|    Oct 18 Wed, 2017 9:34 am
FLASH NEWS

മെഡി. കോളജ് അത്യാഹിത വിഭാഗം ഗുരുതരാവസ്ഥയില്‍

Published : 10th August 2017 | Posted By: fsq

 

കോഴിക്കോട്: മലബാറിലെ ആറു ജില്ലകളിലെ രോഗികള്‍ അത്യാസന്ന ഘട്ടങ്ങളില്‍ ചികില്‍സയ്ക്ക് ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സ്ഥല പരിമിതിയും അത്യാധുനിക ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്തതയും കൊണ്ട് നട്ടം തിരിയുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടും അത്യാഹിത വിഭാഗത്തിന്റെ അവസ്ഥ പഴയ നിലയില്‍ തുടരുകയാണ്. ദിവസേന ആയിരത്തിലധികം രോഗികളാണ് വിവിധ അപകടങ്ങളില്‍പ്പെട്ടും അത്യാസന്ന നിലയിലും ഇവിടെ എത്തുന്നത്. അമ്പതു വര്‍ഷത്തിലധികം പഴക്കമുള്ള കാഷ്വാലിറ്റിയില്‍ രണ്ടു ബെഡുകള്‍ക്കു മാത്രമേ വെന്റിലേറ്റര്‍ സൗകര്യമുള്ളൂ. വെന്റിലേറ്ററിന്റെ അഭാവം മൂലം അത്യാസന്ന നിലയിലുള്ള രോഗികളെ സ്‌ട്രെക്ചറില്‍ തന്നെ കിടത്തിയാണ് ചികില്‍സിക്കുന്നത്. ചുരുങ്ങിയത് 25 വെ ന്റിലേറ്ററുകളും 25 ഐസിയു ബെഡ്ഡുകളും അത്യാവശ്യമാണ്. ഇവിടെ വെന്റിലേറ്ററിന്റെ അഭാവം മൂലമാണ് മിക്ക രോഗികളും അത്യാഹിത വിഭാഗത്തില്‍ നിന്ന് മരിക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വസ്ഥ്യ സുരക്ഷായോജന പദ്ധതി നടപ്പായാല്‍ ആദ്യഗുണം ലഭിക്കുന്നത് നിലവില്‍ ഗുരുതരാവസ്ഥയിലായ അത്യാഹിത വിഭാഗത്തിനായിരിക്കും. 150 കോടി  ചെലവില്‍ നിര്‍മിക്കുന്ന പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ കാഷ്വാലിറ്റി പ്രവര്‍ത്തിക്കും. പ്രഥമ ചികില്‍സ ലഭ്യമാക്കുന്ന എമര്‍ജന്‍സി വാര്‍ഡ് സര്‍ജിക്കല്‍ ഓര്‍ത്തോ, ഇന്‍എടി, ന്യൂറോ സര്‍ജറി വിഭാഗങ്ങളുടെ ചികില്‍സാ മുറികള്‍, പ്ലാസ്റ്റിക് സര്‍ജറി, ട്രോമ, റേഡിയോളജി യൂനിറ്റ്, ബ്ലഡ് ബാങ്ക് ലബോറട്ടറി തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടി പ്രമുഖ ആശുപത്രികളുടെ മാതൃകയാക്കിയാണ് കാഷ്വാലിറ്റി ഒരുക്കുന്നത്. വലിയ അപകടങ്ങളോ അത്യാഹിതങ്ങളോ വന്നാല്‍ നിലവില്‍ അനുഭവപ്പെടുന്ന എല്ലാം പ്രതിസന്ധികള്‍ക്കും പുതിയ ബ്ലോക്ക് പരിഹാരമാവും. എന്നാല്‍ മെഡിക്കല്‍ കോളജില്‍ അനുവദിച്ച 150 കോടിയുടെ ഫണ്ട് ആശുപത്രിക്കു ലഭിച്ചിട്ടും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ പോലും ഇതുവരെ നടന്നിട്ടില്ല. 2017 നവംബറില്‍ പുതിയ ബ്ലോക്കിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് പറയുന്നതല്ലാതെ പ്രവൃത്തികള്‍ ഒന്നും നടക്കുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിനു ലഭിക്കുന്ന പല ഫണ്ടുകളും ചെലവഴിക്കപ്പെടാനാവാതെ മറ്റു മെഡിക്കല്‍ കോളജുകളിലേക്ക് പോവുന്ന അവസ്ഥയാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക