|    Oct 21 Sat, 2017 1:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലതാളംതെറ്റുന്നു

Published : 20th July 2016 | Posted By: mi.ptk

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ഒഴിവുകള്‍ നികത്താത്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പഠനം താളംതെറ്റുന്നു. ഇതിനകം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വിവിധ മെഡിക്കല്‍ കോളജുകളിലെ 53 ബിരുദ ബിരുദാനന്തര കോഴ്‌സുകളുടെ അംഗീകാരം എടുത്തുകളഞ്ഞിട്ടുണ്ട്. 600 പിജി വിദ്യാര്‍ഥികളുടെ ഭാവിയാണ് ഇതോടെ തുലാസിലായിരിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള 543 ഒഴിവുകളാണ് ഇനിയും നികത്താതെ കിടക്കുന്നത്. 2210 അധ്യാപക തസ്തികകള്‍ ഉണ്ടെങ്കിലും ഇതില്‍ 543 തസ്തികകളില്‍ അധ്യാപകരെ നിയമിക്കാത്തതാണ് കോഴ്‌സുകളുടെ അംഗീകാരം നഷ്ടമാവാന്‍ കാരണം. പുതിയ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റിട്ടും ഈ ഒഴിവുകള്‍ നികത്താത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ 10 ദിവസത്തിനകം റിപോര്‍ട്ട് ചെയ്യാനാവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ ഈ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേരള മെഡിക്കല്‍ പോസ്റ്റ്ഗ്രാജ്വേറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ഒഴിവുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നികത്തണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പിണറായിയെയും ആരോഗ്യമന്ത്രി കെ കെ ശൈലജയെയും നേരില്‍കണ്ട് നിവേദനം നല്‍കി ഒരു മാസം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്താല്‍ മാത്രമേ പിഎസ്‌സി മുഖേന അപേക്ഷ ക്ഷണിച്ച് ഒഴിവുകള്‍ നികത്താനാവുകയുള്ളൂ. ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ ജോലിഭാരം വര്‍ധിക്കുന്നതിനു പുറമെ ആവശ്യത്തിന് അധ്യാപകരില്ലാതാവുന്നത് മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയ്ക്കും കാരണമാവും. ഇനിയും ഒഴിവുകള്‍ നികത്താത്ത പക്ഷം നിലവിലുള്ള പിജി കോഴ്‌സുകളും നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. മെഡിക്കല്‍ കോളജിനു പുറമേയുള്ള സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രഫസര്‍മാരുടെ 42ഉം അസോഷ്യേറ്റ് പ്രഫസര്‍മാരുടെ 31ഉം അസിസ്റ്റന്റ് പ്രഫസര്‍മാരുടെ 170ഉം ലക്ചര്‍മാരുടെ 300ഉം തസ്തികകളിലും നിയമനം നടക്കുന്നില്ല. മെഡിക്കല്‍ കോളജുകളില്‍ തിരുവനന്തപുരത്ത് 11ഉം കോഴിക്കോട്ട് 13ഉം കോട്ടയത്ത് അഞ്ചും ആലപ്പുഴയിലും തൃശൂരിലും മൂന്നു വീതവും പ്രഫസര്‍മാരുടെ കുറവാണുള്ളത്. അസോഷ്യേറ്റ് പ്രഫസര്‍മാരുടെ 25ഉം അസിസ്റ്റന്റ് പ്രഫസര്‍മാരുടെ 119ഉം ലക്ചര്‍മാരുടെ 255ഉം ഒഴിവുകളാണു നിലവിലുള്ളത്. ആകെ 434 തസ്തികകള്‍ ഇനിയും നികത്തിയിട്ടില്ല. 110 പേരുടെ ഒഴിവുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ഏറ്റവും കൂടുതല്‍ തസ്തികകള്‍ നികത്താനുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക