|    Sep 23 Sun, 2018 1:46 pm
FLASH NEWS

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിപാ മാലിന്യം സംസ്‌കരിക്കുന്നത് ഐഎംസിഎച്ചില്‍

Published : 5th June 2018 | Posted By: kasim kzm

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിപാ വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലിരിക്കുന്ന രോഗികള്‍ ഉപയോഗിച്ച മാസ്‌കും കൈയുറകളും മറ്റും സംസ്‌കരിക്കുന്നത് ഐഎംസിഎച്ചിലെ ഇന്‍സിനറേറ്ററില്‍. മെഡിക്കല്‍ കോളജിലെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ചു വര്‍ഷത്തോളമായി.
എന്നാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനസജ്ജമാണ്. ഐഎംസിഎച്ചിലെ ഇന്‍സിനറേറ്ററില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിപാ മാസ്‌കും കൈയുറകളും കൂടാതെ ഇവിടെ ഉണ്ടാകുന്നതും പ്രത്യേകം സംസ്‌കരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അതേസമയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്ലാസ്റ്റിക് മാലന്യങ്ങളും മറ്റും സംസ്‌കരിക്കുന്നത് പാലക്കാട്ടെ ഇമേജിലാണ്. ഇവിടെ നിന്ന് ദിവസേന ഒരു ലോറി പ്ലാസ്റ്റിക് മാലിന്യമാണ് പാലക്കാടുള്ള ഐഎംഎയുടെ മാലിന്യസംസ്‌കരണ പ്ലാന്റിലേക്ക് കയറ്റി അയക്കുന്നത്. ഇമേജിന് മെഡിക്കല്‍ കോളജ് ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ മാസംതോറും 1.62 ലക്ഷം രൂപ നല്‍കുന്നുണ്ടെന്ന് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പറഞ്ഞു. 2013 ല്‍ പുകക്കുഴല്‍ ദ്രവിച്ച് തകര്‍ന്നു വീണതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇന്‍സിനിറേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചത്.
പുതിയ ഇന്‍സിനിറേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ എവിടെയുമെത്തിയിട്ടില്ല. ടെണ്ടര്‍ വിളിക്കാന്‍ ആരും തയ്യാറായിട്ടില്ല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് ഇത് ചെയ്യേണ്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.മാലിനപ്രശ്‌നത്തിന് ശാശ്വത പരിഹാരമായി നിര്‍മ്മിക്കുന്ന പുതിയ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനോടനുബന്ധിച്ചുള്ള കലക്ഷന്‍ ടാങ്കിന്റെ (ശേഖരണ കിണര്‍) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഐഎംസിഎച്ചില്‍ ശേഖരണ ടാങ്ക് നിര്‍മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലത്ത് മരങ്ങള്‍ മുറിച്ചുമാറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും നിപാ വൈറസ് ബാധയുടെ പാശ്ചാത്തലത്തില്‍ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
ജില്ലയിലെ എട്ട് എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 95 ലക്ഷം രൂപ വിനിയോഗിച്ചാണ് കിണര്‍ നിര്‍മാണം നടത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss