|    Nov 17 Sat, 2018 2:06 pm
FLASH NEWS

മെഡിക്കല്‍ കോളജ് മാസ്റ്റര്‍ പ്ലാനിന് കിഫ്ബി ഫണ്ട് ലഭ്യമാക്കും : ആരോഗ്യമന്ത്രി

Published : 30th June 2017 | Posted By: fsq

 

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സമഗ്ര വികസനത്തിനായി തയാറാക്കുന്ന മാസ്റ്റര്‍ പ്ലാനിന് കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. മെഡിക്കല്‍ കോളജില്‍ നാല് കോടി ചെലവില്‍ സ്ഥാപിച്ച ഡിജിറ്റല്‍ സബ്‌സ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി (ഡിഎസ്എ)യുടെയും 8.8 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.ആധുനിക സമ്പ്രദായങ്ങള്‍ സന്നിവേശിപ്പിച്ച് മികവിന്റെ കേന്ദ്രമായി മെഡിക്കല്‍ കോളജിനെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ഓരോ വകുപ്പുകള്‍ക്ക് അത്യാധുനികമായ എന്ത് സൗകര്യങ്ങള്‍ വേണം എന്നത് മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടാവണം. ഇനി മെഡിക്കല്‍ കോളജിലെ എല്ലാ വികസനവും മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രമായിരിക്കണം. മെഡിക്കല്‍ കോളജിലെ ഓപറേഷന്‍ തിയറ്ററുകള്‍ കുറേക്കൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ട്രോമ കെയര്‍ യൂനിറ്റ് കുറേക്കൂടി ശക്തമാക്കണം. റോഡ് സേഫ്റ്റി ഫണ്ടില്‍നിന്ന് ഇതിനായി 76 കോടി രൂപ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിനായി സമ്പൂര്‍ണ ട്രോമ കെയര്‍ സിസ്റ്റത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങള്‍ക്കും മറ്റ് സൗകര്യങ്ങള്‍ക്കുമായി നൂറ് കോടി രൂപയോളം അനുവദിച്ചു കഴിഞ്ഞതായും ഇതിന്റെ പ്രവൃത്തി നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഉദ്ഘാടനം ചെയ്ത പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് ചുറ്റുമതിലും ബാഡ്മിന്റണ്‍ കോ ര്‍ട്ടും സ്ഥാപിക്കുന്നതിനായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ജില്ല തോറും മെഡിക്കല്‍ കോളജ് വേണ്ടതില്ല. നേരത്തെ അനുവദിച്ച ഇടുക്കി മെഡിക്കല്‍ കോളജില്‍ 2018-19 ആവുമ്പോഴേക്കും പ്രവേശനം നല്‍കാന്‍ പ്രയത്‌നിച്ചു വരികയാണ്. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിച്ച മെഡിക്കല്‍ കോളജുകള്‍ക്ക് കിഫ്ബി വഴി ഫണ്ട് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണം, ജീവിത ശൈലീരോഗം, യോഗ പരിശീലനം എന്നിവയുണ്ടാവും. എല്ലാ ജില്ലാശുപത്രികളിലും കാത്‌ലാബ് സ്ഥാപിച്ചു വരികയാണ്. ഇത് മെഡിക്കല്‍ കോളജുകളിലെ കാത്‌ലാബിലെ തിരക്ക് കുറക്കാന്‍ സഹായിക്കും. ആരോഗ്യ മേഖലയില്‍ സമഗ്ര മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനി പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. പൂര്‍ണമായും നിയന്ത്രിക്കുന്നത് സംബന്ധിച്ച് പഠനം നടക്കുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതിരുന്നിടങ്ങളിലാണ് പനി പടര്‍ന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും നടന്നു വരികയാണ്. പകര്‍ച്ച വ്യാധി ബാധിച്ച് കൂട്ടത്തോടെ മരണം സംഭവിക്കുന്നത് ആശാസ്യമല്ല. പുതിയ പനി വാര്‍ഡുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനിന് ആഗസ്റ്റ് മാസം അന്തിമ രൂപമാവുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എ പ്രദീപ് കുമാര്‍ എംഎല്‍എ അറിയിച്ചു. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ടൗണ്‍ഷിപ്പ് പോലെ ഇവിടം രൂപപ്പെടും. പദ്ധതി പൂര്‍ണതയില്‍ എത്തുന്നതോടെ ഇന്ത്യയിലെ തന്നെ മികച്ച പൊതുജനാരോഗ്യ സ്ഥാപനമായി കോഴിക്കോട് മെഡിക്കല്‍ കോളജ് മാറുമെന്നും എംഎല്‍എ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. പ്രതാപ് എസ്, സൂപ്രണ്ടുമാരായ ഡോ. സി ശ്രീകുമാര്‍, ഡോ. ടി.പി രാജഗോപാല്‍, ഡോ. കെ.ജി സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss