|    Dec 15 Fri, 2017 8:17 am
FLASH NEWS

മെഡി. കോളജ് ആശുപത്രിയില്‍ അത്യാധുനിക ഗാമ കാമറ

Published : 15th August 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാധുനിക ഗാമാ കാമറ എത്തി. ആധുനിക സൗകര്യങ്ങളോട് കൂടിയ ഈ ഉപകരണം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സ്ഥാപിക്കുന്നത്. അഞ്ചരകോടി ചെലവുള്ള ഗാമാ കാമറ വിപ്രോ ജി-ഇ കമ്പനിയുടേതാണ്. ഇസ്രായേല്‍, സിങ്കപ്പൂര്‍, എന്നിവിടങ്ങളില്‍ നിന്നാണ് ഇതുകൊണ്ടുവന്നത്. 2009ല്‍ ഗാമാ ക്യാമറയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, പുതുതായി കാന്‍സര്‍ സെന്റര്‍ പദ്ധതിയിലാണ് ഗാമാ കാമറക്ക് ഫണ്ടു അനുവദിച്ചത്.
കേന്ദ്രസര്‍ക്കാര്‍ എംപി ഫണ്ടിലാണ് ഗാമാകാമറക്കുള്ള ഫണ്ടനുവദിച്ചത്. ‘ ഗാമാ കാമറ ഫയലില്‍, മെഡിക്കല്‍ കോളജില്‍ കാന്‍സര്‍ രോഗികള്‍ക്ക് നൂതന ചികില്‍സ അപ്രാപ്യം’ എന്ന് തേജസ് നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ ഈ സൗകര്യമുള്ളത്. ആറ് ജില്ലകളില്‍ നിന്നുള്ള രോഗികളാണ് മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത്. മെഡിക്കല്‍ കോളജില്‍ മാത്രം പതിനായിരത്തോളം രോഗികള്‍ക്ക് ഗാമാ കാമറ ഉപയോഗിച്ചുള്ള രോഗനിര്‍ണയവും ചികില്‍സയും ആവശ്യമാവുന്നുണ്ട്. 1993ല്‍ കോളജില്‍ പഴയ മോഡല്‍ ഗാമാ കാമറ സ്ഥാപിച്ചിരുന്നു. ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ യന്ത്രം സ്ഥാപിച്ചത്.
കമ്പനിയുടെ എന്‍ജിനീയറിങ് വിഭാഗം അടച്ചുപൂട്ടിയതിനാല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാവാതെ വന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയില്‍ പുതിയ ഗാമാ കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.തൈറോയ്ഡ് ശസ്ത്രക്രിയയുടെ തുടര്‍ചികില്‍സയ്ക്കും രോഗനിര്‍ണയത്തിനും ഗാമാ കാമറ അനിവാര്യമാണ്. വൃക്ക പ്രവര്‍ത്തനക്ഷമമാണോ എന്ന് നിര്‍ണയിക്കുന്നതിനും ഹൃദ്രോഗചികില്‍സയ്ക്കും ഗാമാ കാമറ കൂടിയേ തീരു. ഇത് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ റീജ്യനല്‍ കാന്‍സര്‍ സെന്ററിനെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയും.
സ്വകാര്യ സ്ഥാപനത്തില്‍ 25,000 രൂപ മുതല്‍ ഈടാക്കുന്നിടത്ത് 1000 രൂപ മുതല്‍ 4000 രൂപ വരെ ചെലവില്‍ ഗാമാകാമറ ഉപയോഗിച്ചുള്ള രോഗനിര്‍ണയവും ചികില്‍സയും നടത്താനാവും. മലബാറിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് തൈറോയ്ഡ് കാന്‍സര്‍ ചികില്‍സക്കായി നിരവധി പേര്‍ മെഡിക്കല്‍ കോളജ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ വരുന്നുണ്ട്. മെഡിക്കല്‍ കോളജില്‍ നിന്നുള്ള പലരും ഗാമാ കാമറ ഉപയോഗിച്ചുള്ള പരിശോധനക്ക് സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക