|    Jan 17 Tue, 2017 12:40 pm
FLASH NEWS

മെഡിക്കല്‍ കോളജുകള്‍ക്ക് ജെയിംസ് കമ്മിറ്റിയുടെ അന്ത്യശാസനം; തള്ളിയ അപേക്ഷകള്‍ വീണ്ടും പരിഗണിക്കണം

Published : 23rd September 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് മാനേജ്‌മെന്റ്, എന്‍ആര്‍ഐ സീറ്റുകളില്‍ പ്രവേശന മേല്‍നോട്ടസമിതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായും നിസ്സാര കാരണങ്ങള്‍ പറഞ്ഞും ഓണ്‍ലൈന്‍ അപേക്ഷകള്‍ തള്ളിയ നാലു കോളജുകള്‍ക്ക് ജെയിംസ് കമ്മിറ്റിയുടെ അന്ത്യശാസനം. കൊല്ലം അസീസിയ, തൊടുപുഴ അല്‍ അസ്ഹര്‍, പാലക്കാട് പി കെ ദാസ്, കൊല്ലം ട്രാവന്‍കൂര്‍ കോളജുകളുടെ പ്രതിനിധികള്‍ക്കാണ് നിരസിച്ച വിദ്യാര്‍ഥികളുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ഇക്കാര്യം രേഖാമൂലം കോളജ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളജിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് ജെയിംസ് കമ്മിറ്റി തീര്‍പ്പാക്കി. മെഡിക്കല്‍ കോളജ് പ്രതിനിധികള്‍, പരാതിക്കാരായ വിദ്യാര്‍ഥികള്‍ എന്നിവരുടെ വാദം കേട്ട ശേഷമായിരുന്നു ജെയിംസ് കമ്മിറ്റിയുടെ നടപടി. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് പ്രവേശനത്തി ല്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ ഒഴിവാക്കപ്പെട്ടതായി കമ്മിറ്റി കണ്ടെത്തി. 52 യോഗ്യരായ വിദ്യാര്‍ഥികളുടെ പട്ടികയും 10 എന്‍ആര്‍ഐ വിദ്യാര്‍ഥികളുടെ പട്ടികയും വിവിധ കാരണങ്ങളാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട 355 പേരുടെ പട്ടികയുമാണ് കോളജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍, പ്രവേശനം ലഭിച്ചവരേക്കാള്‍ ഉയര്‍ന്ന റാങ്കുള്ളവരാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ളതെന്ന് ജെയിംസ് കമ്മിറ്റി കണ്ടെത്തി. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താന്‍ കോളജ് അധികൃതര്‍ അവസരം നല്‍കിയില്ലെന്നും യഥാര്‍ഥവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയില്ലെന്നും പരാതിക്കാര്‍ ആവര്‍ത്തിച്ചു.
ഹിയറിങിനിടെ സമിതി പരിശോധിച്ചപ്പോഴും വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായിരുന്നില്ല. തുടര്‍ന്നു സമിതിയുടെ നിര്‍ദേശപ്രകാരം വെബ്‌സൈറ്റ് പുനസ്ഥാപിക്കുകയായിരുന്നു. ഉയര്‍ന്ന റാങ്കുകാര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തി ല്‍ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ള 355 പേര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നു സമിതി നിര്‍ദേശിച്ചു. 26ന് വൈകീട്ട് അഞ്ചുമണിവരെ ഇവര്‍ക്ക് അപേക്ഷിക്കാന്‍ സമയം നല്‍കണം. തുടര്‍ന്നു പട്ടിക സൂക്ഷ്മപരിശോധനയ്ക്കായി കമ്മിറ്റിക്കായി സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കൊല്ലം അസീസിയ മെഡിക്കല്‍ കോളജ് പ്രസിദ്ധീകരിച്ച പട്ടികയില്‍ പരാതിക്കാരുടെ പേരുവിവരങ്ങളോ രേഖകളുടെ വിവരങ്ങളോ ബാങ്ക് ഗ്യാരന്റി സംബന്ധിച്ച വിവരങ്ങളോ ഇല്ലെന്നാണു പരാതി. റാങ്ക് ക്രമവും ആകെ അപേക്ഷകളുടെ എണ്ണവും നല്‍കിയിട്ടില്ല. പ്രവേശന മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുന്ന പട്ടിക പ്രസിദ്ധീകരിക്കണമെന്നു സമിതി നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാലയില്‍ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ കാറ്റഗറി ലിസ്റ്റുകളെല്ലാം വെബ്‌സൈറ്റിലുണ്ടാവണം. അപേക്ഷയിലെ തെറ്റുതിരുത്താന്‍ കഴിയാത്തവര്‍ക്ക് 24ന് വൈകീട്ട് അഞ്ചുമണി വരെ അവസരം നല്‍കണം. ഇതിനകം പ്രവേശനം നേടിയവരേക്കാള്‍ ഉയര്‍ന്ന റാങ്കുള്ള പരാതിക്കാര്‍ക്കു പ്രവേശനം നല്‍കണം. പുതുതായി പ്രവേശനം നേടുന്നവരെയും കൂടി ഉള്‍പ്പെടുത്തി പട്ടിക പുനപ്രസിദ്ധീകരിക്കണം.
കൊല്ലം ട്രാവന്‍കൂര്‍ കോളജ് വെബ്‌സൈറ്റില്‍ കാറ്റഗറി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നു കണ്ടെത്തി. പരാതിക്കാരായ 27 പേരില്‍ 14 പേര്‍ മാത്രമാണു യോഗ്യരായ അപേക്ഷകരുടെ പട്ടികയിലുള്ളത്. നാളെ വൈകീട്ട് അഞ്ചിന് മുമ്പ് മറ്റുള്ളവര്‍ക്ക് അപേക്ഷയിലെ പിശക് തിരുത്താന്‍ അവസരം നല്‍കണം. അല്ലാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും സമിതി മുന്നറിയിപ്പു നല്‍കി. പാലക്കാട് പി കെ ദാസ് മെഡിക്കല്‍ കോളജിനും തള്ളിയ അപേക്ഷ വീണ്ടും പരിഗണിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ നാളെ ഉച്ചയ്ക്ക് ഒരുമണിവരെ സമയം നല്‍കാനും കമ്മിറ്റി നിര്‍ദേശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക