍എംഒവിനും പരാതി നല്‍കിയത്. സംഭവത്തില്‍  കുടുംബ-ആരോഗ്യമന്ത്രിക്കും മറ്റും പരതി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 204 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക