|    Nov 20 Mon, 2017 3:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘മെഡിക്കല്‍ കോളജ് കോഴക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബിജെപി-സിപിഎം ഗൂഢാലോചന’

Published : 1st November 2017 | Posted By: fsq

 

കാസര്‍കോട്: ബിജെപി നേതാക്കള്‍ പ്രതിയായ മെഡിക്കല്‍ കോളജ് കോഴക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം-ബിജെപി ഗൂഢാലോചന നടത്തിയെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. കാസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നേതാക്കള്‍ക്കെതിരേ കോഴ ആരോപണം പുറത്തുവന്നതിനു പിന്നാലെയാണു തിരുവനന്തപുരത്തു ബിജെപി-സിപിഎം അക്രമം നടക്കുന്നത്. ഇതില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെ അക്രമം നടക്കുകയും ചെയ്തിരുന്നു. ഇതോടെ കോഴവിവാദം ഒതുങ്ങി. സമാധാനം സ്ഥാപിക്കാനെന്ന പേരില്‍ മുഖ്യമന്ത്രിയും കുമ്മനം രാജശേഖരനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ എന്താണു സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. ‘കടക്കു പുറത്ത്’ എന്ന വിവാദ പരാമര്‍ശത്തിലൂടെ മാധ്യമ പ്രവര്‍ത്തകരെപ്പോലും ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തെളിവുകളില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് കോഴക്കേസ് അവസാനിപ്പിച്ചിരിക്കുകയാണെന്നാണു വിജിലന്‍സ് പറയുന്നത്. കോഴ കൊടുത്തവരും വാങ്ങിയവരും മാധ്യമങ്ങൡലൂടെ ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണു സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ചര്‍ച്ചയുടെ ഉള്ളുകളികള്‍ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പാര്‍ട്ടി വിട്ടുപോവുന്നവരെ കൊലപ്പെടുത്തുകയോ, വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന രീതിയാണു സിപിഎമ്മിന്. എന്നാല്‍ സിപിഎമ്മിനൊപ്പം നിന്ന അല്‍ഫോന്‍സ് കണ്ണന്താനം ബിജെപിയില്‍ ചേര്‍ന്നു കേന്ദ്രമന്ത്രിയായപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചതു സിപിഎമ്മാണ്. പിണറായി വിജയന്‍ അദ്ദേഹത്തിന് വിരുന്നു പോലും നല്‍കിയിരുന്നു. കളങ്കിതരായവരെ രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തില്‍ നിന്നു മാറ്റിനിര്‍ത്തും. ഇ പി ജയരാജനും എ കെ ശശീന്ദ്രനും നല്‍കാത്ത പരിഗണനയാണു മുഖ്യമന്ത്രി കായല്‍ കൈയേറ്റം നടത്തിയ മന്ത്രി തോമസ് ചാണ്ടിക്കു നല്‍കുന്നതെന്നും സതീശന്‍ ആരോപിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എം സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, എ ജി സി ബഷീര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക