|    Jan 18 Wed, 2017 7:33 pm
FLASH NEWS

മെഡിക്കല്‍ പ്രവേശനം: കേരളത്തിന് സമയം നീട്ടിനല്‍കി

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനം പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി സുപിംകോടതി ഒരാഴ്ചത്തേക്ക് നീട്ടി നല്‍കി. ഈ മാസം ഏഴിനു മുമ്പായി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പുതിയ നിര്‍ദേശം. കഴിഞ്ഞമാസം 28ന് മുമ്പ് പൂര്‍ത്തിയാക്കാനായിരുന്നു നേരത്തേ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. നടപടി പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നടപടി. 250ലധികം സീറ്റുകളില്‍ പ്രവേശനം പൂര്‍ത്തിയാവാനുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
നേരത്തേ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി മഹാരാഷ്ട്രയ്ക്കും നീട്ടിനല്‍കിയിരുന്നു. ഇതുചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തെ നിരവധി സ്വകാര്യ കോളജുകളിലെ സീറ്റുകളില്‍ പ്രവേശനം നടന്നിട്ടില്ലെന്നും അതിനാല്‍ ഒരാഴ്ചയെങ്കിലും സമയം അനുവദിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇതുവരെ കൗണ്‍സലിങ് നടക്കാത്ത സീറ്റുകള്‍ ഏറ്റെടുത്ത് അതില്‍ പ്രവേശനം നടത്താന്‍ സര്‍ക്കാരിന് കഴിയും.
അതേസമയം, പ്രവേശനവുമായി ബന്ധപ്പെട്ട രേഖകള്‍ കരുണാ മെഡിക്കല്‍ കോളജ് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജെയിംസ് കമ്മിറ്റി സുപ്രിംകോടതിയില്‍ പുതിയ ഹരജി നല്‍കി.
പ്രവേശനം സംബന്ധിച്ച രേഖകള്‍ പരിശോധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്നും എന്നാല്‍, തങ്ങളോട് കരുണ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് സഹകരിക്കുന്നില്ലെന്നും കമ്മിറ്റി അറിയിച്ചു. ജെയിംസ് കമ്മിറ്റിയുടെ ഹരജി ഫയലില്‍ സ്വീകരിച്ചു. കരുണാ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ പരിഗണനയിലുള്ള കേസിനൊപ്പം പുതിയ ഹരജിയും പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക