|    Jun 19 Tue, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മെഡിക്കല്‍ കോളജ് കോഴ : നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയുമായി ബിജെപി

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ അഴിമതി വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ബിജെപി. പാര്‍ട്ടി സംസ്ഥാന വക്താവ് വി വി രാജേഷിനെതിരേയാണ് നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തെ ബിജെപിയുടെ എല്ലാ ഔദ്യോഗിക പദവികളില്‍നിന്നും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശഖരന്‍ ഒഴിവാക്കി. പാര്‍ട്ടിയുടെ പേരില്‍ വ്യാജ രശീതി അടിച്ച് പണപ്പിരിവ് നടത്തിയ സംഭവം ചോര്‍ത്തിയ യുവമോര്‍ച്ചാ നേതാവിനെതിരേയും നടപടിയെടുത്തു. സംസ്ഥാന സെക്രട്ടറി പ്രഫുല്‍ കൃഷ്ണയെ സംഘടനയുടെ ഔദ്യോഗിക പദവികളില്‍നിന്നു താല്‍ക്കാലികമായി മാറ്റിയതായി ബിജെപി അറിയിച്ചു. പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ പൊടുന്നനെയുള്ള നീക്കം. സംസ്ഥാന, കോര്‍ കമ്മിറ്റി യോഗങ്ങള്‍ക്കുശേഷം ദേശീയ സഹസംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷ് തയ്യാറാക്കിയ റിപോര്‍ട്ടില്‍ നേതാക്കള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. കോഴയില്‍ ആരോപണവിധേയനായ എം ടി രമേശും റിപോര്‍ട്ട് ചോര്‍ത്തിയതിനു പിന്നില്‍ വി വി രാജേഷാണെന്ന് യോഗങ്ങളില്‍ തുറന്നടിച്ചിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടുള്ള നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ വൈകീട്ട് വി വി രാജേഷിനെ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് നടപടിയുടെ കാര്യം കുമ്മനം അറിയിച്ചത്. പാര്‍ട്ടിയുടെ തലസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളായ വി വി രാജേഷ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്നു. അന്വേഷണ കമ്മീഷന്‍ അംഗവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ എ കെ നസീറിന്റെ ഇ-മെയിലില്‍ നിന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിലേക്കാണ് റിപോര്‍ട്ട് ചോര്‍ന്നത്. ഈ റിപോര്‍ട്ട് രാജേഷ് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ ഫണ്ട് ശേഖരണത്തിനായി തയ്യാറാക്കിയ രശീതിയുടെ വ്യാജ പതിപ്പുകളുണ്ടാക്കി ഒരു വിഭാഗം നേതാക്കള്‍ പണം തട്ടിയ സംഭവം ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയത് പ്രഫുല്‍ കൃഷ്ണയാണെന്ന കണ്ടെത്തലാണ് അദ്ദേഹത്തിനെതിരായ നടപടിക്കു കാരണം. വര്‍ക്കലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കാന്‍ ഉടമയില്‍ നിന്നു ബിജെപി സഹകരണ സെല്‍ കണ്‍വീനറായിരുന്ന ആര്‍ എസ് വിനോദ് 5.60 കോടി കോഴയായി വാങ്ങി. ഈ തുക ഹവാലാ ഇടപാടിലൂടെ ഡല്‍ഹിയില്‍ എത്തിച്ചെന്നുമായിരുന്നു പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശനും സെക്രട്ടറി എ കെ നസീറും അടങ്ങിയ പാര്‍ട്ടി കമ്മീഷന്റെ റിപോര്‍ട്ട്. അതേസമയം,  നടപടി വരുംദിവസങ്ങളില്‍  കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്നാണ് സൂചന.  അച്ചടക്ക നടപടി കുമ്മനം പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യാത്തതാണ് വിവാദമായത്. രാജേഷിനെതിരേ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാന കമ്മിറ്റിയിലും കോര്‍ കമ്മിറ്റിയിലും വിഷയം ചര്‍ച്ചയ്ക്കു വയ്‌ക്കേണ്ടതായിരുന്നുവെന്നാണ് മുരളീധരന്‍പക്ഷത്തിന്റെ വാദം. കൃഷ്ണദാസ് പക്ഷത്തെ പരിരക്ഷിക്കുന്ന തരത്തിലുള്ള ഏകപക്ഷീയ നടപടിയായി ഇത് വരുംദിവസങ്ങളില്‍ മുരളിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരാനും സാധ്യതയുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss