|    Jul 20 Thu, 2017 8:24 pm
FLASH NEWS

മെഡി. കോളജില്‍ പകര്‍ച്ചവ്യാധി പ്രതിരോധം താളംതെറ്റുന്നു

Published : 14th July 2016 | Posted By: SMR

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ അടക്കമുള്ള ജീവനക്കാരെയും പിരിച്ചുവിട്ടു.
പകര്‍ച്ചവ്യാധി സംബന്ധിച്ച ചികില്‍സയും രോഗി പരിചരണവും യഥാസമയം നടത്താനാവാതെ മെഡിക്കല്‍ കോളജ് അധികൃതര്‍ ബുദ്ധിമുട്ടിലായി. രോഗികള്‍ക്ക് ചികില്‍സ ലഭിക്കാതിരുന്നാല്‍ ചികില്‍സാ പിഴവിന്റെ പേരില്‍ അധികൃതര്‍ മറുപടി പറയേണ്ടി വരുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. പ്രതിരോധ ചികില്‍സയ്ക്ക് നിയമിച്ചിരുന്ന 20 ഡോക്ടര്‍മാരെയും 46ല്‍ മൂന്നു ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. മൂന്നു മാസം മുമ്പാണ് ഡോക്ടര്‍മാരെ പിരിച്ചുവിട്ടത്.
ജൂണ്‍ 30ന് 10 ജീവനക്കാരെയും പിരിച്ചുവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറാണ് പിരിച്ചുവിട്ടത്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇത്തരത്തില്‍ ജോലി ചെയ്തവരെ പിരിച്ചുവിട്ടിരുന്നു.
എന്നാല്‍ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഹെല്‍ത്ത് സര്‍വീസ് വിഭാഗത്തിലുള്ള ജില്ലാ ജനറല്‍ ആശുപത്രി-താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് പുനര്‍ നിയമനം നടത്തി. മെഡിക്കല്‍ കോളജുകളിലേക്ക് മാത്രം പുനര്‍ നിയമനം നടത്തിയില്ല. മൂന്നു വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക വാര്‍ഡും ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇവരെ അകാരണമായി പിരിച്ചുവിടുകയായിരുന്നു. 20 ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് 20, ഫാര്‍മസിസ്റ്റ് 2, ലാബ് ടെക്‌നീഷ്യന്‍സ് 2, അറ്റന്‍ഡര്‍ 10, നഴ്‌സിങ് അസിസ്റ്റന്റ് 10 എന്നിങ്ങനെയായിരുന്നു ജീവനക്കാരുടെ കണക്ക്. എന്നാല്‍ മുഴുവന്‍ ഡോക്ടര്‍മാരെയും പിരിച്ചുവിട്ടതു കൂടാതെ എട്ട് നഴ്‌സ്മാരെയും ഒന്നു വീതം ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിറ്റ് എന്നിവരേയുമാണ് പിരിച്ചുവിട്ടത്.
വര്‍ഷകാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ വിവിധതരം പകര്‍ച്ചവ്യാധികള്‍ ബാധിച്ച നിരവധി രോഗികളാണ് ആശുപത്രിയിലെത്തുന്നത്. ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്ന് പ്രവര്‍ത്തിക്കുന്നെങ്കിലും ജീവനക്കാരും ഡോക്ടര്‍മാരും ഇല്ലാത്തത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ജൂലൈ അഞ്ചിന് ആശുപത്രി പകര്‍ച്ചവ്യാധി വാര്‍ഡില്‍ ജീവനക്കാരില്ലെന്നു കാട്ടി അന്നത്തെ സൂപ്രണ്ട് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കത്തു നല്‍കിയിരുന്നു. എന്നാല്‍ അനുകൂലമായ മറുപടി ഇതുവരെ ലഭിച്ചില്ല. അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറും ആര്‍എംഒ ഡോ. ആര്‍ പി രഞ്ജിനും പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക