|    Oct 16 Tue, 2018 4:32 pm
FLASH NEWS

മെഡിക്കല്‍ കോളജില്‍ മോഷണവും അനധികൃത താമസവും വര്‍ധിക്കുന്നു

Published : 9th September 2017 | Posted By: fsq

 

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡുകളില്‍ രോഗി സന്ദര്‍ശനത്തിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും മോഷ്ടാക്കളുടെയും അനധികൃത താമസക്കാരുടെയും എണ്ണം വര്‍ധിക്കുന്നു. ഓണനാളുകള്‍ക്കു മുമ്പും ഈ ദിവസങ്ങളിലും വാര്‍ഡുകളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടാവുന്ന തരത്തിലുള്ള മോഷണങ്ങള്‍ നടന്നു. കൂടുതലും മൊബൈല്‍ ഫോണുകളാണു മോഷണം പോയത്. പരാതി നല്‍കിയിട്ടും ഫോണ്‍ തിരികെ കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ ജൂലൈ മുതലാണ് വാര്‍ഡ് സന്ദര്‍ശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് 12 മുതല്‍ അഞ്ചുവരെ പാസ് എടുത്ത് വാര്‍ഡുകളില്‍ പ്രവേശിച്ചിരുന്നത് ഒന്നു മുതല്‍ വൈകീട്ട് നാലുവരെയാക്കി. നാലു മുതല്‍ ഏഴുവരെ ഫീസില്ലാതെയും സന്ദര്‍ശിക്കാം. മുമ്പ് രാത്രി ഏഴു കഴിഞ്ഞാല്‍ രോഗി സന്ദര്‍ശനത്തിന് വാര്‍ഡില്‍ പ്രവേശിക്കുവാന്‍ അഞ്ചുരൂപ കൊടുത്ത് പാസ് എടുത്താന്‍ മതിയായിരുന്നു.ഇപ്പോള്‍ ഏഴു കഴിഞ്ഞാല്‍ ഒരു കാരണവശാലും സന്ദര്‍ശനം അനുവദിക്കില്ല. അതിനാല്‍ രാത്രി കാലങ്ങളില്‍ പലപ്പോഴും സുരക്ഷ ജീവനക്കാരുമായി വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടാകാറുണ്ട്. രാത്രി കാലങ്ങളില്‍ വാര്‍ഡുകളിലേക്ക് കടക്കണമെങ്കില്‍ രോഗി ഗുരുതരമാണെന്ന ഡോക്ടറുടെ കുറിപ്പുണ്ടെങ്കില്‍ മാത്രമേ ഒന്നില്‍ കൂടുതല്‍ ആളുകളെ അകത്തേക്കു പ്രവേശിപ്പിക്കുകയുള്ളൂ. ഇതാണ് പലപ്പോഴും സംഘര്‍ഷത്തിനു കാരണമാവുന്നത്. എന്നാല്‍ വാര്‍ഡില്‍ പ്രവേശിക്കപ്പെടുന്ന രോഗിയുടെ കൂട്ടിരുപ്പുകാര്‍ക്കു രണ്ടുതരം പാസാണ് ഇപ്പോള്‍ നല്‍കുന്നത്. ഒന്നു ഭക്ഷണ സമയത്ത് പോവാനും മറ്റൊന്ന് മറ്റ് ആവശ്യത്തിനു വാര്‍ഡില്‍ നിന്നു പുറത്തുപോവാനും. വാര്‍ഡില്‍ നിന്ന് പുറത്തേക്കു പോവുമ്പോള്‍ കവാടത്തില്‍ ഡ്യൂട്ടിയുള്ള സുരക്ഷ ഉദ്യോഗസ്ഥന്റെ കൈവശം സ്‌റ്റേ പാസ് നല്‍കണം. പകരം നല്‍കുന്ന ടോക്കണുമായി പുറത്തുപോയി വരുമ്പോള്‍ ടോക്കണ്‍ തിരിക നല്‍കുമ്പോള്‍ സ്‌റ്റേ പാസ് നല്‍കും. പക്ഷേ പുറത്തേക്കു പോവുന്ന രോഗിയുടെ ബന്ധു ആയിരിക്കില്ല പിന്നീട് അകത്തേക്കു പ്രവേശിക്കുന്നത്. രോഗിയെ സന്ദര്‍ശിക്കാനെത്തിയവരായിരിക്കും. അതിനാല്‍ രോഗി സന്ദര്‍ശന പാസ് ഇനത്തില്‍ ആശുപത്രിക്കു കിട്ടുന്ന വരുമാനം കുറയുകയും ചെയ്തു. വൈകീട്ട് നാലു മുതല്‍ ഏഴുവരെ ഫീസില്ലാതെയുള്ള സന്ദര്‍ശന സമയത്താണ് മോഷ്ടാക്കളും അനധികൃത താമസകാരും വാര്‍ഡുകളില്‍ പ്രവേശിക്കുന്നത്. ഇവര്‍ പിന്നീട് പുറത്തുപോവാതെ വാര്‍ഡുകളില്‍ തങ്ങും. സ്ത്രീകളുടെ വാര്‍ഡുകളില്‍ രാത്രി ഒമ്പതിനു ശേഷം പുരുഷന്മാര്‍ക്കു പ്രവേശനം ഇല്ലാത്തതിനാല്‍ സ്ത്രീരോഗികളുടെ കൂട്ടിരുപ്പുകാരായ പുരുഷന്മാരും മറ്റ് ജനറല്‍ വാര്‍ഡുകളിലാണ് രാത്രി സമയങ്ങളില്‍ ചെലവഴിക്കുന്നത്.പുരുഷന്മാരുടെ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അസ്ഥിരോഗ വിഭാഗം എന്നീ വാര്‍ഡുകളില്‍ മുന്‍കാലത്തെപ്പോലെയാണ് ഇപ്പോഴും തിരക്ക്.  നിയന്ത്രണം നടപ്പാക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍, സന്ദര്‍ശനക്കാരുടെ അസഭ്യവാക്കുകളും മദ്ദനങ്ങളും അനുഭവിക്കുന്നതല്ലാതെ ഈ പരിഷ്‌കാരം കൊണ്ട് കൂടുതല്‍ മെച്ചമുണ്ടാവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭിപ്രായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss