മെഡിക്കല്‍ കോളജ്; എല്‍ഡിഎഫ് സര്‍ക്കാരിന് നിലപാട് തിരുത്തേണ്ടിവരും: ഉമ്മന്‍ചാണ്ടി
Published : 2nd July 2016 | Posted By: SMR
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ മെഡിക്കല്‍ കോളജുകളിലെ ആയിരക്കണക്കിന് സീറ്റുകള്‍ വേണ്ടെന്നുവച്ച സര്‍ക്കാര്‍ നടപടി തിരുത്തേണ്ടിവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിട്ടും മെഡിക്കല്‍ കോളജ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണ്. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായും മറ്റു വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 25,000 രൂപയ്ക്കും പഠിക്കാനുളള അവസരമാണ് സര്‍ക്കാര്‍ നിഷേധിക്കുന്നത്. അലോട്ട്മെന്റ് വരുന്നതോടെ സ്ഥിതി മാറും. ശക്തമായ പ്രതിഷേധം കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉയര്‍ന്നുവരും. ഈ വിഷയം നിയമസഭയില്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളജ് ഇല്ലാത്ത മണ്ഡലങ്ങളിലും സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ദലിത്, ദുര്‍ബല വിഭാഗങ്ങള്‍ക്കുമാണ് യുഡിഎഫ് സര്‍ക്കാര്‍ കോളജ് അനുവദിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കിയത്. ഈ രണ്ടു തീരുമാനവും സാമൂഹിക നീതി നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു. ഇക്കാര്യത്തില്‍ അഭിമാനമുണ്ട്. 24 കോളജുകള്‍ അനുവദിച്ചത് സര്‍ക്കാര്‍ മേഖലയിലാണ്. കൂടുതലും പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളിലാണ് അനുവദിച്ചത്. എല്ലാ സമുദായങ്ങള്‍ക്കും കോളജുകളുള്ളപ്പോള്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ഒരു കോളജ് പോലും സംസ്ഥാനത്തില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം യാഥാര്‍ഥ്യ ബോധമില്ലാത്തതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്വന്തം കാഴ്ചപ്പാടുകള്‍ക്കാണ് ധവളപത്രത്തില്‍ ഐസക് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ചില പോരായ്മകള്‍ സ്വാഭാവികമാണ്. എന്നാല്‍, അതിന്റെ പേരില്‍ അഞ്ചുവര്‍ഷം മുഴുവന്‍ സര്‍ക്കാര്‍ ചെയ്തത് തെറ്റാണെന്ന് പറയുന്നത് ജനം വിശ്വസിക്കില്ല. അധികാരത്തില്‍ വരുന്നതിന് മുമ്പ് ഐസക് പറഞ്ഞതുപോലെയുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്ന് ധവളപത്രത്തിലൂടെ തെളിഞ്ഞതായി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.