|    Nov 16 Fri, 2018 11:26 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ക്ഷാമം: 100ല്‍ അധികം ശസ്ത്രക്രിയകള്‍ മാറ്റി

Published : 19th August 2018 | Posted By: kasim kzm

ആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ വിവിധ വിഭാഗങ്ങളിലായി 100ല്‍ അധികം ശസ്ത്രക്രിയകള്‍ മാറ്റിവച്ചു.ഹൃദയ ശസ്ത്രക്രിയ വിഭാഗം, പീഡിയാട്രിക് സര്‍ജറി, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, അസ്ഥിരോഗം തുടങ്ങിയ വിഭാഗങ്ങളില്‍ മുന്‍കൂട്ടി തിയ്യതി നിശ്ചയിച്ചിരുന്ന 100 ല്‍ അധികം ശസ്ത്രക്രിയകളാണ് ഓക്‌സിജന്റെ കുറവ് മൂലം മാറ്റിവയ്ക്കപ്പെട്ടത്.
എന്നാല്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ആന്‍ജീയോ ഗ്രാം ചെയ്യുന്നതിന് ഓക്‌സിജന്‍ ആവശ്യമില്ലാത്തതിനാല്‍ ഇവിടെ ഓക്‌സിജന്റെ ക്ഷാമം അത്ര വലിയ പ്രശ്‌നമായിട്ടില്ലെന്ന് ഈ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പറയുന്നു. ലിക്വിഡ് ഓക്‌സിജനാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൂടുതലായി ഉപയോഗിക്കുന്നത്. പ്രകൃതി ദുരന്തം മൂലമുണ്ടായ റോഡ് തടസ്സങ്ങളെ തുടര്‍ന്ന് ഓക്‌സിജന്‍ സിലണ്ടറുമായി വാഹനത്തിന് ആശുപത്രിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല.
വെള്ളിയാഴ്ച വൈകീ്ട്ട് കോട്ടയം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ചില സ്വകാര്യ ഏജന്‍സികള്‍ പൂഴ്ത്തിവച്ചിരുന്ന നിരവധി സിലണ്ടറുകള്‍ പിടിച്ചെടുത്തു മെഡിക്കല്‍ കോളജിന് കൈമാറിയിരിന്നു.മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഓക്‌സിജന്‍ സിലണ്ടര്‍ നല്‍കി യിരുന്ന പൂവന്‍തുരുത്തുള്ള സ്വകാര്യ ഏജന്‍സി പോലും സിലണ്ടര്‍ നല്‍കിയില്ല. തുടര്‍ന്നായിരുന്നു ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സിലണ്ടര്‍ പിടിച്ചെടുത്തത്.
ഇതിനിടയില്‍ ഇന്നലെ ഒരു ലോറി ലിക്വിഡ് ഓക്‌സിജന്‍ മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഒരു ലോറി ഓക്‌സിജന്‍ സിലണ്ടര്‍ എത്തിയിരിന്നു.
ഇതു വാര്‍ഡുകളില്‍ കഴിയുന്ന രോഗികള്‍ക്ക് അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കുവാനും തീവ്രപരിചരണ വിഭാഗത്തിലേക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിദുരന്തം മൂലമുണ്ടായ ഗതാഗത തടസ്സം നീക്കിയെങ്കില്‍ മാത്രമേ യഥാസമയം ഓക്‌സിജന്‍ വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ എത്തിച്ചേരുകയുള്ളൂ. എന്നാല്‍ തല്‍ക്കാലം പ്രതിസന്ധി രുക്ഷമാകാതെ ദൈനംദിന പ്രവര്‍ത്തനം സുഗമമായി പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനം സജ്ജികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss