|    Jul 23 Sun, 2017 2:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെഡിക്കല്‍ പ്രവേശനം : സമഗ്ര നിയമം കൊണ്ടുവരും

Published : 21st March 2017 | Posted By: fsq

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീറ്റ് റാങ്ക് പരിഗണിക്കുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാനിടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2017-18 വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സുപ്രിംകോടതി വിധിയെത്തുടര്‍ന്നുള്ള പുതിയ സാഹചര്യത്തെക്കുറിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ യോഗത്തില്‍ വിശദീകരിച്ചു. മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ അഖിലേന്ത്യാ പ്രവേശനപ്പരീക്ഷാ റാങ്ക് ലിസ്റ്റില്‍നിന്നു (നീറ്റ്) മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളൂവെന്നും ഏകീകരിച്ച ഫീസ് മാത്രമേ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കാന്‍ പാടുള്ളൂവെന്നുമാണ് സുപ്രിംകോടതി വിധി. ഫീസ് നിശ്ചയിക്കേണ്ടത് ഫീ റഗുലേറ്ററി കമ്മിറ്റിയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം മാനേജ്‌മെന്റ്് സീറ്റും എന്ന നിലയിലായിരുന്നു വിദ്യാര്‍ഥി പ്രവേശനം. മെറിറ്റ് സീറ്റില്‍ കുറഞ്ഞ ഫീസും മാനേജ്‌മെന്റ് സീറ്റില്‍ കൂടിയ ഫീസുമായിരുന്നു ഘടന. ഈ വ്യത്യാസം പാടില്ലെന്ന് സുപ്രിംകോടതി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. എന്‍ആര്‍ഐ അടക്കമുള്ള എല്ലാ സീറ്റുകളിലും അഖിലേന്ത്യാ പ്രവേശനപ്പരീക്ഷയും സംവരണതത്ത്വം പാലിച്ചുകൊണ്ട് നീറ്റിലെ മെറിറ്റ് അടിസ്ഥാനത്തില്‍ കേന്ദ്രീകൃത അലോട്ട്‌മെന്റും നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ മാനേജ്‌മെന്റുകളുമായി സംസ്ഥാന സര്‍ക്കാര്‍ സീറ്റ് പങ്കുവച്ചും ഫീസില്‍ ധാരണയുണ്ടാക്കിയും പ്രവേശനം നടത്തുന്ന രീതി ഈ വര്‍ഷം അനുവദനീയമല്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം പ്രവേശനമെന്നും ഏകീകരിച്ച ഫീസ് സമ്പ്രദായം ഏര്‍പ്പെടുത്തുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ അവസരം ലഭിക്കുന്ന വിധത്തില്‍ ക്രമീകരണം  ഉണ്ടാക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കൃത്യമായ ക്ഷണമില്ലാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസും മുസ്‌ലിം ലീഗും യോഗം ബഹിഷ്‌കരിച്ചു. സ്വാശ്രയ വിഷയത്തില്‍ ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ച വിവരം അറിയിച്ചിരുന്നില്ലെന്നു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, അറിയിപ്പ് നല്‍കിയെന്നാണ് സര്‍ക്കാരിന്റെ വാദം. ഒരു സര്‍വകക്ഷിയോഗം കൂടി വിളിക്കാമെന്ന ധാരണയിലാണ് ഇന്നലത്തെ യോഗം പിരിഞ്ഞത്. ഏകീകൃത ഫീസ് വേണമെന്ന നിലപാടിലാണ് സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുള്ളത്. സര്‍ക്കാര്‍ ഉടന്‍ തന്നെ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും. ഈ യോഗത്തില്‍ മാനേജ്‌മെന്റിന്റെ നിലപാട് എന്തെന്ന് അറിഞ്ഞശേഷമായിരിക്കും വീണ്ടും സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക