|    May 27 Sat, 2017 3:38 pm
FLASH NEWS

മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെത്തിയ യുവതിയെ അപമാനിച്ചെന്ന് ആരോപണം

Published : 22nd July 2016 | Posted By: SMR

ഇ രാജന്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃ ശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിനെത്തിയ യുവതിയെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന ആരോപണത്തില്‍ ഗൈനക്കോളജി വിഭാഗം മേധാവി ഇന്ന് ആശുപത്രി സൂപ്രണ്ടിന് റിപോര്‍ട് സമര്‍പ്പിക്കും.
അന്വേഷണ റിപോര്‍ട്ട് കിട്ടിയതിനു ശേഷം കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു സൂപ്രണ്ട് ഡോ. മോഹന്‍കുമാര്‍ വ്യക്തമാക്കി.
ആരോപണ വിധേയരായ ലേബര്‍ റൂമിലെ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ഗൈനക്കോളജി വിഭാഗം മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപോര്‍ടാണ് ഇന്ന് സമര്‍പ്പിക്കുക. ഈ മാസം 15ന് വൈകീട്ട് അടിവാരം വള്ളിയോട് സ്വദേശിനിയായ യുവതിയെ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവത്തിന് പ്രവേശിപ്പിച്ചിരുന്നു.യുവതിയുടേത് എട്ടാമത്തെ പ്രസവമായിരുന്നു.
അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയോട് കുട്ടികള്‍ എത്രയുണ്ടെന്നു ചോദ്യത്തിന് ആറുപേര്‍ എന്നു മറുപടി പറഞ്ഞു. ഇവരുടെ ആറു മക്കളും പെണ്‍ മക്കളാണ്. ഏഴാമത്തെ ആണ്‍കുട്ടി പ്ലസ്ടു വിദ്യാര്‍ഥിയായിരിക്കെ അപകടത്തില്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഒരു ആണ്‍കുട്ടിക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു തങ്ങളെന്നും അതിനാലാണ് പ്രസവം നിര്‍ത്താതിരുന്നതന്നും ദമ്പതികള്‍ പറഞ്ഞു. എട്ടാമത്തെ പ്രസവത്തിനു എത്തിയതാണ് ലേബര്‍ റൂമിലെ ഡോക്ടര്‍മാരെയും ജീവനക്കാരേയും പ്രകോപിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.
യുവതിയുടെ ഗര്‍ഭാശയം നീക്കം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നുണ്ട്. ആറു മക്കളുണ്ടെന്നു പറഞ്ഞതു മുതല്‍ അവഹേളനം തുടങ്ങിയെന്നാണ് യുവതിയും ഭര്‍ത്താവും പറയുന്നത്.
ലേബര്‍ റൂമിലേക്കു മാറ്റിയതോടെ പരിഹാസവും ഭീഷണിയും വര്‍ധിച്ചു. 18നു ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് യുവതിയും ഭര്‍ത്താവും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനും ആര്‍എംഒവിനും പരാതി നല്‍കിയത്. ഇപ്പോഴത്തെ പ്രസവത്തില്‍ ദമ്പതികള്‍ക്ക് പിറന്നത് ആണ്‍കുട്ടിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day