|    Apr 26 Wed, 2017 3:45 am
FLASH NEWS

മെഡിക്കല്‍ കോളജ്; പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള യജ്ഞത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം. ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് പ്രതിവര്‍ഷം 2500 ഓളം പാവപ്പെട്ട രോഗികള്‍ക്കു ലക്ഷക്കണക്കിനു രൂപയുടെ മരുന്നുകളാണു സൗജന്യമായി നല്‍കി വരുന്നത്. 2012ല്‍ 37 ലക്ഷം, 2013ല്‍ 26 ലക്ഷം, 2014ല്‍ 18 ലക്ഷം, 2015ല്‍ 20 ലക്ഷം എന്നിങ്ങനെയാണു സൗജന്യമായി മരുന്നുകള്‍ നല്‍കിയത്. 2016ല്‍ ഇതുവരെ 14 ലക്ഷം രൂപയുടെ മരുന്നുകളും പുറ്റിങ്ങല്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്കു മാത്രമായി 10 ലക്ഷം രൂപയുടെ മരുന്നുകളും നല്‍കിയിരുന്നു. ആശുപത്രി വികസന സമിതി നല്‍കുന്ന ഈ സൗജന്യസേവനം കൂടുതല്‍ നിര്‍ധന രോഗികളിലേക്കു വ്യാപിപ്പിക്കുന്നതിനായാണു പൊതുജനങ്ങളുടെ പങ്കാളിത്തം ക്ഷണിക്കുന്നത്. ആശുപത്രി വികസന സമിതിയുടെ കീഴില്‍ രോഗികള്‍ക്ക് 25 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാവുന്ന കമ്മ്യൂണിറ്റി ഫാര്‍മസി കൗണ്ടര്‍, എച്ച്ഡിഎസ് ലാബ്, സിടി സ്‌കാനര്‍, എംആര്‍ഐ സ്‌കാനര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള നിര്‍ധനരോഗികള്‍, കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത രോഗികള്‍ എന്നിവക്കെല്ലാം ഈ ഫാര്‍മസി കൗണ്ടറില്‍ നിന്നു സൗജന്യമരുന്നുകള്‍ നല്‍കാറുണ്ട്.കമ്മ്യൂണിറ്റി ഫാര്‍മസി കൗണ്ടറില്‍ക്കൂടി വില്‍പന നടത്തുന്ന ചെറിയ ആദായത്തിന്റെ ഒരു വിഹിതമാണ് നിര്‍ധന രോഗികള്‍ക്ക് ഇത്തരത്തില്‍ സൗജന്യമായി നല്‍കിവരുന്നത്. നിര്‍ധനരോഗികളുടെ വര്‍ധനവും ഫണ്ടിന്റെ അപര്യാപ്തതയും കാരണം അസ്ഥിരോഗ വിഭാഗ ശസ്ത്രക്രിയകള്‍ പോലുള്ളവയ്ക്ക് ഇംപ്ലാന്റുകള്‍ മുതലായ വിലകൂടിയ സാധനങ്ങള്‍ നല്‍കുന്നതിനു വളരെയധികം ബുദ്ധിമുട്ടുകളനുഭവപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള രോഗികള്‍ക്കു പരിപൂര്‍ണമായും സൗജന്യമായ ചികില്‍സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതേ ആവശ്യത്തിന് ഫണ്ട് സ്വരൂപിക്കാനായി മെഡിക്കല്‍ കോളജ് എസ്ബിടി ശാഖയില്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 67094604029, ഐഎഫ്എസ്‌സി കോഡ്: എസ്ബിടിആര്‍ 0000029.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day