|    Apr 23 Mon, 2018 3:35 am
FLASH NEWS
Home   >  Editpage  >  Editorial  >  

മെഡിക്കല്‍ കൗണ്‍സിലിന്റേത് തെറ്റായ നീക്കം

Published : 5th October 2015 | Posted By: RKN

രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനു പൊതുപരീക്ഷ വേണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ.) കേന്ദ്ര ആരോഗ്യമന്ത്രാലയത്തോടു വീണ്ടും ശുപാര്‍ശ ചെയ്തിരിക്കുകയാണ്. രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും എം.ബി.ബി.എസ്, പി.ജി. മെഡിക്കല്‍ കോഴ്‌സുകള്‍ക്കു ബാധകമാവുന്ന പൊതുപ്രവേശനപ്പരീക്ഷയാണ് കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. ഒട്ടേറെ ആശങ്കകളും സംശയങ്ങളും ഉയര്‍ത്തിവിടുന്ന ഇത്തരമൊരു നീക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുമെന്നതു നിസ്തര്‍ക്കമാണ്. അധികാര കേന്ദ്രീകരണത്തിന്റേതായ ഒരു രാഷ്ട്രീയ പശ്ചാത്തലം രാജ്യത്തു നിലനില്‍ക്കുമ്പോള്‍ ഇത്തരം നീക്കങ്ങള്‍ സംശയാസ്പദമായി തോന്നുക സ്വാഭാവികമാണ്. മെഡിക്കല്‍ കൗണ്‍സിലിന്റെ ഇത്തരമൊരു ശ്രമം 2013 ജൂലൈ 18നു സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

സംസ്ഥാനങ്ങളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും മത-ഭാഷാ ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായാണ് കോടതി അതിനെ നിരീക്ഷിച്ചത്. പൊതുപരീക്ഷയെന്ന ആശയം കൊള്ളാമെങ്കിലും അത് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വിദ്യാര്‍ഥികള്‍ തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. പരീക്ഷ നടത്താന്‍ എം.സി.ഐക്കും ഡി.സി.ഐക്കും (ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ) നിയമപരമായി അധികാരമില്ലെന്നും അന്നു കോടതി പറഞ്ഞിരുന്നു. ഇക്കാരണംകൊണ്ടുകൂടിയാണ് പരീക്ഷ നടത്താന്‍ അധികാരം ലഭിക്കുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമത്തിലെ 32ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നമ്മുടെ ഫെഡറല്‍ ഘടനയെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരായി ജനാഭിപ്രായം ഉയര്‍ന്നുവരേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുള്ള സംയുക്ത പട്ടികയിലുള്‍പ്പെട്ടതാണ് വിദ്യാഭ്യാസം.

ഒരു കേന്ദ്ര പരീക്ഷ അടിച്ചേല്‍പ്പിക്കുന്നത് സംസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ഭരണഘടനാപരമായ അധികാരം കവര്‍ന്നെടുക്കലാണ്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ദശലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി നിശ്ചയിക്കുന്നതിന് ഒരൊറ്റ ഏജന്‍സി തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതു ശരിയല്ല. മെഡിക്കല്‍ കൗണ്‍സില്‍പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമതയുടെ തിളങ്ങുന്ന ഉദാഹരണങ്ങളല്ല.  അഴിമതിയുടെ പേരില്‍ തലപ്പത്തുള്ളവര്‍ തന്നെ ആരോപണവിധേയമായ ചരിത്രം അതിനുണ്ട്. കേന്ദ്രതലത്തില്‍ നടക്കുന്ന പരീക്ഷാനടത്തിപ്പിലും ക്രമക്കേടുകള്‍ ഉണ്ടായതിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.  പ്രവേശനപ്പരീക്ഷകള്‍ തന്നെ രാജ്യത്തെ വലിയൊരുവിഭാഗത്തിന് ഉന്നത വിദ്യാഭ്യാസമേഖലകള്‍ കൊട്ടിയടയ്ക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ മധ്യവര്‍ഗത്തിലും ഉപരിവര്‍ഗത്തിലുംപെട്ട, പരിശീലനകേന്ദ്രങ്ങളില്‍ പഠിക്കാന്‍ സൗകര്യപ്പെടുന്ന കുട്ടികളാണ് ഇത്തരം പരീക്ഷകളില്‍ ജയിച്ചുകയറുന്നത്. അതിനെ കൂടുതല്‍ കുടുസ്സായ അധികാരകേന്ദ്രങ്ങളുടെ കൈപ്പിടിയിലൊതുക്കുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്നു ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്ന്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss