|    Sep 20 Thu, 2018 2:00 pm
FLASH NEWS

മെഡിക്കല്‍ കോളജ് 60ാം വാര്‍ഷികം; സ്വാഗതസംഘം രൂപീകരിച്ചു

Published : 20th January 2017 | Posted By: fsq

 

കോഴിക്കോട്: മെഡിക്കല്‍ കോളജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വകുപ്പ് തലവന്മാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു. വര്‍ഷങ്ങളായി മായനാട് നിവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതിവരുത്താന്‍, ഉദ്ഘാടനം കഴിഞ്ഞ് ഏഴു വര്‍ഷത്തോളമായെങ്കിലും ഇപ്പോഴും പ്രവര്‍ത്തിപ്പിക്കാത്ത സീവേജ് ട്രീറ്റ്്‌മെന്റ് പ്ലാന്റ് ഉടന്‍ പ്രവര്‍ത്തിപ്പിക്കണം, ആശുപത്രി പ്രധാന ഗെയ്റ്റിനു മുന്‍വശത്തുള്ള അനധികൃത കച്ചവടങ്ങളും പാര്‍ക്കിങുകളും അടിയന്തിരമായി ഒഴിപ്പിക്കണം, വാര്‍ത്താമാധ്യമങ്ങള്‍ക്കും ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും അടിയന്തിര സന്ദേശങ്ങള്‍ നല്‍കുന്നതിന് വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് സോഫ്റ്റ്‌വെയര്‍ സംവിധാനം ഉള്‍ക്കൊള്ളുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ സ്ഥാപിക്കണം, അറുപത് ഇനത്തില്‍പ്പെടുന്ന രോഗികള്‍ക്കായുള്ള സേവനങ്ങള്‍ ലഭ്യമാക്കണം തുടങ്ങിയ കാര്യങ്ങള്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. ആശുപത്രി സ്ഥാപിക്കുന്നതിന് മുന്‍കൈയ്യെടുത്ത കേരളത്തിന്റെ ആദ്യത്തെ ആരോഗ്യ വകുപ്പ് മന്ത്രി കൂടിയായിരുന്ന ഡോ. എ ആര്‍ മേനോന്റെ സ്മരണ നിലനിര്‍ത്തുവാന്‍ പ്രതിമയല്ലാതെ സ്മാരക മന്ദിരം നിര്‍മിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മലബാറിലെ രോഗികളുടെ ഏക ആശ്രയമായ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോരായ്മകള്‍ നികത്തുന്നതിനു വേണ്ടി മലബാറിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നും ഫണ്ടുകളുടെ ഒരു വിഹിതം മെഡിക്കല്‍ കോളജ് ആശുപത്രിക്കായി മാറ്റിവെക്കണമെന്നും ഇതിനുള്ള ഉത്തരവ് കേരള സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗം എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. വി പി ശശിധരന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ്, സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, പി മോഹനന്‍, ടി വി ബാലന്‍, എം മുരളീധരന്‍, കൗണ്‍സിലര്‍മാരായ എം എം പത്മാവതി, പി കിഷന്‍ചന്ദ്, ആശുപത്രി വികസന സമിതി അംഗങ്ങളായ സി പി ഹമീദ്, പി നാരായണന്‍, വിരമിച്ച ഡോക്ടര്‍മാര്‍, സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ സംസാരിച്ചു. വാര്‍ഷികാഘോഷത്തിന്റെ രക്ഷാധികാരികളായി മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, ടി പി രാമകൃഷ്ണന്‍, എംപിമാരായ എം കെ രാഘവന്‍, എം പി വീരേന്ദ്രകുമാര്‍, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്, എംഎല്‍എമാരായ ഡോ. എം കെ മുനീര്‍, പി ടി എ റഹീം വി കെ സി മമ്മദ്‌കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവരെ തിരഞ്ഞെടുത്തു. എ പ്രദീപ്കുമാര്‍ ചെയര്‍മാനായും ടി സിദ്ദീഖ്, ടി പി ജയചന്ദ്രന്‍, ഉമ്മര്‍ പാണ്ടികശാല, പി മോഹനന്‍, ടി വി ബാലന്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും തിരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss