|    Feb 24 Sat, 2018 11:51 pm
FLASH NEWS

മെഡിക്കല്‍ കോളജ് വികസനസമിതി സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌

Published : 24th January 2017 | Posted By: fsq

 

കോഴിക്കോട്: മെഡിക്കല്‍ കോളജ് വികസന സമിതി സാമ്പത്തിക പ്രതിസന്ധിയിലേക്ക്. 2016 ജൂലായ് മുതല്‍ വികസന സമിതിക്കു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം വീണ്ടുവിചാരമില്ലാതെ വര്‍ധിപ്പിച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമായത്. മെഡിക്കല്‍ കോളജ് ആശുപത്രി വികസന സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും ജീവനക്കാരുടെ ശമ്പളത്തിനായാണ് ഉപയോഗിക്കുന്നത്. വരുമാനത്തിന്റെ 70 ശതമാനത്തിലധികം ശമ്പളത്തിന് ഉപയോഗിക്കരുതെന്നാണ് കണക്ക്. എന്നാല്‍, മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി 70 ശതമാനത്തിലധികം തുക ജീവനക്കാരുടെ ശമ്പളത്തിന് ഉപയോഗിക്കുന്നു. രോഗികളില്‍ നിന്ന് ഫീസ് ഇനത്തിനായി ലഭിക്കുന്ന തുക ആശുപത്രി വികസനത്തിനായാണ് ഉപയോഗിക്കേണ്ടത്. ഇത് ഇവിടെ പാലിക്കപ്പെടുന്നില്ല. മെഡിക്കല്‍ കോളജ് 60ാം വാര്‍ഷികമാഘോഷിക്കുവാന്‍ തയ്യാറെടുക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ രോഗികള്‍ നരകിക്കുകയാണ്. ആശുപത്രിവികസന സമിതിക്കുകീഴിലുള്ള ലാബില്‍ ഇപ്പോഴും അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള പരിശോധന സംവിധാനങ്ങള്‍ ഇല്ല. പ്രധാന പരിശോധനകള്‍ക്കും മറ്റും സ്വകാര്യ ലാബുകളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. ലാബ് നോക്കിനടത്തിപ്പിന് ഉത്തരവാദിത്വമുള്ള ഒരാളെ ഇപ്പോഴും വികസനസമിതി നിയമിച്ചിട്ടില്ല. മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡോക്ടറാണ് പേരിന് ലാബ് ഇന്‍ചാര്‍ജ്ജ്. ഈ ഡോക്ടര്‍ ലാബിലേക്ക് തിരിഞ്ഞു നോക്കാറുപോലുമില്ല. വീട്ടില്‍ സ്വകാര്യ പ്രാക്ടീസിന്റെ തിരക്കിലാണ് ലാബിന്റെ ഉത്തരവാദിത്വമുള്ള ഡോക്ടര്‍. വികസനസമിതിക്കു കീഴിലുള്ള സിടി സ്‌കാനറിനും കാത്തലാബിലും ആധുനിക ഉപകരണങ്ങള്‍ വാങ്ങുവാന്‍ മൂന്നു വര്‍ഷം മുമ്പ് അനുമതി ലഭിച്ചിട്ടും ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ സമിതിക്കു കഴിഞ്ഞിട്ടില്ല. രോഗികളുടെ അടിയന്തരാവശ്യങ്ങള്‍ നിറവേറ്റാതെ തിരക്കിട്ട് ശമ്പളവര്‍ധനവിലാണ് വികസനസമിതി താല്‍പര്യം കാണിച്ചത്. ആറു മാസത്തേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് വികസനസമിതിയില്‍ ജീവനക്കാരെ നിയമിക്കേണ്ടത്. എന്നാല്‍, വികസനസമിതിയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ അറിയിക്കാതെയാണ് നിയമനം നല്‍കുന്നത്. ആറ് മാസം കാലാവധി കഴിഞ്ഞ ജീവനക്കാരെ വീണ്ടും നിയമിക്കുകയാണ് വികസന സമിതിയില്‍. മെഡിക്കല്‍ കോളജ് അനുബന്ധ സ്ഥാപനങ്ങളായ മാതൃശിശുസംരക്ഷണ കേന്ദ്രം, ചെസ്റ്റ് ആശുപത്രി, ഡെന്റല്‍ കോളജ് എന്നിവിടങ്ങളില്‍ അഞ്ചുവര്‍ഷം മുമ്പ് ആറ് മാസത്തേക്ക് നിയമിച്ചവര്‍ തന്നെയാണ് ഇപ്പോഴും ജോലിയില്‍ തുടരുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ ക്ഷേമമല്ല, എച്ച്ഡിസിയിലെ ജീവനക്കാരുടെ വികസനമാണ് സമിതിയുടെ ലക്ഷ്യമെന്നും തോന്നിപ്പോവും. മുമ്പ് പ്രതിമാസം 65 ലക്ഷം രൂപ ചിലവിട്ട സ്ഥാനത്ത് ഇപ്പോള്‍ 1.5 കോടിരൂപയാണ് ശമ്പളത്തിന് മാത്രമായി ചെലവിടുന്നത്. ഒരു മാസം 4500 രൂപയുടെ ശമ്പളവര്‍ധന എച്ച്ഡിസി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ശമ്പളം നല്‍കുന്നതിനായി ചികില്‍സാ ഫീസ് കൂട്ടാന്‍ ആശുപത്രി അധികൃതര്‍ ആലോചിക്കുന്നതായി അറിയുന്നു. ഇത് രോഗികളോട് ചെയ്യുന്ന ക്രൂരതയാണ്. ആശുപത്രി വികസന സമിതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കൂടുതല്‍ ചികില്‍സാ സൗകര്യങ്ങള്‍ നടപ്പില്‍ വരുത്തി രോഗികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വികസനസമിതി ചെയ്യേണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss