|    May 28 Sun, 2017 8:24 am
FLASH NEWS

മെഡിക്കല്‍ പ്രവേശന മേല്‍നോട്ട സമിതി മാര്‍ഗരേഖ പുറത്തിറക്കി ; അംഗീകാരമില്ലാത്ത ഫീസ് തലവരിപ്പണമായി കണക്കാക്കും

Published : 6th August 2016 | Posted By: SMR

തിരുവനന്തപുരം: ഫീസ് റഗുലേറ്ററി കമ്മിറ്റി അംഗീകരിച്ചതിനു പുറമെ ഏതെങ്കിലും തരത്തില്‍ പണം ആവശ്യപ്പെടുന്നതും ഫീസ് പിരിക്കുന്നതും തലവരി പണം ഈടാക്കുന്നതിനു തുല്യമായി കണക്കാക്കുമെന്ന് മേല്‍നോട്ടസമിതി മാര്‍ഗരേഖ. എല്ലാ പണമടയ്ക്കലിനും രശീതി നല്‍കണം. ബാങ്ക് ഗാരന്റി സമര്‍പ്പിക്കുന്നതിന് അപേക്ഷകന് മതിയായ സമയം അനുവദിക്കണമെന്നും 2016-17ലെ എംബിബിഎസ്/ബിഡിഎസ് പ്രവേശന മേല്‍നോട്ട സമിതിയായ ജെയിംസ് കമ്മിറ്റി തയ്യാറാക്കിയ മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
മേല്‍നോട്ട സമിതിയുടെ അനുമതിയില്ലാതെ അപേക്ഷകന് പ്രവേശനം നിഷേധിക്കാന്‍ പാടില്ല. യോഗ്യതാ പട്ടികയുടെ അടിസ്ഥാനത്തിലുള്ള കൗണ്‍സലിങിന്റെ വിശദാംശങ്ങളും കരട് പ്രവേശനപ്പട്ടികയും പ്രസിദ്ധപ്പെടുത്തണം.
ഒഴിവുള്ള സീറ്റുകളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്ള അപേക്ഷകര്‍ക്കാണ് പ്രവേശനം നല്‍കേണ്ടത്. അപേക്ഷകരുടെ പരാതികള്‍ക്ക് കോളജ് അധികൃതര്‍ ഉടന്‍ പരിഹാരം കാണണമെന്നും സംസ്ഥാന സര്‍ക്കാരുമായി കോളജ് ഏര്‍പ്പെടുന്ന കരാര്‍ കോളജ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.
ഫീസ് റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച നിരക്കിലുള്ളതോ സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെട്ട പ്രകാരമുള്ളതോ ആയിരിക്കണം ഫീസ്. കോളജിന്റെ വിശദവിവരങ്ങള്‍, കോളജ് നടത്തുന്ന ഏജന്‍സി/മാനേജ്‌മെന്റ്, കാഴ്ചപ്പാട്, ദൗത്യം, കോളജ് അധികൃതരുടെ വിശദാംശങ്ങള്‍, അക്കാദമികവും അല്ലാത്തതുമായ സൗകര്യങ്ങള്‍, കഴിഞ്ഞ മൂന്നുവര്‍ഷത്തെ റിസല്‍ട്ട്, പ്രവേശന നടപടിക്രമങ്ങള്‍, നിയമം അനുശാസിക്കുന്ന മറ്റ് വിശദാംശങ്ങള്‍ എന്നിവ അടങ്ങിയ പ്രോസ്‌പെക്ടസ് മേല്‍നോട്ട സമിതിയുടെ അംഗീകാരത്തിനു സമര്‍പ്പിക്കണം. അപേക്ഷ ക്ഷണിക്കുന്നതും അപേക്ഷ സമര്‍പ്പിക്കുന്നതും ഓണ്‍ലൈനായി മാത്രം ആയിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി തന്നെ വേണം രശീതി നല്‍കുന്നതും. ഓണ്‍ലൈന്‍ അല്ലാതെയുള്ള അപേക്ഷകള്‍ നിരസിക്കപ്പെടും. എല്ലാ കോളജും തങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനം മേല്‍നോട്ട സമിതിയുമായി ബന്ധപ്പെടുത്തണം. ലഭിച്ച അപേക്ഷകളുടെയും തള്ളിയവയുടെയും പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
നീറ്റ് റാങ്ക്-ബോര്‍ഡ് പരീക്ഷാ മാര്‍ക്കുകള്‍ തമ്മില്‍ നോര്‍മലൈസേഷന്‍ ഉണ്ടായിരിക്കില്ല. മാനേജ്‌മെന്റ്, എന്‍ആര്‍ഐ, അസാധുവായ സീറ്റുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം നീറ്റ് ലിസ്റ്റില്‍നിന്നു മാത്രമായിരിക്കും. ഇടയ്ക്കുവച്ച് പഠനം നിര്‍ത്തുന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ പിടിച്ചുവയ്ക്കാന്‍ പാടില്ല. ഇതുസംബന്ധിച്ച ബോണ്ട് വ്യവസ്ഥകള്‍ പാലിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണമെന്നും ജെയിംസ് കമ്മിറ്റി നിര്‍ദേശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day