|    Oct 24 Wed, 2018 2:24 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Published : 20th September 2017 | Posted By: fsq

 

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്ത മെഡിക്കല്‍ കോളജിലെ എംബിബിഎസ് സീറ്റിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട, മലപ്പുറം സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് പ്രവേശനം ലഭിച്ചതായുള്ള രേഖകളുമായി  മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിനെത്തിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞത്. മെഡിക്കല്‍കോളജിന്റെ വ്യാജ ലെറ്റര്‍ ഹെഡ് ഉപയോഗിച്ചാണ് അപേക്ഷകരെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയതെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. സീറ്റ് ഒഴിവുണ്ടോയെന്നു ചോദിച്ച് രണ്ടു അപേക്ഷകര്‍ രണ്ടു ദിവസം മുമ്പ് മെഡിക്കല്‍ കോളജിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സംശയം തോന്നിയ കോളജ് അധികൃതര്‍ പോലിസിനേയും ഡിഎംഇക്കും പരാതി നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം കശ്മീരിലെ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്ത എംബിബിഎസ് സീറ്റിന്റെ പേരിലാണ് പലരില്‍ നിന്നായി പണം തട്ടിയത്. ഈ മാസം 13ന് സീറ്റ് ഒഴിവുണ്ടെന്ന് വിവരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിനെ രേഖാമൂലം അറിയിച്ചിരുന്നു. സീറ്റൊഴിവ് സംബന്ധിച്ച് വിവരമറിയിച്ചതിന്റെ രണ്ടാം ദിവസം മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥി താന്‍ മൂന്നു ലക്ഷം രൂപ ഫീസടച്ച് പ്രവേശനം നേടിയെന്ന് അവകാശപ്പെട്ട് മെഡിക്കല്‍കോളജിലെത്തി. മെഡിക്കല്‍ കോളജ് അധികൃതര്‍ കാര്യം പറഞ്ഞ്  ബോധ്യപ്പെടുത്തിയതോടെ പരാതി നല്‍കാന്‍ പോലും നില്‍ക്കാതെ വിദ്യാര്‍ഥി മടങ്ങിപ്പോവുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ ഒരു വിദ്യാര്‍ഥി  പണം നഷ്ടമായെന്ന് കാണിച്ച് രംഗത്തെത്തിയതോടെയാണ് തട്ടിപ്പ് കൂടുതല്‍ പുറത്തായത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഉത്തരേന്ത്യയിലെ ഒരു ശാഖയിലെ അക്കൗണ്ടിലേക്ക് എട്ടുലക്ഷം രൂപ അടച്ചതായാണ് ഈ വിദ്യാര്‍ഥി മെഡിക്കല്‍കോളജ് അധികൃതരോട് പറഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 55,000 രൂപ നേരിട്ട് അടച്ച് പ്രവേശനത്തിനെത്താനാണ് അപേക്ഷാര്‍ഥികളോട് തട്ടിപ്പ് നടത്തിയവര്‍ നിര്‍ദേശിച്ചത്. മെഡിക്കല്‍ കോളജിന്റെ വ്യാജ ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കിയ പ്രവേശന ഉത്തരവും ഇവരില്‍ നിന്നു കണ്ടെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss