|    May 22 Tue, 2018 1:46 pm
FLASH NEWS

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം; വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണം ഏല്‍പിക്കണമെന്ന് പിതാവ്

Published : 28th October 2016 | Posted By: SMR

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നിം ചികില്‍സാ പിഴവ് മൂലം മരിച്ചത് സംബന്ധിച്ച അന്വേഷണം വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ഏല്‍പിക്കണമെന്ന്്് പിതാവ്. ഇതിനായി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയതായും മരിച്ച ഷംന തസ്‌നിമിന്റെ പിതാവ് അബൂട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷംന മരിച്ച് 100 ദിവസം പിന്നിടുമ്പോഴും കുറ്റക്കാര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണത്തിന്റെ ഭാഗമായി പിജി മെഡിക്കല്‍ വിദ്യാര്‍ഥിയെയും മെഡിക്കല്‍ ഡിപാര്‍ട്ട്‌മെന്റ്്് ഹെഡ് ഡോ. ജില്‍സ് ജോര്‍ജിനെയും സസ്‌പെന്റ് ചെയ്തതൊഴിച്ചാല്‍ ബാക്കി കുറ്റക്കാരെല്ലാം സുരക്ഷിതരായി തുടരുകയാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും ഷംനയുടെ പിതാവ് ആരോപിച്ചു. ഷംന തസ്‌നീമിന്റെ മരണം സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കി ആരോഗ്യസെക്രട്ടറിക്ക് നല്‍കിയ റിപോര്‍ട്ടില്‍ ചികില്‍സയ്ക്കിടെ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മരണം സംബന്ധിച്ച് പിജി ഡോക്ടറും ഫിസിഷ്യന്‍ ഡോ. കൃഷ്ണമോഹനും നല്‍കിയ മൊഴികളും ആശുപത്രി രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അബൂട്ടി പറഞ്ഞു. രേഖകള്‍ തിരുത്തിയെന്ന് സംശയം പ്രകടിപ്പിച്ചത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധതന്നെയാണ്്്. മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷംനയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 3.45ന് ഷംന മരിച്ച്്് മണിക്കൂറുകള്‍ കഴിഞ്ഞ് മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക്്് മാറ്റിയതിലും ദുരൂഹതയുണ്ടെന്നും അബൂട്ടി പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള നീക്കം തകര്‍ത്തത് മെഡിക്കല്‍ ബോര്‍ഡിലെ അംഗമായ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് അസോസിയേറ്റ് പ്രഫ. ഡോ. ലിസ ജോണ്‍ ഉന്നയിച്ച ചോദ്യങ്ങളാണ്. ഷംനയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. ലിസയുടെ ചോദ്യങ്ങള്‍  ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ തിരസ്‌കരിച്ചതിനെതുടര്‍ന്ന് ഡോ. ലിസ ജോണ്‍ വിയോജനക്കുറിപ്പ് എഴുതിയിട്ടുണ്ടെന്നും അബൂട്ടി പറഞ്ഞു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് നല്‍കിയ റിപോര്‍ട്ടില്‍ ഷംനയ്ക്ക് വൈറസ് രോഗമായിരുന്നെന്നും ഇതിന് ആന്റിബയോട്ടിക് ഇഞ്ചക്ഷന്‍ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അബൂട്ടി പറഞ്ഞു. കൃത്യമായ ടെസ്റ്റുകള്‍ നടത്തി രോഗനിര്‍ണയം നടത്താതെ ചെയ്ത ചികില്‍സയാണ് തന്റെ മകളുടെ മരണകാരണമായത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തനല്ലെന്നും മകളുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നിയമനടപടി ഉണ്ടാകുംവരെ ഏതറ്റം വരെയും താന്‍ പോവുമെന്നും അബൂട്ടി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss