|    Oct 23 Mon, 2017 4:12 am

മെഡിക്കല്‍ കോളജ് മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയില്ല

Published : 29th July 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയുടെയും നാട്ടുകാരുടെയും വര്‍ഷങ്ങളായുള്ള സ്വപ്‌നമായ മലിനജല ശുദ്ധീകരണ പ്ലാന്റ് ഇനിയും പ്രവര്‍ത്തിപ്പിക്കാനായില്ല. കനോലി കനാലിലേക്കുള്ള പൈപ്പിടല്‍ പൂര്‍ത്തിയായിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഏഴു കോടി രൂപ ചെലവില്‍ പ്ലാന്റ് സ്ഥാപിച്ചിട്ട് ഏഴു വര്‍ഷം കഴിഞ്ഞു. പ്ലാന്റിന്റെ ചുറ്റുഭാഗങ്ങള്‍ മതില്‍കെട്ടി കഴിഞ്ഞു. എന്നിട്ടും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ക്കായില്ല. മെഡിക്കല്‍ കോളജിലെ മാലിന്യം മൂലം മായനാട് ഭാഗത്ത് 35 ഏക്കറോളം വയല്‍ കൃഷിയോഗ്യമല്ലാതായി. മായനാട് താഴെ വയലുകാര്‍ മാരകമായ രോഗങ്ങളുമായി മല്ലടിച്ചുകൊണ്ടിരിക്കുകയാണ്. നടപ്പാലം, മൂലതോട് താഴെ വയല്‍ ഭാഗത്ത് ഒഴുക്ക് തടസ്സപ്പെട്ട് വയലുകളിലേക്കും പറമ്പിലേക്കും മലിനജലം പരന്നൊഴുകുകയാണ്.
ഇതോടെ കിണറുകളിലെ വെള്ളം മാലിന്യം നിറഞ്ഞ് ഉപയോഗശ്യൂന്യമായി. മെഡിക്കല്‍ കോളജ്, ശിശുരോഗം, ചെസ്റ്റ് ഹോസ്പിറ്റല്‍, ഡെന്റല്‍ കോളജ്, നഴ്‌സിങ് കോളജ്, ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം ഇരിങ്ങാടംപള്ളി, പാലാഴി, നടപ്പാലം എന്നിവ വഴി ഒഴുക്കിവിടുകയണ്. പ്രതിദിനം ആറായിരത്തോളം പേരുടെ മാലിന്യമാണ് പുറത്തുവിടുന്നത്. പ്രതിദിനം 6.5 ദശലക്ഷം ലിറ്റര്‍ ദ്രവമാലിന്യവും ശരാശരി 400 കിലോ ഭക്ഷണ ഖരമാലിന്യവും ഇവിടെ നിന്നു ഉണ്ടാകുന്നുണ്ട് എന്നാണ് കണക്ക്. എന്നാല്‍, ഇത് സംസ്‌കരിക്കുവാന്‍ ഒരു സംവിധാനവും ഇല്ല.
ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റ് 2009ല്‍ സ്ഥാപിച്ചുവെങ്കിലും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. ഖരമാലിന്യ സംസ്‌കരണത്തിന് സ്ഥാപിച്ച ഇന്‍സിനറേറ്റര്‍ ഒന്നുംതന്നെ പ്രവര്‍ത്തിക്കുന്നുമില്ല. മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ശിവകുമാറിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും യോഗം വിളിച്ചിരുന്നു. മൂന്നു മാസത്തിനുള്ളില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഫലം കണ്ടില്ല.
പ്ലാന്റ് എന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുമെന്ന് ഉറപ്പ് നല്‍കുവാന്‍ കരാറുകാര്‍ക്ക് കഴിയുന്നില്ല. ആശുപത്രി വികസന സമിതി ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുമില്ല. കഴിഞ്ഞ 50 വര്‍ഷമായി മായനാട്ടുകാര്‍ മാലിന്യത്തോട് പൊരുതി ജീവിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക