|    Aug 21 Mon, 2017 8:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മെഡിക്കല്‍ കോഴ : കുമ്മനത്തിനും സതീഷ് നായര്‍ക്കും വിജിലന്‍സ് നോട്ടീസ്

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് വിജിലന്‍സ് നോട്ടീസ്. 10ന് അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായി മൊഴി നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, നോട്ടീസില്‍ സാവകാശം തേടിയതായി കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. അന്വേഷണ കമ്മീഷനംഗങ്ങളെ നിയമിച്ചത് സംസ്ഥാന പ്രസിഡന്റ് ആയതിനാലാണ് കുമ്മനത്തിന്റെയും മൊഴിയെടുക്കുന്നത്. കോഴ ഇടപാടില്‍ ഇടനിലക്കാരനായ ഡല്‍ഹി മലയാളി സതീഷ് നായരോടും 24ന് വിജിലന്‍സിന്റെ മുന്നില്‍ ഹാജരാവ—ണമെന്ന്് കാണിച്ച് നോട്ടീസ് നല്‍കി. നേരത്തേ സതീഷ് നായര്‍ക്ക് നോട്ടീസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും വിലാസം ലഭിക്കാതിരുന്നത് തിരിച്ചടിയായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ അഡ്രസ്സ് കണ്ടെത്തിയാണ് നോട്ടീസ് അയച്ചത്. വിജിലന്‍സ് നോട്ടീസ് കൈപറ്റിയ സതീഷ് നായര്‍ 24ന് തന്നെ ഹാജരാവുമെന്ന് അറിയിച്ചു.  കോഴ വിവാദം അന്വേഷിച്ച പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവരോട് ഹാജരാവാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൊഴി കൊടുക്കല്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടക്കത്തില്‍ വിജിലന്‍സ് നോട്ടീസ് കൈപറ്റാനും ഇവര്‍ തയ്യാറായില്ല. ഇവര്‍ ഇന്ന് കമ്മീഷന് മുന്നില്‍ ഹാജരായി മൊഴി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്ആര്‍ കോളജ് ഉടമ ആര്‍ ഷാജിയില്‍നിന്നു 5.60 കോടി രൂപ ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് വാങ്ങിയെന്നാണ് ആരോപണം. ഇത് ശരിവച്ച് ബിജെപി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടും പുറത്തുവന്നിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ കേരള മെഡിക്കല്‍ കോളജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശാണു സഹായിച്ചത് എന്നു മനസ്സിലാക്കി വര്‍ക്കലയിലുള്ള എസ് ആര്‍ മെഡിക്കല്‍ കോളജിനായി പണം നല്‍കി എന്നാണു കോളജ് ഉടമ ആര്‍ ഷാജി മൊഴി നല്‍കിയത്. പണം നല്‍കിയതായി ആര്‍ ഷാജിയും പണം സ്വീകരിച്ചതായി ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദും തെളിവെടുപ്പില്‍ സമ്മതിച്ചിട്ടുണ്ട്. ബിജെപി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടും വിജിലന്‍സ് അന്വേഷണ പരിധിയില്‍ കൊണ്ടു വന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക