|    Mar 23 Thu, 2017 7:46 pm
FLASH NEWS

മെഡിക്കല്‍ കോളജ്: തീപ്പൊള്ളല്‍ ഏല്‍ക്കുന്നവര്‍ക്ക് ചികില്‍സാവിഭാഗം വരുന്നു

Published : 19th August 2016 | Posted By: SMR

കോഴിക്കോട്: തീപ്പൊള്ളലേല്‍ക്കുന്നവര്‍ക്ക് മെഡിക്കല്‍ കോളജാശുപത്രിയില്‍ അത്യാധുനിക ചികില്‍സാവിഭാഗം വരുന്നു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തോടു ചേര്‍ന്നാണ് ഈ വിഭാഗം വരുന്നത്. എട്ടു കിടക്കകളോടു കൂടിയാണ് പുതിയ വിഭാഗം നിലവില്‍വരുന്നത്.
അത്യാഹിത വിഭാഗത്തിലാണ് പൊള്ളലേറ്റവര്‍ക്ക് ചികില്‍സ നല്‍കുന്നത്. തീപ്പൊള്ളലേറ്റവര്‍ക്ക് മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡില്ല. മറ്റു രോഗികളുടെ കൂടെയാണ് ഇവര്‍ക്കു കിടത്തി ചികില്‍സ നല്‍കുന്നത്. ഇതു കാരണം ഇവര്‍ക്ക് അണുബാധയേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റവര്‍ക്ക് അണുബാധയേല്‍ക്കുന്നതു കാരണം രോഗികള്‍ മരണപ്പെടുന്നതും ഇവിടെ സാധാരണമാണ്.
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം ഉണ്ടായതിനു ശേഷം ആശുപത്രികളില്‍ പൊള്ളലേറ്റവര്‍ക്ക് ചികില്‍സിക്കാനായി പ്രത്യേക വിഭാഗം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പുതിയ പൊള്ളല്‍ ചികില്‍സാ വിഭാഗം ആരംഭിക്കുന്നത്. ഈ മാസം അവസാനത്തോടെ പുതിയ വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും. 75 ലക്ഷത്തിന്റെ ചികില്‍സാ ഉപകരണങ്ങള്‍ ഇതിനായി വാങ്ങിക്കും. 50 ശതമാനത്തില്‍ താഴെ പൊള്ളല്‍ ഏല്‍ക്കുന്നവരെ അംഗപരിമിതികള്‍ ഒന്നുമില്ലാതെ അപകടത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാരാണ് ഈ പുതിയ വിഭാഗത്തിന് ഫണ്ട് നല്‍കുന്നത്. ഹൗസ് സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, ഫിസിക്കല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ സേവനം ഈ വിഭാഗത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. തീപ്പൊള്ളലേറ്റവര്‍ക്ക് നല്‍കേണ്ട ചികില്‍സ ഏറെ പണച്ചെലവുള്ളതാണ്.
മുറിവുകള്‍ ഡ്രസ്സ് ചെയ്യുന്നതാണ് ഏറ്റവും കൂടുതല്‍ ചെലവും സമയവും എടുക്കുന്നത്. കൂടുതല്‍ ഡ്രസ്സിങ് വസ്തുക്കള്‍ ഈ വിഭാഗത്തില്‍ സൂക്ഷിക്കും. നഴ്‌സുമാരുടെ നിയമനത്തിനുള്ള നടപടികളും സ്വീകരിച്ചുകഴിഞ്ഞു. മലബാറിലെ സമീപ ജില്ലകളില്‍ നിന്നുള്ള രോഗികള്‍ക്ക് ഒരു അനുഗ്രഹമാണ് ഈ പുതിയ സംവിധാനം.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക