|    Oct 19 Fri, 2018 8:54 am
FLASH NEWS

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി

Published : 29th September 2017 | Posted By: fsq

 

ആര്‍പ്പുക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഉദയംപേരൂര്‍ ശ്രീലക്ഷ്മി വീട്ടില്‍ സുബ്രഹ്മണ്യഭട്ട് ആണ് ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഹരിയാന സ്വദേശിയായ അതുല്‍ കുമാറി(24)ന്റെ ഹൃദയമാണ് സുബ്രഹ്മണ്യഭട്ടിന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് തുന്നിച്ചേര്‍ത്തത്. മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയം മാറ്റിവച്ചത്. ബുധനാഴ്ച രാത്രി 7.30നാണ് കൊച്ചിയില്‍ ഒ പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട ഹൃദയമുണ്ടെന്ന വിവരം കോട്ടയം മെഡിക്കല്‍ കോളജില്‍ ലഭിക്കുന്നത്. എന്നാല്‍ രാത്രി 10നാണ് ഹൃദയം കോട്ടയത്തിനു ലഭിക്കുമെന്ന് ഉറപ്പായത്. തുടര്‍ന്ന് ഇന്നലെ വെളുപ്പിനു രണ്ടിന് സുബ്രഹ്മണ്യത്തെ ആശുപത്രിയിലേയ്ക്കു വിളിച്ചു വരുത്തി അഡ്മിറ്റു ചെയ്യുകയായിരുന്നു. രാവിലെ ഏഴിന് കൊച്ചിയിലേക്കു പുറപ്പെട്ട ഡോക്ടര്‍മാരടങ്ങുന്ന സംഘം 11ഓടെ ഹൃദയവുമായി മടങ്ങിയെത്തി. തുടര്‍ന്ന് ഉച്ചയ്ക്കു 12.20ഓടെ ഹൃദയം സുബ്രഹ്മണ്യത്തില്‍ വച്ചു പിടിച്ചു. തുടര്‍ന്ന് 1.30ഓടെ സുബ്രഹ്മണ്യത്തെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വെന്റിലേറ്ററില്‍ കഴിയുന്ന സുബ്രഹ്മണ്യം പ്രത്യേക നിരീക്ഷണത്തിലാണ്. എറണാകുളത്തെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്‌കൂളിലേയ്ക്ക് എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സുബ്രഹ്മണ്യം 2013 മുതല്‍ ഹൃദ്രോഗ ചികില്‍സയിലായിരുന്നു. ഒമ്പതു മാസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തുന്നത്. കാഴ്ചയില്ലാത്ത മായയാണ് ഭാര്യ . മക്കള്‍ വിദ്യാര്‍ഥികളായ ഭവ്യശ്രീ, ഭാഗ്യശ്രീ. ദിവസങ്ങള്‍ക്കു മുമ്പുണ്ടായ അപകടത്തില്‍പ്പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച അതുല്‍ കുമാര്‍ കൊച്ചിയില്‍ നേവി ഓഫിസറായിരുന്നു. 2015ലാണ്് ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്നത്. പത്തനംതിട്ട സ്വദേശി പൊടിയന്‍ എന്നയാള്‍ക്കാണ് ആദ്യമായി ഹൃദയം മാറ്റിവച്ചത്. ഇയാള്‍ പിന്നീട് മരണപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss