|    Nov 13 Tue, 2018 9:34 pm
FLASH NEWS

മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങി; ശിലയിടല്‍ കഴിഞ്ഞിട്ട് ഒമ്പതു വര്‍ഷം

Published : 11th August 2018 | Posted By: kasim kzm

കോഴിക്കോട്: മെഡിക്കല്‍ കോളജ് ബസ്്സ്റ്റാന്റ് കടലാസില്‍ ഒതുങ്ങി. 2009ല്‍ അന്നത്തെ മന്ത്രി പാലോളി മഹമ്മദ്കുട്ടിയാണ് തറക്കല്ലിട്ടത്. മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനു പിന്നിലുള്ള വിശാലമായ സ്ഥലത്താണ് ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികള്‍ ബസ്്സ്റ്റാന്റ് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്.
കോര്‍പ്പറേഷന്‍ പ്ലാനില്‍ ഇതുള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞതിന്റെ തൊട്ടു മുമ്പുള്ള കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബസ്്സ്റ്റാന്റിന്റെ രൂപരേഖ ഉള്‍പ്പെടെ ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ മുന്നണി ജയിച്ചു ഭരണസമിതി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ബസ്് സ്റ്റാന്റ് കടലാസില്‍ ഒതുങ്ങി. ബസ്് സ്റ്റാന്റിനായി ഏറ്റെടുത്ത സ്ഥലത്ത് കാടുകൂടി വരികയാണ്. മൂന്നു വര്‍ഷം മുമ്പ് കാട് വെട്ടിയെങ്കിലും ഇപ്പോള്‍ അതിലും കൂടി. ബസ്് സ്റ്റാന്റിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പദ്ധതിയിലുണ്ടെന്നും വരുമെന്നാണ് നാട്ടുകാര്‍ക്ക് കോര്‍പ്പറേഷന്‍ അധികൃതരില്‍ നിന്നു ലഭിക്കുന്ന മറുപടി.
മെഡിക്കല്‍ കോളജിനു സമീപം ബസ്്സ്റ്റാന്റ് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കാന്‍ പോവുകയാണെന്നു കാണിച്ച് ഒമ്പതു വര്‍ഷം മുമ്പ് കോര്‍പ്പറേഷനില്‍ നിന്നും സ്ഥല ഉടമകള്‍ക്ക് നോട്ടീസ് വന്നിരുന്നു. നോട്ടീസ് കിട്ടി ഇതിന്റെ ചുവടുകള്‍പിടിച്ച് നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ പലതും നടന്നു. കോര്‍പ്പറേഷന്‍ ഏറ്റെടുക്കുകയാണെങ്കില്‍ കുറച്ചു തുക മാത്രമേ ലഭിക്കുകയുള്ളൂ. ലാന്റ് അക്വിസിഷന്‍ നിയമപ്രകാരമാണ് സ്ഥലം ഏറ്റെടുക്കുക എന്നിങ്ങനെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ചിലര്‍ ഇവിടെ എത്തുന്നത്. സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിലും കൂടുതല്‍ ഇവര്‍ക്ക് ഭൂമി നല്‍കുകയാണെന്ന തരത്തിലുള്ള ചര്‍ച്ച ചില ഭാഗത്തു നിന്നുണ്ടായി. ഏറ്റെടുക്കാനായി കണ്ടുവച്ച സ്ഥലത്തെ ഒരു വ്യക്തിയുള്‍പ്പെടെ മറ്റുള്ളവരുടെ സ്ഥലമെല്ലാം സ്വകാര്യ വ്യക്തികള്‍ വാങ്ങിക്കൂട്ടി.
ബസ്്സ്റ്റാന്റ് വന്നില്ലെന്നു മാത്രമല്ല, ഇവിടം കാടുമൂടി മാലിന്യ നിക്ഷേപ കേന്ദ്രമായി. ഇഴജന്തുക്കള്‍ ഏറെയുണ്ട്. ചികില്‍സയുടെ ഭാഗമായി പിടികൂടി മെഡിക്കല്‍ കോളജിലേക്കു കൊണ്ടുവരുന്ന പാമ്പിനെ ആവശ്യം കഴിഞ്ഞ ശേഷം പലരും ഇവിടെ കൊണ്ടിടുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്നവരുടെ പ്രധാന താവളമായി ഇവിടം മാറി. സമീപത്തെ റോഡിലൂടെ പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പല സമയത്തും ഭയപ്പാടോടെ മാത്രമാണ് ഇതിലേ സഞ്ചരിക്കാന്‍ പറ്റുന്നത്. മാല പിടിച്ചുപറിക്കലും അക്രമവുമെല്ലാം ഇവിടെ നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. പകല്‍ സമയങ്ങളില്‍ പോലും ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്ല്യമാണ്. ഇവിടെ വാഹനം നിര്‍ത്തിയിടുന്ന വിദ്യാര്‍ഥികള്‍ അതിന്റെ പേരില്‍ അടിപിടി കൂടാറുണ്ട്. ബസ്്സ്റ്റാന്റ് പദ്ധതിയില്‍ മാത്രമേ ഒതുങ്ങിനില്‍ക്കുമ്പോള്‍ ബസ്സുകള്‍ നിര്‍ത്തിയിടുന്നത് റോഡിലാണ്.
ഇരുഭാഗത്തും ബസ്സുകളും മറ്റു വാഹനങ്ങളും നിര്‍ത്തുന്നതില്‍ പലപ്പോഴും ഇതിലേ നടന്നു പോകുവാന്‍ പ്രയാസമാണ്. സമീപത്തെ നാലു സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ഇതിലെ നടന്നുപോകുന്നത്. ബസ്്‌സ്റ്റാന്റ് പോലുമില്ലാത്തതിനാല്‍ മറ്റെവിടെ നിര്‍ത്താനാണെന്നാണ് ബസ് ജീവനക്കാര്‍ ചോദിക്കുന്നത്. ബസ്്‌സ്റ്റാന്റ് വരുകയാണെങ്കില്‍ മെഡിക്കല്‍ കോളജ് ജങ്ഷനിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരമാവും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss