|    May 27 Sat, 2017 2:39 am
FLASH NEWS

മെഡിറ്ററേനിയനിലേക്കുള്ള കരമാര്‍ഗം ഇറാന്റെ ലക്ഷ്യം

Published : 18th October 2016 | Posted By: SMR

ബെയ്‌റൂത്ത്: ഇപ്പോള്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ- ദായിശ് എന്ന് അറബി- നിയന്ത്രണത്തിലുള്ള ഇറാഖി നഗരമായ മൗസില്‍ തിരിച്ചുപിടിക്കാന്‍ ഇറാഖി സൈന്യം ഒരുങ്ങുമ്പോള്‍ തൊട്ടടുത്ത് ഒരു സംഘം ശിയാ അര്‍ധസൈനികര്‍ മറ്റൊരു സൈനിക നീക്കത്തിനു തയ്യാറാവുകയാണ്. മൗസിലില്‍ നിന്നു പലായനം ചെയ്യുന്ന ദായിശ് ഭടന്‍മാര്‍ റഖയിലെത്തുന്നത് തടയുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നവര്‍ പറയുന്നുവെങ്കിലും യാഥാര്‍ഥ്യം മറ്റൊന്നാണ്. ഇറാന് മധ്യധരണ്യാഴിയിലേക്ക് ഒരു വഴിയൊരുക്കുന്നതിനാണ് അവര്‍ കച്ച കെട്ടിയിരിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു. അറബ് ലോകത്തെ ശാക്തിക സമതുലനം തകര്‍ക്കുന്ന ഒരു നീക്കമായിരിക്കുമത്.
2014ല്‍ തന്നെ അങ്ങനെയൊരു ഇടനാഴി ഒരുക്കുന്നതില്‍ ഇറാന്‍ മുന്നോട്ടുപോയിട്ടുണ്ട്. ഇറാഖിലൂടെ കുര്‍ദു മേഖല കടന്ന് സിറിയയിലെ ഹലബിലെത്തുന്ന പാത ദുര്‍ഘടമാണെങ്കിലും ദീര്‍ഘതന്ത്രപരമായി ഇറാന് വലിയ നേട്ടമുണ്ടാവും.
ഇറാന്റെ പ്രത്യേക സേനാവിഭാഗമായ ഖുദ്‌സ് ഫോഴ്‌സാണ് (സിപാഹി ഖുദ്‌സ്) ഈ ദൗത്യത്തിനു മേല്‍നോട്ടം വഹിക്കുന്നത്. യുഎസിന്റെ ഇറാഖി അധിനിവേശത്തിന്റെ നട്ടെല്ലൊടിച്ചത് ഖുദ്‌സ് ഫോഴ്‌സിന്റെ ഒളിപ്പോരാണ്. ബഹുമിടുക്കനായ യുദ്ധതന്ത്രജ്ഞനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഖുദ്‌സ് ഫോഴ്‌സ് മേധാവി മേജര്‍ ജന. ഖാസിം സുലൈമാനിയാണ് പുതിയ ദൗത്യത്തിന്റെ മേധാവി. സിറിയയിലെ രക്തരൂഷിതമായ ആഭ്യന്തരയുദ്ധത്തില്‍ ഇറാനു മേല്‍ക്കൈ നേടാനുള്ള ശ്രമം സുലൈമാനിയുടെ വിദഗ്ധമായ സൈനിക നീക്കങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഹലബില്‍ ജബ്ഹത്തുഫതഹ്ശാം ശക്തമായി ചെറുത്തുനില്‍ക്കുന്നതിനാല്‍ ഇറാന്റെ പദ്ധതി വിജയിക്കുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. ഇറാന്റെ സാന്നിധ്യം തുര്‍ക്കി സംശയത്തോടെയാണ് കാണുന്നത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ കൊടുംക്രൂരതകള്‍ കാരണം മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ ഒരു ശിയാ സഖ്യം വരുന്നതിനെ നഖശിഖാന്തം എതിര്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day